തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വി...
തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും. ഇന്നു വിധി പറയും. സംശയത്തിന്റെ ആനുകൂല്യത്തോടെ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരനെന്ന് കോടതി. സംശയത്തിന്റെ ആനുകൂല്യത്തിലാണു ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടത്.
മുര്യങ്കര ജെപി ഹൗസില്‍ ജെ.പി.ഷാരോണ്‍ രാജാ(23)ണ് കൊല്ലപ്പെട്ടത്. കാമുകി പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്ണയാണ് ഒന്നാം പ്രതി. കഴിഞ്ഞ ഒക്ടോബര്‍ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്.
വിവാഹം ഉറപ്പിച്ചതോടെ കാമുകനെ ഒഴിവാക്കാനായാണ് ആര്‍ക്കും സംശയമില്ലാത്ത രീതിയില്‍ കഷായത്തില്‍ കീടനാശിനി കലര്‍ത്തിയതെന്നാണ് കേസില്‍ പറയുന്നത്. സൈനികനുമായാണ് ഗ്രീഷ്മയുടെ വിവാഹം തീരുമാനിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഗ്രീഷ്മയെ അമ്മ സഹായിച്ചെന്നും കീടനാശിനി വാങ്ങി നല്‍കിയത് നിര്‍മല കുമാരന്‍ നായരാണ് എന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍ രാജ്.
2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മയുടെ വീട്ടില്‍ വച്ചാണ് ഷാരോണ്‍ രാജ് കഷായം കഴിക്കുന്നത്. ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചാണു ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. അവശനിലയിലായി പല ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് 25നു ഷാരോണ്‍ മരിച്ചു. ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിനിടെ ഒക്ടോബര്‍ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി.
ഗ്രീഷ്മ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ അണുനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഒരു വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണു ഗ്രീഷ്മയ്ക്കു ജാമ്യം ലഭിച്ചത്. ഗ്രീഷ്മ നല്‍കിയ കഷായമാണ് താന്‍ കുടിച്ചതെന്നു ഷാരോണ്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു നല്‍കിയ മരണമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കളനാശിനി കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഗ്രീഷ്മ ചതിച്ചതായി സുഹൃത്ത് റെജിനോടും മരണത്തിന് രണ്ട് ദിവസം മുന്‍പ് പിതാവ് ജയരാജിനോടും ഷാരോണ്‍ പറഞ്ഞു.
അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തിയ ജൂസ് കുടിപ്പിക്കല്‍ ചാലഞ്ച് നടത്തി ഷാരോണിനെ കൊലപ്പെടുത്താന്‍ കൊലപാതകത്തിനു രണ്ടു മാസം മുന്‍പും ഗ്രീഷ്മ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കയ്പു കാരണം ഷാരോണ്‍ അന്ന് അതു തുപ്പിക്കളഞ്ഞു. അമിത അളവില്‍ ഈ മരുന്നു കഴിച്ചാലുള്ള ആഘാതങ്ങളെക്കുറിച്ച് ഈ സംഭവം നടന്ന ദിവസം രാവിലെ ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരതിയത് പൊലീസ് കണ്ടെത്തി. ഷാരോണിന് വിഷം നല്‍കിയ ദിവസം രാവിലെയും വിഷത്തിന്റെ പ്രവര്‍ത്തന രീതിയെപ്പറ്റി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തി. പലതവണ അഭ്യര്‍ഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ തിരികെ നല്‍കാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു ഗ്രീഷ്മയുടെ മൊഴി.
Key Words: Sharon Murder Case, Greeshma, Case, Verdict
COMMENTS