തിരുവനന്തപുരം: സനാതന ധര്‍മവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രസ്താവന തള്ളി പ്രതിപ...
തിരുവനന്തപുരം: സനാതന ധര്‍മവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സനാതന ധര്‍മം എങ്ങനെയാണ് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. സനാതന ധര്‍മം നമ്മുടെ സംസ്‌കാരമാണ്. രാജ്യത്തിന്റെ സവിശേഷതയാണത്. ഒരു ജാതി ഒരു മതം ഒരു ദൈവം, അതാണ് സനാതന ധര്‍മം. സനാതന ധര്‍മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാര്‍ത്തിക്കൊടുക്കുകയാണ്.
മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതന ധര്‍മമെന്നും വി ഡി സതീശന്‍ പറഞ്ഞു. കാവിവത്ക്കരണം എന്ന വാക്ക് തന്നെ തെറ്റാണെന്നും അമ്പലത്തില്‍ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും അദ്ദേഹം ചോദിച്ചു.
പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് കേരളത്തില്‍ നടക്കുന്നത്. തനിക്ക് സംസാരിക്കാന്‍ തന്നെ പേടിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മത്തിന്റെ വക്താവും പ്രയോക്താവുമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. ഗുരുവിനെ പോലൊരു മനുഷ്യനെ സനാതന ധര്‍മത്തിന്റെ അടയാളമാക്കി മാറ്റാനുള്ള ശ്രമം അദ്ദേഹത്തോട് കാണിക്കുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ്. സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സനാതന ധര്‍മത്തിന്റെ പേരില്‍ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെ സുധാകരനും പറഞ്ഞിരുന്നു.
എന്നാല്‍ സനാതനധര്‍മത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന തെറ്റാണെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു.
COMMENTS