കൊച്ചി : ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന് ഹൈക്കോടതിയുടെ വിമര്‍ശനം. മുന്‍ ജാമ്യവ്യ...
കൊച്ചി : ചാനല്‍ ചര്‍ച്ചയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന് ഹൈക്കോടതിയുടെ വിമര്‍ശനം. മുന്‍ ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചുവെന്നും ഇതിന് മുന്‍പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജോര്‍ജിന്റെ പരാമര്‍ശം ഗൗരവതരമാണ്. ജോര്‍ജ് ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ്. അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കോടതി ഉത്തരവുകള്‍ എല്ലാവരും ലംഘിച്ചാല്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. പി സി ജോര്‍ജ് പത്തു നാല്‍പ്പതു കൊല്ലമായി പൊതുപ്രവര്‍ത്തകനും എം എല്‍ എയുമൊക്കെ ആയിരുന്നില്ലേ? അത്തരമൊരാള്‍ എങ്ങനെയാണ് കോടതി ഉത്തരവ് ലംഘിക്കുന്നതെന്നും ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയാമെന്നും കോടതി വ്യക്തമാക്കി.
ടെലിവിഷന്‍ ചര്‍ച്ചക്കിടെ മതവിദ്വേഷ പരാമര്‍ശം അബദ്ധത്തില്‍ പറഞ്ഞു പോയതാണ് ജോര്‍ജ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. അപ്പോള്‍ തന്നെ മാപ്പും പറഞ്ഞു. മാത്രമല്ല, മുന്‍ ജാമ്യ ഉത്തരവ് ലംഘിച്ചിട്ടില്ല. പ്രസ്താവനയോ പ്രസംഗമോ നടത്തരുത് എന്നാണ് മുന്‍ ഉത്തരവില്‍ പറയുന്നത്.
ഇത് ടെലിവിഷനിലെ ഒരു ചര്‍ച്ചക്കിടെ പ്രകോപിതനായപ്പോള്‍ അബദ്ധത്തില്‍ പറഞ്ഞു പോയതാണ് എന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്.
Key Words: High Court, PC George, MLA
COMMENTS