ന്യൂഡല്‍ഹി: ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങി ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. 2013...
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ പരാജയം ഏറ്റുവാങ്ങി ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. 2013 മുതല്‍ നിലനിര്‍ത്തിവന്ന സീറ്റാണ് കെജ്രിവാളിന് ഇന്ന് നഷ്ടമായത്. അന്ന് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ആം ആദ്മി പാര്‍ട്ടിയെ ഒരു ദശാബ്ദക്കാലം ഡല്‍ഹി ഭരണത്തില്‍ നിലനിര്‍ത്തിയത്.
ഡല്‍ഹിയില്‍ 70 നിയമസഭാ സീറ്റുകളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. 699 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 13766 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരുന്നത്. ഇതില്‍ 3000 ബൂത്തുകള്‍ പ്രശ്നബാധിത ബൂത്തുകളാണ്. ഒന്നര കോടിയിലധികം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വമ്പന്‍ വിജയം നേടിയിരുന്നു. എന്നാല്‍ ഇക്കുറി സര്‍ക്കാര്‍ വലിയ അഴിമതി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാള്‍ ജയിലിലാകുകയും രാജിവെക്കുകയും ചെയ്യേണ്ടിവന്നു. ജനങ്ങളുടെ 'സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ്' ലഭിച്ചാല്‍ മാത്രമേ താന്‍ വീണ്ടും ഉന്നത സ്ഥാനത്ത് എത്തുകയുള്ളൂ എന്ന് പ്രഖ്യാപിച്ച കെജ്രിവാളിന്റെ വിധി പാര്‍ട്ടിയെ ഞെട്ടിക്കുന്നതാണ്.
പ്രധാനമന്ത്രി മോദി നയിച്ച വമ്പന്‍ റാലികളുടെയും വാക്പോരുകളുടേയും ചൂടില്‍ക്കൂടിയാണ് ഡല്‍ഹി വോട്ടെടുപ്പിന് ഒരുങ്ങിയത്. എക്‌സിറ്റ്‌പോളുകളും ബിജെപിയെ വിജയ കിരീടം ചൂടിച്ചിരുന്നു.
എന്നാല്‍ ഇന്ത്യാസഖ്യത്തില്‍ ഒരുമിച്ച് നില്‍ക്കുമ്പോഴും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കെജ്രിവാളിനെ വിമര്‍ശിച്ച് അധികാരം പിടിക്കാന്‍ കോണ്‍ഗ്രസും ശ്രമം നടത്തി. 10 വര്‍ഷത്തിനുശേഷം, തിരിച്ചുവരവ് പ്രതീക്ഷിച്ച കോണ്‍ഗ്രസ് 'സംപൂജ്യ'രായി.
Key Words: Delhi Election Result, Aravind Kejriwal, AAP
COMMENTS