തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണ കാരണം ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഫോറന്‍സിക് സംഘം. പോസ്റ്റ്‌മോര്‍ട്ടം പൂര്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണ കാരണം ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ലെന്ന് ഫോറന്‍സിക് സംഘം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്. മരണം അസ്വാഭാവികമാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.
ശ്വാസ കോശത്തില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ പരിശോധന ഫലം വരണം. അതിന് ശേഷമേ മരണകാരണത്തില്‍ നിഗമനത്തിലെത്താന്‍ കഴിയൂവെന്നും ഫോറന്‍സിക് സംഘം വ്യക്തമാക്കി. ഗോപന്‍ സ്വാമിയുടെ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. മതാചാര്യന്മാരെ പങ്കെടുപ്പിച്ചാകും ചടങ്ങ് നടക്കുക. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയില്‍ സൂക്ഷിക്കും. വന്‍ വിവാദങ്ങള്‍ക്കൊടുവിലാണ് ഇന്ന് രാവിലെ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലമായ കല്ലറ തുറന്നത്.
കല്ലറയില്‍ കണ്ടത് ഗോപന്‍സ്വമിയുടെ മൃതദേഹമാണെന്ന് സാക്ഷികളായ ജനപ്രതിനിധികള്‍ വ്യക്തമാക്കി. ഇരുത്തിയ നിലയില്‍ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയായിരുന്നു മൃതദേഹം.
മക്കള്‍ മൊഴി നല്‍കിയത് പോലെ ചമ്രം പടിഞ്ഞിരിക്കുന്നത് പോലെയായിരുന്നു മൃതദേഹമുണ്ടായിരുന്നത്. തലയില്‍ സ്ലാബ് മുട്ടാത്ത നിലയിലായിരുന്നുവെന്നും സാക്ഷികള്‍ പറയുന്നു. പ്രതിഷേധങ്ങളൊന്നുമില്ലാതെ കനത്ത സുരക്ഷയിലായിരുന്നു കല്ലറ തുറക്കല്‍. കല്ലറ തുറക്കും മുമ്പ് സബ് കലക്ടര്‍ ഗോപന്‍ സ്വാമിയുടെ കുടുംബവുമായി സംസാരിച്ചിരുന്നു.
കല്ലറ തുറന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ ഭീഷണി മുഴക്കിയ മക്കള്‍ പക്ഷെ നടപടി തുടങ്ങിയപ്പോള്‍ പ്രതിഷേധിച്ചില്ല. അവശനിലയില്‍ കിടപ്പിലായിരുന്ന ഗോപന്‍ സ്വാമി എങ്ങനെ സമാധി സ്ഥലത്തെത്തി. അവിടെ വെച്ച് മരിച്ചുവെന്ന മക്കളുടെ മൊഴിയില്‍ ഇനിയും ദുരൂഹതയുണ്ട്. സമാധിയിലെ പൂര്‍ണ്ണസത്യം ഇനിയും പുറത്ത് വരാനുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.
Key words: Neyyattinkara Samadhi, Gopan Swami, Death, Postmortem, Forensic Report
COMMENTS