ന്യൂഡല്‍ഹി: കാല്‍ നൂറ്റാണ്ടിന് ശേഷം ഡല്‍ഹിയെ കീഴടക്കിയ ബി ജെ പിയുടെ മുഖ്യമന്ത്രി ആരെന്ന് എന്നറിയാനാകുമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും അണി...
ന്യൂഡല്‍ഹി: കാല്‍ നൂറ്റാണ്ടിന് ശേഷം ഡല്‍ഹിയെ കീഴടക്കിയ ബി ജെ പിയുടെ മുഖ്യമന്ത്രി ആരെന്ന് എന്നറിയാനാകുമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും അണികളുടെ ചോദ്യം ഉയരുന്നു. സര്‍ക്കാര്‍ രൂപീകരണമടക്കമുള്ള ചര്‍ച്ചകള്‍ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പര്‍വേഷ് വര്‍മയുടെ പേരിനാണ് മുന്‍തൂക്കമെങ്കിലും മറ്റു നേതാക്കളും പരിഗണനയിലുണ്ട്. ബി ജെ പി ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
ഫ്രാന്‍സ് - അമേരിക്ക സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും മുന്നേ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല.
ഫെബ്രുവരി 10 മുതല്‍ 12 വരെ ഫ്രാന്‍സിലാകും മോദി. പാരീസില്‍, ലോക നേതാക്കളുടെയും രാജ്യാന്തര ടെക് സിഇഒമാരുടെയും സമ്മേളനമായ എഐ ആക്ഷന്‍ ഉച്ചകോടിയില്‍ ഇന്ത്യ സഹഅധ്യക്ഷത വഹിക്കുന്നുണ്ട്. ഇന്ത്യ-ഫ്രാന്‍സ് ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തുമെന്നും മോദി അറിയിച്ചു. തുടര്‍ന്ന് ഫ്രാന്‍സിലെ ആദ്യത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മാര്‍സെയില്‍ ഉദ്ഘാടനം ചെയ്യും. അതിനുശേഷമാകും യുഎസിലേക്ക് യാത്ര തിരിക്കുക.
പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനുശേഷം സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. പ്രധാനമന്ത്രി മടങ്ങിയെത്തിയ ശേഷം ശനിയോ, ഞായറോ ആകും സത്യപ്രതിജ്ഞയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ ഡി എയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് വന്‍ ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബി ജെ പിയുടെ തീരുമാനം.
ന്യൂ ദില്ലി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച പര്‍വേഷ് വര്‍മ്മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരിഗണനയിലുള്ളത്. ജാട്ട് വിഭാഗത്തില്‍നിന്നുള്ള വര്‍മ്മയെ മുഖ്യമന്ത്രിയാക്കിയാല്‍ ഹരിയാനയില്‍ ഒ ബി സി വിഭാഗത്തില്‍ നിന്നുള്ള നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ വിഭാഗത്തിലുണ്ടായ അതൃപ്തി മറികടക്കാനാകുമെന്നും പശ്ചിമ യു പിയിലും ഇത് നേട്ടമാകുമെന്നുമാണ് ബി ജെ പിയുടെ വിലയിരുത്തല്‍. പര്‍വേഷ് വര്‍മ്മ ഇന്ന് രാജ് നിവാസിലെത്തി ലഫ്. ഗവര്‍ണറെയും കണ്ടിരുന്നു. ഇന്നലെ അമിത് ഷായെയും കണ്ടിരുന്നു. മുതിര്‍ന്ന നേതാക്കളായ വിജേന്ദര്‍ ഗുപ്തയുടെയും സതീഷ് ഉപാധ്യായുടെയും പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.
ആര്‍എസ്എസ് നേതാവായ അഭയ് മഹാവറും ചര്‍ച്ചയിലുണ്ട്. വനിതാ മുഖ്യമന്ത്രിയാകണമെന്ന തീരുമാനമുണ്ടായാല്‍ രേഖ ഗുപ്ത, ശിഖ റായ് എന്നിവര്‍ക്കാണ് സാധ്യത. നിലവില്‍ എംഎല്‍എമാരിലാരെങ്കിലും തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. മറ്റു നേതാക്കളെ പരിഗണിക്കുകയാണെങ്കില്‍ മാത്രം സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവയ്ക്കും, ബാന്‍സുരി സ്വരാജ് എംപിക്കും നറുക്ക് വീണേക്കും.
Key Words: Delhi Chief Minister, BJP, Parvesh Verma
 

 
							     
							     
							     
							    
 
 
 
 
 
COMMENTS