സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയത്തിലേക്ക്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഒറ്റ അക്കത്തിലേക്ക് ഒതുക്കിയ എ.എ.പിക്ക് ഇത്തവണ വലിയ തിരിച്ചടിയേറ്റിരിക്കുകയാണ്.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സംഭവിച്ച തെറ്റുകള്‍ എന്തൊക്കെയാണെന്നു നോക്കാം.
ഭരണവിരുദ്ധത
2015ലും 2020ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ആദ്യ രണ്ട് ടേമുകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വൈദ്യുതി, വെള്ളം സബ്സിഡികള്‍ വോട്ടര്‍മാരെ സന്തോഷിപ്പിച്ചു. ദേശീയ തലസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ പച്ച പിടിക്കാതിരുന്നതു ബി.ജെ.പി നേതൃത്വത്തെ ചിന്തിപ്പിച്ചു. അതിനു വേണ്ടുന്ന പരിഹാരക്രിയകള്‍ അവര്‍ നേരത്തേ തുടങ്ങിയിരുന്നു.
മോശം വായു നിലവാരം പോലും ഡല്‍ഹിക്കാരെ അലട്ടിയ പ്രധാന പ്രശ്‌നമാണ്. അതിനൊന്നും പരിഹാരം കാണാന്‍ എഎപിക്കു കഴിഞ്ഞില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്നു പറഞ്ഞ് എ എ പി എപ്പോഴും പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. എഎപിയുടെ പത്തുവര്‍ഷത്തെ ഭരണത്തില്‍ വോട്ടര്‍മാര്‍ ഇത്തരം ആരോപണങ്ങളെ ഒഴികഴിവുകളായി കണ്ടു. കേന്ദ്രവുമായി എഎപിയുടെ നിരന്തര മത്സരങ്ങളുടെ പശ്ചാത്തലത്തില്‍, ബിജെപിയുടെ 'ഇരട്ട എഞ്ചിന്‍' വാഗ്ദാനങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചുവെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
'ശീഷ് മഹല്‍'
തിരഞ്ഞെടുപ്പിന് മുന്നോടിയായി, അരവിന്ദ് കെജ്രിവാളിനെതിരായ ബിജെപിയുടെ ആക്രമണം 'ശീഷ് മഹല്‍' കേന്ദ്രീകരിച്ചായിരുന്നു. കെജ്രിവാള്‍ അധികാരത്തിലിരുന്നപ്പോള്‍ നവീകരിച്ച മുഖ്യമന്ത്രിയുടെ വസതിയെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ച പദമാണിത്. ബി.ജെ.പിയുടെ ആരോപണത്തില്‍ വെടിമരുന്നു പകര്‍ന്നത് കംപിട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടാണ്. 7.91 കോടി രൂപയാണ് നവീകരണത്തിന്റെ പ്രാഥമിക എസ്റ്റിമേറ്റ് എന്നാണ് സിഎജി അന്വേഷണത്തില്‍ കണ്ടെത്തിയത്. 2020 ആയപ്പോള്‍ ചെലവ് 8.62 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പ് 2022-ല്‍ ജോലി പൂര്‍ത്തിയാക്കിയപ്പോഴേക്കും ചെലവ് 33.66 കോടി രൂപയായി കുതിച്ചുയര്‍ന്നു. ഇവിടെ കര്‍ട്ടനുകള്‍ക്കു മാത്രം ചെലവിട്ടത് 96 ലക്ഷം രൂപയെന്നാണ് കണക്ക്.
ബിജെപിയുടെ നിരന്തരമായ പ്രചാരണം വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് വ്യക്തമാണ്. പ്രത്യേകിച്ചും സംശുദ്ധ രാഷ്ട്രീയം എന്ന എഎപിയുടെ വാഗ്ദാനത്തിനും വിഐപി ഭാവി ഇല്ലാതാക്കുമെന്ന കെജ്രിവാളിന്റെ അവകാശവാദങ്ങള്‍ക്കും എതിരായി ശീശ് മഹല്‍ ആക്ഷേപം.
മദ്യനയം
എഎപി ഗവണ്‍മെന്റിന്റെ നിലവിലെ ഭരണം ഡല്‍ഹിയുടെ ഇപ്പോള്‍ റദ്ദാക്കിയ മദ്യനയത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങളില്‍ വലിയ കോലാഹലങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മദ്യക്കുപ്പികള്‍ക്ക് ഒന്നു വാങ്ങൂ, ഒന്ന് സൗജന്യം എന്ന പുതിയ നയം കൊണ്ടുവന്നതിന് ശേഷം അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയെ മദ്യപന്മാരുടെ നഗരമാക്കി മാറ്റുകയാണെന്ന് ബിജെപി ആരോപിച്ചു. മദ്യനയത്തിലെ ആരോപണം എഎപി സ്ഥിരമായി നിഷേധിച്ചിട്ടും നയം പിന്‍വലിച്ചിട്ടുമൊന്നും ഫലമുണ്ടായില്ല.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെ അറസ്റ്റിലേക്ക് നയിച്ചു. സിസോദിയയെ അറസ്റ്റ് ചെയ്തതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ആം ആദ്മി പാര്‍ട്ടിക്ക് മന്ത്രിസഭ പുനഃക്രമീകരിക്കേണ്ടി വരികയും ചെയ്തു. തുടര്‍ന്ന് കെജ്രിവാള്‍ അറസ്റ്റിലാവുകയും അഞ്ച് മാസത്തോളം ജയിലില്‍ കഴിയുകയും ചെയ്തു.
മുന്‍നിര നേതാക്കളുടെ അറസ്റ്റുകള്‍ എഎപിയെ മൂന്നാം ടേമിലുടനീളം ഭരണത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത സ്ഥിതിയിലെത്തിച്ചു. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ അവര്‍ക്കു വീഴ്ചയും പറ്റി. അതിന്റെയെല്ലാം വിലയാണ് ഇപ്പോള്‍ ആം ആദ്മി കൊടുക്കുന്നത്.
Summary: Two hours after the counting of votes, the BJP is on its way to a landslide victory in the Delhi assembly elections. This time it is a big setback for AAP, which united BJP in the last election.
COMMENTS