വാഷിംഗ്ടണ്‍ : വെറും എട്ടു ദിവസംകൊണ്ട് തീരുമായിരുന്ന ഒരു ദൗത്യവുമായാണ് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും അന...
വാഷിംഗ്ടണ്‍ : വെറും എട്ടു ദിവസംകൊണ്ട് തീരുമായിരുന്ന ഒരു ദൗത്യവുമായാണ് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തി(ഐഎസ്എസ്)ലെത്തിയത്. എന്നാല്‍ കാര്യങ്ങള്‍ മുമ്പ് പ്ലാന്‍ ചെയ്തതുപോലെയല്ല നടന്നത്.
ബോയിങ്ങിന്റെ പേടകം സ്റ്റാര്‍ലൈനിന്റെ പരീക്ഷണാര്‍ഥം ബഹിരാകാശ നിലയത്തിലേക്കുപോയ സുനിതയും വില്‍മോറും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഭൂമിയിലേക്കു മടങ്ങുന്നത് വൈകുകയും 286 ദിവസം അവിടെ താമസിക്കേണ്ടി വരികയും ചെയ്തു.
സുനിതയേയും സംഘത്തെയും മടക്കിക്കൊണ്ടുവരാനും നാലു സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിക്കാനുമായി ക്രൂ 10 ദൗത്യവുമായി ശനിയാഴ്ചയാണ് സ്‌പേസ് എക്‌സിന്റെയും നാസയുടേയും സഹകരണത്തോടെ മറ്റൊരു പേടകം ഐഎസ്എസിലേക്ക് കുതിച്ചത്. ഇതിലാണ് സുനിത ഉള്‍പ്പെടുന്ന ക്രൂ -9 സംഘം തിരിച്ചെത്തുക.
നാളെ രാവിലെ എട്ടേ കാലോടെ നാല് യാത്രികരും കയറിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിന്റെ വാതിലുകള്‍ അടയും. തുടര്‍ന്ന് 10.35ഓടെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെടും. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം 19ന് പുലര്‍ച്ചെ 3:27ഓടെയാകും പേടകം ഭൂമിയിലിറങ്ങുക. ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് കടലിലാണ് ഡ്രാഗണ്‍ പേടകം ഇറങ്ങുന്നത്.
ഏറ്റവും കുടുതല്‍ ദിവസങ്ങള്‍ ബഹിരാകാശത്ത് തങ്ങിയതാര് ?
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഒരു യാത്രയില്‍ ഏറ്റവും കൂടുതല്‍ ദിവസം തങ്ങിയത് രണ്ട് റഷ്യന്‍ സഞ്ചാരികളാണ്. 2023 സെപ്റ്റംബര്‍ 15ന് സോയുസ് എംസ് 24 പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ ഒലെഗ് കൊണോനെങ്കോ, നിക്കോളായ് ചബ് എന്നിവര്‍ 2024 സെപ്റ്റംബര്‍ 23നാണ് തിരിച്ചെത്തിയത്. ഇവര്‍ ബഹിരാകാശ നിലയത്തില്‍ തങ്ങിയത് 373 ദിവസം. നാസയുടെ ബഹിരാകാശയാത്രികര്‍ക്കിടയില്‍ ഒരൊറ്റ യാത്രയില്‍തന്നെ 371 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ഫ്രാങ്ക് റൂബിയോയാണ് ഒന്നാമത്. എന്നാല്‍, ഒരു ബഹിരാകാശ നിലയത്തില്‍ ഒരൊറ്റ യാത്രയില്‍ കൂടുതല്‍ ദിവസം തങ്ങിയ റെക്കോര്‍ഡ് 437 ദിവസം ചെലവഴിച്ച റഷ്യന്‍ യാത്രികന്‍ വലേരി പോളിയാക്കോവിന്റെ പേരിലാണ്.
ബഹിരാകാശ നിലയത്തില്‍ മുന്‍പ് രണ്ടു തവണ താമസിച്ചതിന്റെ അടിസ്ഥാനത്തില്‍ മൊത്തത്തില്‍ ഏകദേശം 606 ദിവസം ബഹിരാകാശത്തു ചെലവഴിച്ച്, യുഎസ് ബഹിരാകാശയാത്രികരുടെ പട്ടികയില്‍ സുനിത വില്യംസ് രണ്ടാം സ്ഥാനത്തെത്തി. മുന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സന്‍ മാത്രമാണ് ഇതിനേക്കാള്‍ കൂടുതല്‍ സമയം ബഹിരാകാശ നിലയത്തില്‍ തങ്ങിയിട്ടുള്ളത്. നാലു യാത്രകളിലായി പെഗ്ഗി വിറ്റ്‌സന്‍ 675 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത്.
Key Words: Space, Sunita Williams, Astronaut, NASA
COMMENTS