തിരുവനന്തപുരം : ഫെബ്രുവരി 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയ സമരം ഇന്ന് നിരാഹാരത്തിലേക്ക് കടന്നു. സമരം നാല്‍...
തിരുവനന്തപുരം : ഫെബ്രുവരി 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയ സമരം ഇന്ന് നിരാഹാരത്തിലേക്ക് കടന്നു. സമരം നാല്‍പതു ദിവസത്തോട് അടുക്കുമ്പോഴാണ് മൂന്നാം ഘട്ടമായ നിരാഹാരസമരത്തിലേക്കു പ്രതീക്ഷയറ്റ ആശമാര്‍ കടക്കുന്നത്. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പിന്തുണയുമായി സമരപ്പന്തലില്‍ എത്തിയിരുന്നു.
ഇന്നലെ മന്ത്രി വീണാ ജോര്‍ജുമായും എന്‍എച്ച്എം ഡയറക്ടറുമായും നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് സമരം ശക്തമാക്കാന്‍ ആശമാര്‍ തീരുമാനിച്ചത്. ഇന്നു രാവിലെ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് നിരാഹാരസമരം ആരംഭിച്ചത്. ഡോ. കെ.ജി. താര നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.
ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ അനുവദിക്കണമെന്നും ആശമാരുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കം ആശമാര്‍ ഉള്‍ക്കൊള്ളണമെന്നാണ് ദേശീയ ഹെല്‍ത്ത് മിഷന്റെ (എന്‍എച്ച്എം) സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ.വിനയ് ഗോയല്‍ മറുപടി നല്‍കിയത്.
വീണാ ജോര്‍ജുമായും ആശമാര്‍ ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. സാമ്പത്തിക നില മെച്ചപ്പെടുമ്പോള്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഇപ്പോള്‍ സമരം അവസാനിപ്പിക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. അതിനിടെ ആശാ പ്രവര്‍ത്തകരുടേതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ഇന്ന് ഡല്‍ഹിയിലെത്തി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാന്‍ ശ്രമിച്ച വീണാ ജോര്‍ജ്ജിന് അതിന് കഴിഞ്ഞിട്ടില്ല.
കൂടിക്കാഴ്ചയ്ക്കു സമയം ലഭിക്കുകയാണെങ്കില്‍ ഇന്നു തന്നെ കാണുമെന്നും അല്ലെങ്കില്‍ മറ്റൊരു ദിവസം അദ്ദേഹത്തെ കാണുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആശമാരുടെ ഓണറേറിയം വര്‍ധന, എയിംസ് കേരളത്തിന് ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങള്‍ സംസാരിക്കുന്നതിനു വേണ്ടിയാണ് വീണ കേന്ദ ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ കാണുന്നത്.
Key Words: Asha Workers, Strike
COMMENTS