ആലപ്പുഴ : യു പ്രതിഭ എം എൽ എയുടെ മകനെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം കുട്ടനാട് എക്സൈസ് റേഞ്ചിൽ നിന്ന് എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡ...
ആലപ്പുഴ : യു പ്രതിഭ എം എൽ എയുടെ മകനെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം കുട്ടനാട് എക്സൈസ് റേഞ്ചിൽ നിന്ന് എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡിലേക്ക് മാറ്റി. മകനെതിരെ എക്സൈസ് വ്യാജമായാണ് കേസെടുത്തതെന്ന് യു പ്രതിഭ എംഎൽഎ പരാതി നൽകിയിരുന്നു. ആരോപണ വിധേയരായ കുട്ടനാട് റേഞ്ച് ഉദ്യോഗസ്ഥർ തന്നെ കേസന്വേഷിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് കേസന്വേഷണം സ്പെഷ്യൽ സ്ക്വാഡിലേക്ക് മാറ്റിയതെന്നാണ് എക്സൈസിന്റെ വിശദീകരണം.
യു പ്രതിഭ എം എൽ എയുടെ മകനെതിരായ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തു മൂന്നു മാസം പൂർത്തിയാകാനിരിക്കെയാണ് അന്വേഷണ സംഘത്തെ മാറ്റുന്നത്. കേസിൽ ആറു മാസത്തിനകം കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്.
മകനെതിരെ ഉള്ളത് വ്യാജ കേസാണെന്ന് ആരോപിച്ച് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക്നായിരുന്നു അന്വേഷണ ചുമതല.
ഡിസംബർ 28 നായിരുന്നു തകഴി പാലത്തിന് സമീപത്തുനിന്ന് യു പ്രതിഭ എംഎ ൽ എയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപതംഗ സംഘത്തെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. ഇവരെ ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ ആരോപണങ്ങളുമായി യു പ്രതിഭ എം എൽ എ രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയായിരുന്നു.
Key Words : Ganja Case, U Pratibha MLA, Excise Narcotics Special Squad
COMMENTS