തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്‍ഡി സഖ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രതിപക്ഷം ഭരണപക്ഷത്...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്‍ഡി സഖ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ബി ടീമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കൈ - ചൂരല്‍മല പുനര്‍നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപമൂലധന വായ്പ അനുവദിച്ചത്. എന്നാല്‍ അത് കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എല്‍ ഡി എഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണ് വി ഡി സതീശനും കെ സുധാകരനും പറയുന്നത്. സംസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം കേന്ദ്രമാണെന്ന പിണറായി വിജയന്റെ വാദത്തെ പ്രതിപക്ഷം ഏറ്റുപറയുകയാണ്. കേരളത്തില്‍ യു ഡി എഫ് ഏതാ എല്‍ ഡി എഫ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. കേരളത്തിലെ പ്രതിപക്ഷത്തിന് ദിശാബോധം നഷ്ടപ്പെട്ടു. പ്രതിപക്ഷ ധര്‍മ്മം എന്നാണെന്ന് വി ഡി സതീശന് മനസിലാകുന്നില്ല.
ശശി തരൂരിന്റെ ലേഖനം മാത്രമല്ല ഭരണകക്ഷിയുടെ എല്ലാ നിലപാടുകളും യു ഡി എഫ് നേതാക്കള്‍ സ്വാഗതം ചെയ്യുകയാണ്. വസ്തുത മനസിലാക്കാതെ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ് വി ഡി സതീശന്‍ ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയിലെ തകര്‍ച്ചയ്ക്കും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയ്ക്കും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികള്‍ക്കും രണ്ടു മുന്നണികളും കാരണക്കാരാണ്. ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. വന്‍കിടക്കാരുടെ 28,000 കോടി രൂപയുടെ നികുതി കുടിശിക പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ പാവങ്ങളെ ചൂഷണം ചെയ്യുകയാണ്. എന്നാല്‍ പ്രതിപക്ഷം നിശബ്ദമാണ്. പിണറായി സര്‍ക്കാരിന്റെ വീഴ്ചകളെ എതിര്‍ക്കുന്നതിനു പകരം മോദിയെ എതിര്‍ത്താല്‍ മതി എന്ന മിഥ്യാധാരണയാണ് പ്രതിപക്ഷത്തിനുള്ളതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Key Words: Opposition, UDF, Kerala, K Surendran
COMMENTS