സ്വന്തം ലേഖകന്‍ കൊച്ചി: ബ്ലാക്മെയിലിങ്ങും പണപ്പിരിവും ലക്ഷ്യമിട്ടുള്ള തട്ടിക്കൂട്ട് വെബ് സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും പ്രവര്‍ത്തനം ...
സ്വന്തം ലേഖകന്‍
കൊച്ചി: ബ്ലാക്മെയിലിങ്ങും പണപ്പിരിവും ലക്ഷ്യമിട്ടുള്ള തട്ടിക്കൂട്ട് വെബ് സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കോം ഇന്ത്യ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള, വൈഗന്യൂസ്.കോം ഉള്‍പ്പെടെയുള്ള, ന്യൂസ് പോര്‍ട്ടലുകളുടെ സംഘടനയാണ് കോം ഇന്ത്യ.
നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ക്രമനമാധാന ചുമതലയുള്ള എഡിജിപിക്കും സംഘടന പരാതി നല്‍കി. വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും തട്ടിപ്പിനുമെതിരെ കര്‍ശനമായ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവില്‍ വ്യാപകമായ ബ്ലാക്‌മെയിലിങ്ങും പണപ്പിരിവും തട്ടിപ്പുകളും നടക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്ന് കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്‌സ് ബോഡിയായ കോം ഇന്ത്യ പരാതിയില്‍ പറയുന്നു.
ഇന്റലിജന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വഴി അന്വേഷണം നടത്തി വ്യാജന്‍മാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ വ്യവസ്ഥാപിതമായ രീതിയില്‍ അന്തസ്സായി പ്രവര്‍ത്തിക്കുന്ന സ്ഥാപനനങ്ങള്‍ക്ക് പോലും മാനക്കേട് ഉണ്ടാക്കുന്ന വിധമാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്നും ഇത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
യാതൊരു പ്രതിബദ്ധതയും മാധ്യമപ്രവര്‍ത്തന പാരമ്പര്യവും ഇല്ലാതെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം പല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിന്നിലും ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്നാണ് സംശയിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
ഇവരില്‍ മിക്കവര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ അക്കാദമിക് പരിഞ്ജ്ജാനമോ പ്രവര്‍ത്തന പരിചയമോ ഇല്ല. പലരും വെബ്‌സൈറ്റ് പോലുമില്ലാതെ ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്ത നല്‍കിയാണ് മാധ്യമങ്ങളെന്നപേരില്‍ തട്ടിപ്പ് നടത്തുന്നത്.
വ്യവസായികള്‍, സംരംഭകര്‍, രാഷ്ട്രീയ നേതാക്കള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവരെ അവരുടെ ഏതെങ്കിലും ന്യൂനത ചൂണ്ടിക്കാട്ടി സമീപിക്കുകയും അതിന്റെ പേരില്‍ ലക്ഷങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നതായി വ്യാപക ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.
ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപാടുകളോ, നിയമപ്രശ്‌നങ്ങളില്‍ അകപ്പെടുമെന്ന ഭയമോ കാരണം പലരും ഇവരുടെ കെണിയില്‍ വീഴുന്നുണ്ട്. മാധ്യമപ്രവര്‍ത്തന രംഗത്ത് ഒരു മുന്‍ പരിചയവും ഇല്ലാതെയാണ് ഇവയില്‍ ബഹുഭൂരിപക്ഷം മീഡിയകളും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് നാമമാത്ര വായനക്കാര്‍ പോലുമില്ലെങ്കിലും ലക്ഷക്കണക്കിനു വായനക്കാരുണ്ടെന്നാണ് ഇവര്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നത്.
ഇത്തരം മാധ്യമങ്ങളില്‍ ചിലര്‍ ഒത്തുകൂടി ചില അസോസിയേഷനുകള്‍ രൂപീകരിച്ച് അതിന്റെ പേരിലും കൂട്ടായ പണപ്പിരിവുകള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ വര്‍ഷങ്ങളായി ഇത്തരം ബ്ലാക്‌മെയിലിങ്ങിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നത് അന്വേഷിച്ചാല്‍ ബോധ്യമാകുന്നതാണെന്നും കോം ഇന്ത്യയ്ക്കുവേണ്ടി പ്രസിഡന്റ് സാജ് കുര്യന്‍, സെക്രട്ടറി കെകെ ശ്രീജിത് എന്നിവര്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഇതുമൂലം സംസ്ഥാനത്ത് വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് വായനക്കാരുള്ള ഓണ്‍ലൈന്‍ മീഡിയകള്‍ക്കുപോലും മാനക്കേടുണ്ടാക്കുന്നതായും പരാതിയില്‍ പറയുന്നു.
മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പരാതികള്‍കൂടി ശേഖരിച്ച് ഇവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പൂര്‍വകാല ചരിത്രം ഉള്‍പ്പെടെ പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുകയും ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ചെയ്യണമെന്ന് കോം ഇന്ത്യ ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയ സംവിധാനം ഉപയോഗിച്ച് നവമാധ്യമ പ്രവര്‍ത്തകരെന്ന ലേബല്‍ സ്വയം ചാര്‍ത്തി തട്ടിപ്പ് കേന്ദ്രങ്ങളായി പലരും പ്രവര്‍ത്തിക്കുന്നു. വ്ളോഗര്‍ എന്ന പേരിന്റെ പരിധിയില്‍ നിന്ന് മീഡിയ എന്ന വിശേഷണം സ്വയം ചാര്‍ത്തിയെടുക്കുയാണ് ഇവര്‍.
തട്ടിപ്പ് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുംവരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കോം ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. ഫെബ്രുവരി 20 നു കൊച്ചിയില്‍ ചേര്‍ന്ന കോം ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് നവമാധ്യമ ലോകത്തെ നിര്‍ണായകമായ ഇടപെടലിന് തീരുമാനം കൈക്കൊണ്ടത്.
Summary: Com India demanded action to curb the activities of scam websites and YouTube channels aimed at blackmailing and extorting money. Com India is an association of news portals, including Vaynews.com, recognized by the Central Government.
COMMENTS