കൊല്‍ക്കത്ത: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹ. 28 വര്‍ഷത്തെ ക്രിക്കറ്റ് കരിയ...
കൊല്‍ക്കത്ത: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹ. 28 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഇന്ത്യന്‍ ജഴ്‌സിയിലും സംസ്ഥാനത്തിനും ജില്ലയ്ക്കും സര്‍വകലാശാലയ്ക്കും കോളജിനും സ്‌കൂളിനും വേണ്ടി ക്രിക്കറ്റ് കളിച്ചതാണ് ജീവിതത്തിലെ വലിയ ആദരമെന്ന് 40 വയസ്സുകാരനായ ബംഗാള്‍ താരം സാഹ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സരം കളിച്ചാണ് കരിയര്‍ അവസാനിപ്പിച്ചത്. 2010 ഫെബ്രുവരിയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ താരം 49 മത്സരങ്ങളാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്. അതില്‍ 40 ടെസ്റ്റുകളും ഒന്‍പത് ഏകദിന മത്സരങ്ങളും ഉള്‍പ്പെടുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനും ത്രിപുരയ്ക്കും വേണ്ടി ഫസ്റ്റ് ക്ലാസില്‍ 142 മത്സരങ്ങളും ലിസ്റ്റ് എയില്‍ 116 മത്സരങ്ങളും സാഹ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ മൂന്നു സെഞ്ചറികളും ആറ് അര്‍ധ സെഞ്ചറികളും താരം നേടി.
കരിയറിലെ എല്ലാ നേട്ടങ്ങള്‍ക്കും പാഠങ്ങള്‍ക്കും ക്രിക്കറ്റിനോടാണു കടപ്പാടെന്നും സാഹ പ്രതികരിച്ചു. ''മറക്കാനാകാത്ത വിജയങ്ങളും വിലമതിക്കാനാകാത്ത അനുഭവങ്ങളും എനിക്കു സമ്മാനിച്ചത് ക്രിക്കറ്റാണ്. അത് എന്നെ പരീക്ഷിച്ചു, പാകപ്പെടുത്തി, പാഠങ്ങള്‍ പകര്‍ന്നുതന്നു. ഉയര്‍ച്ചകളിലും താഴ്ചകളിലും വലിയ വിജയങ്ങളിലും തോല്‍വികളിലും എന്നെ ഞാനാക്കിയത് ക്രിക്കറ്റാണ്. പക്ഷേ എല്ലാം ഒരിക്കല്‍ അവസാനിപ്പിച്ചേ പറ്റൂ. ഞാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുകയാണ്. ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങാനുള്ള സമയമാണിത്. ഇനി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം എനിക്കു നഷ്ടമായ ജീവിതം ആസ്വദിക്കാനാണു തീരുമാനം.'' സാഹ കുറിച്ചു.
COMMENTS