അഭിനന്ദ് ന്യൂഡല്‍ഹി: 26 വര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ ബിജെപി തിരിച്ചുവന്നിരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയെ തലസ്ഥാനത്ത് നിന്ന് തൂത്തുവാരി രാജ്...
അഭിനന്ദ്
ന്യൂഡല്‍ഹി: 26 വര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ ബിജെപി തിരിച്ചുവന്നിരിക്കുന്നു. ആം ആദ്മി പാര്‍ട്ടിയെ തലസ്ഥാനത്ത് നിന്ന് തൂത്തുവാരി രാജ്യ തലസ്ഥാനത്ത് കാവിക്കൊടി പാറിച്ചിരിക്കുകയാണ് ബിജെപി.
അവസാന കണക്കുകളില്‍ ബിജെപി 48 സീറ്റുകളില്‍ വിജയം ഉറപ്പിച്ചിരിക്കുന്നു. എഎപി 22 സീറ്റുകളില്‍ ഒതുങ്ങി. 70 അംഗ ഡല്‍ഹി നിയമസഭയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഒരു സീറ്റ് പോലും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
ജനവിധിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേന 'തകര്‍ച്ച' എന്നാണ് പരാജയത്തെ ഒറ്റവാക്കില്‍ വിശേഷിപ്പിച്ചത്. എങ്കിലും ബിജെപിക്കെതിരായ പാര്‍ട്ടിയുടെ പോരാട്ടം തുടരുമെന്ന് അവര്‍ പറഞ്ഞു.
ഞാന്‍ എന്റെ സീറ്റില്‍ വിജയിച്ചു, പക്ഷേ ഇത് ആഘോഷത്തിന്റെ സമയമല്ല. ഇത് പോരാടാനുള്ള സമയമാണ്. ബിജെപിയുടെ സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടം തുടരും. ബിജെപിയുടെ രമേഷ് ബിധുരി, കോണ്‍ഗ്രസിലെ അല്‍ക്ക ലാംബ എന്നിവര്‍ക്കെതിരെ മത്സരിച്ച കല്‍ക്കാജി സീറ്റില്‍ നിന്നാണ് അതിഷി വിജയിച്ചത്.
''വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു,'' എന്നാണ് വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യം പ്രതികരിച്ചത്.
ക്ഷേമ രാഷ്ട്രീയത്തിന്റെ പേരില്‍ 2013 മുതല്‍ ഡല്‍ഹി ഭരിക്കുന്നത് എഎപിയാണ്. എന്നാല്‍ അതിന്റെ നേതാക്കള്‍, പ്രത്യേകിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെട്ട സമീപകാല അഴിമതികളും അഴിമതി ആരോപണങ്ങളും പാര്‍ട്ടിയുടെ പ്രതിച്ഛായ കര്‍ത്തു.
മദ്യനയവും പണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതിനാല്‍ പാര്‍ട്ടി മുങ്ങിപ്പോയതായി അണ്ണാ ഹസാരെ (ഒരിക്കല്‍ അരവിന്ദ് കെജ്രിവാളിന്റെ ഉപദേശകനായിരുന്നു) പ്രതികരിച്ചു. ഒരു സ്ഥാനാര്‍ത്ഥിയുടെ സ്വഭാവം ശുദ്ധമായിരിക്കണം, ത്യാഗത്തിന്റെ ഗുണങ്ങള്‍ അയാള്‍ അറിയണമെന്നും കെജ്രിവാളിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ജംഗ്പുരയില്‍ പരാജയം സമ്മതിച്ചപ്പോള്‍ അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി സീറ്റില്‍ പരാജയപ്പെട്ടു. സോമനാഥ് ഭാരതി (മാളവ്യ നഗര്‍), സൗരഭ് ഭരദ്വാജ് (ഗ്രേറ്റര്‍ കൈലാഷ്) എന്നിവരാണ് സീറ്റ് നഷ്ടപ്പെട്ട എഎപിയിലെ മറ്റ് പ്രധാന നേതാക്കള്‍. ഷീലാ ദീക്ഷിതിന്റെ കീഴില്‍ 15 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് ചിത്രത്തിലേയില്ല.
2024ല്‍ മഹാരാഷ്ട്രയിലും (മഹായുതി സഖ്യം) ഹരിയാനയിലും പാര്‍ട്ടിയുടെ വിജയത്തിന് ശേഷം വരുന്ന ബിജെപിയുടെ വിജയമാണിത്. മധ്യവര്‍ഗത്തിന് നിര്‍ണായകമായ നികുതി ഇളവുകള്‍ നല്‍കിയ കേന്ദ്ര ബജറ്റിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അതിന്റെ ആനുകൂല്യവും ബിജെപിക്കു ലഭിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏഴ് സീറ്റുകളും നേടിയ ബിജെപിയുടെ ലോക്സഭാ വിജയ പരമ്പര തുടരുന്നുവെന്നു പറയാം.
വെള്ളം, ഡ്രെയിനേജ്, മാലിന്യം തുടങ്ങിയ പ്രശ്നങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായി. ഇരുപക്ഷവും പരസ്പരം ആരോപണം ചൊരിയുക മാത്രമാണ് ഇക്കാര്യത്തില്‍ ചെയ്തത്.
കേജ്രിവാളിന്റെ എക്സൈസ് നയ കേസിലെ അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രിയുടെ വസതിക്ക് വേണ്ടി കോടികള്‍ പൊടിച്ചതും (ശീഷ് മഹല്‍) വലിയ ചര്‍ച്ചയാക്കി നിറുത്തുന്നതില്‍ ബിജെപി വിജയിച്ചു.
ഡല്‍ഹിയിലെ ജനങ്ങള്‍ നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും 'ശീഷ് മഹല്‍' പൊളിച്ച് നഗരത്തെ 'എഎപി-ദാ മുക്ത'മാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ പറഞ്ഞു.
യമുനയിലെ ജലം ബിജെപി വിഷലിപ്തമാക്കിയെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്നും മറ്റുമായിരുന്നു എ എ പിയുടെ ആരോപണം. അതു പക്ഷേ, ഫലം കണ്ടില്ല.
'ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. പരാജയം വിനയത്തോടെ അംഗീകരിക്കുന്നു. ഞങ്ങള്‍ ക്രിയാത്മക പ്രതിപക്ഷമായിരിക്കും' എന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. നാലാം തവണയും വിജയിച്ച് ദേശീയ നേതാവിന്റെ പദവിയിലേക്ക് ഉയരാനുള്ള കെജ്രിവാളിന്റെ മോഹം കൂടിയാണ് വിഫലമായിരിക്കുന്നത്.
2013-ല്‍ അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്ന് പിറവിയെടുത്ത പാര്‍ട്ടിയുടെ മുഖമായിരുന്ന എഎപി ദേശീയ കണ്‍വീനറെ സംബന്ധിച്ചിടത്തോളം ഇത് നിരാശാജനകമായ ദിവസമാണ്. രാവിലെ കെജ്രിവാള്‍ പിന്നിലായി, പിന്നീട് ലീഡ് ചെയ്യുന്നു, പിന്നെ വീണ്ടും പിന്നിലായി. ദിവസാവസാനം വിധി വന്നു - മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകന്‍ ബിജെപിയുടെ പര്‍വേഷ് സാഹിബ് സിംഗ് വര്‍മ്മയോട് 4,089 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മകന്‍ കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് 4,568 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തായി. സന്ദീപ് ദീക്ഷിത് പിടിച്ച വോട്ടുകളാണ് കെജ്രിവാളിന്റെ പരാജയത്തിലേക്കു നയിച്ചത്.
1998-ലും 2003-ലും ഗോള്‍ മാര്‍ക്കറ്റ് എന്നറിയപ്പെട്ടിരുന്ന സീറ്റില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആയിരുന്നു വിജയിച്ചത്. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഈ സീറ്റ് ന്യൂഡല്‍ഹി ആയി. 2008-ല്‍ ദീക്ഷിത് വീണ്ടും വിജയിച്ചു. 2013-ലെ തിരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നു. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ മൂവ്മെന്റിന് ശേഷം വമ്പിച്ച ജനപ്രീതിയോടെ എഎപി നേതാവ് മൂന്ന് തവണ മുഖ്യമന്ത്രിയായ ഷീലയെ 25,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അവരുടെ രാഷ്ട്രീയ ജീവിതം തന്നെ അതോടെ അവസാനിച്ചുവെന്നു പറയാം. അവര്‍ പിന്നെ കുറച്ചുകാലം കേരള ഗവര്‍ണായിരുന്നു. അതേമണ്ഡലത്തില്‍ ഷീലയുടെ മകനിലൂടെ കെജ്രരിവാളിന്റെ രാഷ്ട്രീയ ഭാവിയിലും കരിനിഴല്‍ വീണിരിക്കുകയാണ്.
എഎപി അസ്തിത്വ പ്രതിസന്ധിയിലുമായിരിക്കുന്നു. 2015 മുതല്‍ തുടര്‍ച്ചയായി 10 വര്‍ഷം ഡല്‍ഹി ഭരിച്ച എ എ പിക്ക് പഞ്ചാബ് മാത്രമാണ് ഇനി കയ്യിലുള്ളത്.
കെജ്രിവാള്‍ രാജിവച്ചശേഷം മുഖ്യമന്ത്രിയായ അതിഷി, ബിജെപിയുടെ രമേഷ് ബിധുരിക്കെതിരെ 3,521 വോട്ടുകള്‍ക്ക് കല്‍ക്കാജിയില്‍ വിജയിച്ചു.
ബിജെപിക്ക് 45.7 ശതമാനവും എഎപിക്ക് 43.5 ശതമാനവും കോണ്‍ഗ്രസിന് 6.3 ശതമാനവുമാണ് വോട്ട്. പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കിന്റെ ഭാവിയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഈ തിരഞ്ഞെടുപ്പ് ഫലം. ''ഔര്‍ ലഡോ ആപാസ് മേ! (പരസ്പരം പോരാടുന്നത് തുടരുക) എന്നാണ് പരാജയത്തിന്റെ കയ്പ്പു കുടിച്ച എ എ പിയെയും കോണ്‍ഗ്രസിനെയും ഓര്‍മിപ്പിച്ചുകൊണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എക്സിലൂടെ പ്രതികരിച്ചത്.
എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നെങ്കില്‍ ഈ പരാജയം ഉണ്ടാകില്ലെന്നായിരുന്നു ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് പറഞ്ഞത്. ബിജെപിക്കെതിരെ ഇരു പാര്‍ട്ടികളും വെവ്വേറെയാണ് പോരാടിയത്. അവര്‍ ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്‍ ബിജെപിയുടെ പരാജയം സുനിശ്ചിതമാകുമായിരുന്നു. ഇതില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊള്ളണം,'' റാവത്ത് കൂട്ടിച്ചേര്‍ത്തു.
Summary: BJP is back in Delhi after 26 years. The BJP has hoisted the saffron flag in the national capital after sweeping the Aam Aadmi Party from the capital. In the latest figures, BJP has secured victory in 48 seats. AAP narrowly won 22 seats.
COMMENTS