തിരുവനന്തപുരം: കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ശശി തരൂർ എംപി ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനം വൻ രാ...
തിരുവനന്തപുരം: കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ശശി തരൂർ എംപി ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനം വൻ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെക്കുന്നു.
തരൂർ കാര്യങ്ങൾ അറിയാതെ എഴുതിയതാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോൾ, സത്യമാണ് തിരുവനന്തപുരം എംപി പറഞ്ഞതെന്ന് നിലപാടിലാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഇടതുപക്ഷ നേതാക്കൾ.
പറഞ്ഞ കാര്യങ്ങൾ 100 ശതമാനം ബോധ്യമുള്ളതാണെന്നും അതിൽനിന്ന് പിന്നോട്ടില്ലെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിൽഒരു വ്യവസായം തുടങ്ങാൻ ഇപ്പോൾ രണ്ട് മിനിറ്റ് മതിയെന്നും ഇത് അത്ഭുതകരമായ മാറ്റമാണെന്നും തരൂർ ലേഖനത്തിൽ പറയുന്നു.
അതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ അമേരിക്കൻ സന്ദർശനം പ്രതീക്ഷ പകരുന്നതാണെന്നും തരൂർ ലേഖനത്തിൽ പറയുന്നുണ്ട്.
തരൂരിന്റെ ഈ നിലപാടാണ് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. കാര്യങ്ങൾ അറിയാതെയാണ് തരൂർ സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷത്തെക്കുറിച്ച് തരൂരിന് ഒരു ബോധ്യവും ഇല്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സമാനമായ നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉയർത്തിയത്. കേരളത്തിൽ പുതുതായി എത്ര വ്യവസായങ്ങൾ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ അദ്ദേഹം തരൂരിനോട് ആവശ്യപ്പെട്ടു .
കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്ക് അടിസ്ഥാന സൗകര്യം ഉണ്ടാക്കി കൊടുത്തത് ഉമ്മൻചാണ്ടി എന്ന ദീർഘദർശിയായ ഭരണാധികാരിയായിരുന്നുവെന്ന് മറക്കരുതെന്ന് മുൻ എംഎൽഎ ശബരീനാഥൻ ഓർമിപ്പിച്ചു.
ഇതേസമയം, കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം തന്നെയാണ് നിലനിൽക്കുന്നതെന്നും എൽഡിഎഫ് വിരോധം കൊണ്ട് അതിനെ മറച്ചു പിടിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നല്ല കാര്യങ്ങളെ അങ്ങനെ അംഗീകരിക്കുന്ന തരൂരിന്റെ മനസ്സിനെ പ്രശംസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
പറഞ്ഞ കാര്യങ്ങളിൽ തനിക്ക് നല്ല ബോധ്യമുണ്ടെന്നും അതുകൊണ്ടുതന്നെ വാക്ക് തിരുത്തുന്നില്ലെന്നും തരൂർ ആവർത്തിച്ച് വ്യക്തമാക്കി. കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷം നാളെ ഇടതുപക്ഷം പ്രതിപക്ഷത്ത് വരുമ്പോൾ തകർക്കരുത് എന്നും തരൂർ ഓർമിപ്പിച്ചു.
Keywords : Shashi Tharoor, CPM, Pinarayi Vijayan, Congress party, LDF
COMMENTS