തിരുവനന്തപുരം : കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളില്‍ കൂടുതല്‍ ആനുക...
തിരുവനന്തപുരം : കേന്ദ്ര ബജറ്റ് അങ്ങേയറ്റം നിരാശാജനകമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രാഷ്ട്രീയമായി താത്പര്യമുള്ളയിടങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയെന്നും കേരളത്തിന് ന്യായമായ പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റ് പൊളിറ്റിക്കല്‍ ഗിമ്മിക്ക് മാത്രമാണ്.
സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ദാലും മഖാനയും നല്‍കാന്‍ പറയുമോ എന്നറിയില്ലെന്നും ധനമന്ത്രി പരിഹസിച്ചു. ഇവിടെ ചോറും കറികളും ആണ് ആവശ്യം. എല്ലാ സംസ്ഥാനങ്ങളെയും ഒരു പോലെ പരിഗണിച്ചില്ല.
'കേരള ഫ്രണ്ട്‌ലി ബജറ്റെ'ന്ന ബിജെപി വാദത്തിനാണ് ധനമന്ത്രി മറുപടി പറഞ്ഞത്. മുറിവില്‍ ഉപ്പ് തേയ്ക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും കെ എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചു. കണക്കുകളാണ് രാഷ്ട്രീയമല്ല സംസാരിക്കുന്നത്. വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതകര്‍ക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല.
വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ ജനസംഖ്യ അടിസ്ഥാനത്തില്‍ 73,000 കോടിയോളം രൂപയാണ് കഴിഞ്ഞ വര്‍ഷം കേരളത്തിന് കിട്ടേണ്ടത്.
എന്നാല്‍ കിട്ടിയത് 32,000 കോടിയോളം മാത്രമാണ്. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. കണക്ക് നോക്കിയാല്‍ 14,258 കോടി അധികം ഇത്തവണ കിട്ടേണ്ടതാണ്. ബജറ്റിന്റെ പൊതുവര്‍ദ്ധനവില്‍ കാര്‍ഷിക മേഖലയിലെ സബ്‌സിഡി കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ തുകയിലും വര്‍ദ്ധനവില്ല. കാര്‍ഷിക മേഖലയിലെ വിള ഇന്‍ഷുറന്‍സിനും തുക കുറവാണെന്നും കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.
Key Words: KN Balagopal, Budget
COMMENTS