തിരുവനന്തപുരം: ചൈനയില്‍ പനിയും ശ്വാസകോശ അണുബാധയും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന എച്ച്എംപിവി കേസുകള്‍ പടരുന്നത് സമീപ ദിവസങ്...
തിരുവനന്തപുരം: ചൈനയില്‍ പനിയും ശ്വാസകോശ അണുബാധയും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന എച്ച്എംപിവി കേസുകള്‍ പടരുന്നത് സമീപ ദിവസങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ചൈനയില്‍ മാത്രമല്ല, ആഗോളതലത്തിലെ വൈറല്‍ പനിയും ശ്വാസകോശ അണുബാധയും സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നതോടെ, സംസ്ഥാനം സസൂക്ഷ്മം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
അതേസമയം, ആശങ്ക വേണ്ടെന്നും ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും മന്ത്രി പറഞ്ഞു. മലയാളികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളതിനാലും ചൈനയുള്‍പ്പെടെ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നു പ്രവാസികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും ജാഗ്രത പുലര്‍ത്തണം.
മഹാമാരിയായി മാറിയേക്കാവുന്ന ജനിതക വ്യതിയാനങ്ങള്‍ ചൈനയിലെ വൈറസുകളില്‍ ഒന്നിലും സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. എങ്കിലും നാം കരുതിയിരിക്കണം. വൈറസില്‍ കാര്യമായ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കില്‍ എച്ച്എംപിവി വളരെയധികം ഭീതി വരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം. അതാണ് നിലവില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. അതോടൊപ്പം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ അവരെയും പ്രത്യേകമായി നിരീക്ഷിക്കും. പ്രവാസികള്‍ക്ക് പ്രത്യേകമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ നിലവില്‍ ആവശ്യമില്ല.
വൈറസുകളില്‍ കോവിഡ് 19ന്റെ പുതിയ ജനിതക വ്യതിയാനങ്ങള്‍ക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ചൈനയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന തരത്തില്‍ ന്യുമോണിയ രോഗം പടരുന്നുണ്ടെങ്കില്‍, അതിന് കാരണങ്ങളില്‍ ഒന്ന് കോവിഡിന്റെ പുതിയ ജനിതകവ്യതിയാനങ്ങള്‍ ആണെങ്കില്‍ കരുതിയിരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഹ്യൂമന്‍ മെറ്റാന്യൂമോണിയ വൈറസ് ഉള്‍പ്പെടെയുള്ള അണുബാധകള്‍ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരും മറ്റു ഗുരുതരമായ രോഗങ്ങള്‍ ഉള്ളവരും പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗങ്ങള്‍ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാസ്‌കുകള്‍ ഉപയോഗിക്കണം. നിലവില്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ലെന്നും മന്ത്രി പറഞ്ഞു.
Key Words: Viral fever, Mask, Pregnant Women, Veena George
COMMENTS