വാഷിംഗ്ടണ്‍ : രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ ഉപരോധിക്കുന്നതിനുള്ള എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ...
വാഷിംഗ്ടണ്‍ : രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ ഉപരോധിക്കുന്നതിനുള്ള എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെയും ഇസ്രയേല്‍പോലുള്ള സഖ്യകക്ഷികളെയും ലക്ഷ്യമിടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം.
യു.എസ്. പൗരന്‍മാര്‍ക്കോ സഖ്യകക്ഷികള്‍ക്കോ നേരേയുള്ള കേസുകളില്‍ രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക-വിസ ഉപരോധങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ വര്‍ഷം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് രാജ്യാന്തര കോടതിയെ ശിക്ഷിക്കാനുള്ള ട്രംപിന്റെ ശ്രമമാണിതെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. 2023 ഒക്ടോബര്‍ 7-ലെ ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടികള്‍ക്ക് യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി നെതന്യാഹുവിനെയും ഗാലന്റിനെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ഐസിസി വാറണ്ട് പുറപ്പെടുവിച്ചത്. യഹ്യ സിന്‍വാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഹമാസ് നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ ഐസിസി ആവശ്യപ്പെട്ടു. എന്നാല്‍, യഹ്യ സിന്‍വാര്‍ പിന്നീട് കൊല്ലപ്പെട്ടു.
നെതന്യാഹുവിനെ ലക്ഷ്യം വച്ചുള്ള ഐസിസിയുടെ നടപടി കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍മാരില്‍ നിന്നും ഡെമോക്രാറ്റുകളില്‍ നിന്നും പ്രതിഷേധത്തിന് കാരണമായി. യുഎസിലെ ഒരു ഉന്നത സഖ്യകക്ഷിയുടെ നേതാവും ഒരു ഭീകര സംഘടനയുടെ നേതാവും തമ്മിലുള്ള തുല്യതയാണ് വാറണ്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. യുഎസോ ഇസ്രായേലോ ഐസിസിയില്‍ കക്ഷിയല്ല.
Key Words : Donald Trump, Executive Order, International Criminal Court
COMMENTS