തിരുവനന്തപുരം : ബി ജെ പിയും, ആര്‍ എസ് എസും ഫാസിസ്റ്റല്ല എന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് കരട് പ്രമേയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പി...
തിരുവനന്തപുരം : ബി ജെ പിയും, ആര്‍ എസ് എസും ഫാസിസ്റ്റല്ല എന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് കരട് പ്രമേയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ടു മറിക്കാനുള്ള അടവുനയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ തവണ ബി ജെ പി യുടെ വോട്ട് വാങ്ങിയാണ് കേരളത്തില്‍ സി പി എം തുടര്‍ഭരണം സാധ്യമാക്കിയത്. സി പി എമ്മിന് ഇന്ത്യയില്‍ വേരൊരിടത്തും അധികാരമില്ലാത്ത സ്ഥിതിയും, കേരളത്തിന്റെ സാഹചര്യങ്ങളും കണക്കിലെടുത്ത്, വരാനിരിക്കുന്ന തെരഞ്ഞടുപ്പില്‍ ബി ജെ പി വോട്ടുറപ്പിക്കുന്നതിനായാണ് ഈ കരടു പ്രമേയം ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിനു മുമ്പേ പ്രകാശ കാരാട്ട് ഇതു പറയുന്നുണ്ട്. എന്നാല്‍ യെച്ചൂരി ആ നയത്തെ എല്ലാ കാലത്തും എതിര്‍ത്തിരുന്നു. കാരാട്ടിന്റെ നിലപാട് ബി ജെ പിയുമായുള്ള അന്തര്‍ധാര ഉറപ്പിക്കുന്നതിനാണ്.
കോണ്‍ഗ്രസ് ത്രിതല പഞ്ചായ്തത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ ശക്തമാക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ സാധാരണ പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പാണ്. അവര്‍ മത്സരിക്കുന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ബാക്കിയെല്ലാം മാറ്റിവെച്ച് ഒറ്റക്കെട്ടായി ഇറങ്ങണ്ട സമയമാണ്. കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണ്. അതുകൊണ്ട് ചിലപ്പോഴൊക്കെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷേ പണ്ട് ഉണ്ടായതു പോലുള്ള പ്രശ്നങ്ങള്‍ നിലവിലില്ല. ശശി തരൂരുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കില്ല. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പിന്നീട് ഇക്കാര്യത്തില്‍ പ്രസ്താവനകള്‍ ഒന്നും നടത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കണം. - ചെന്നിത്തല പറഞ്ഞു.
Key Words: Party Congress, BJP , CPM, BJP, Ramesh Chennithala.
COMMENTS