എസ് ജഗജീഷ് ബാബു 40 വര്‍ഷത്തെ ഓര്‍മ്മകളും മനുഷ്യരും ഒരു വൈകുന്നേരം ഒന്നിച്ചുകൂടുക. അത്യപൂര്‍വ്വമായ അത്തരം ഒരു കൂടിച്ചേരലായിരുന്നു കഴിഞ്ഞ ദിവ...
അടിയന്തരാവസ്ഥ കഴിഞ്ഞ കാലത്ത് യൂണിവേഴ്സിറ്റി കോളേജ് യൂണിയനില്‍ നിന്ന് രാജിവച്ചു പിരിഞ്ഞ 11 പേരില്‍ ഒരാള്‍ ആ കാലത്തിന്റെ പ്രതിനിധിയായി എത്തി. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനായി പിരിഞ്ഞ സി. സുരേഷ് കുമാര്‍ അനാരോഗ്യം മറന്ന് പാലക്കാട് എത്തുകയായിരുന്നു അദ്ദേഹം. സുരേഷിന്റെ പ്രസംഗം 40 വര്‍ഷം മുന്‍പുള്ള കോളേജ് കാമ്പസിലേക്ക് എല്ലാവരെയും കൂട്ടിക്കൊണ്ടുപോയി.
വിരല്‍ത്തുമ്പിലെ ലോകം എന്ന എന്റെ പുസ്തകം പ്രകാശിപ്പിക്കാനെത്തിയ നടനും സംവിധായകനുമായ ജോയ് മാത്യു എണ്‍പതുകളുടെ തുടക്കത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. ജോണ്‍ എബ്രഹാമിനെ കാണാന്‍, അഭിമുഖം നടത്താന്‍ 'അമ്മ അറിയാന്‍' ഷൂട്ടിംഗ് നടന്ന ഫറോക്കിലെത്തിയ ഓര്‍മ്മകളിലേക്ക് ഞങ്ങള്‍ സഞ്ചരിച്ചു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0B7LdmqMrb3CzuaT5gHaE-M3TsD6VSe4l-7_KzMvFfr2lJNYVgJ7tFr8KEI6dTgqsfrRNf1f8HcMIRiDn1Nl5yvkIF-rB_so0ESeXj-pcixH8VkPrV2gUGyQPy2DChjaw7Umb21pDcipB21z0B-N9KSuOoIZwimeuyFWWUw80WpFazHfZYhw1LSkK1k8/w640-h320/JB1.jpg)
എണ്‍പതുകളുടെ മധ്യത്തില്‍ കേരള കൗമുദി ജില്ലാ ലേഖകനായി പാലക്കാട് എത്തിയപ്പോള്‍ ഓഫീസിലെ ശിഷ്യന്‍മാരായിരുന്ന സുരേഷ് പട്ടാമ്പി (ഏഷ്യാനെറ്റ്), എസ്. കൃഷ്ണന്‍കുട്ടി, പ്രശസ്ത സംവിധായകന്‍ ലാല്‍ജോസ്, ബഷീര്‍ മാടാല (ഐ ജെ യു നാഷണല്‍ വൈസ് പ്രസിഡന്റ്) എന്നിവരും ഓര്‍മ്മകളുടെ ചെപ്പ് തുറന്നു. ഭാര്യ ബിന്ദുവിന്റെ പാവകളി എന്ന കഥാസമാഹാരം പ്രകാശിപ്പിച്ചുകൊണ്ട് ലാല്‍ജോസ് ഓര്‍മ്മകളുടെ ചെപ്പ് തുറന്നു.
ഒറ്റപ്പാലം പ്രാദേശിക ലേഖകനായി ഉണ്ടായിരുന്ന കാലത്തെ രാത്രി സഞ്ചാരവും പത്രക്കെട്ടുമായി ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒറ്റപ്പാലത്തേക്കുള്ള യാത്രയില്‍ കണ്ട സൂര്യോദയവും ലാല്‍ ഓര്‍മ്മിച്ചു. ഒറ്റപ്പാലം എന്‍ എസ് എസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ പത്രപ്രവര്‍ത്തകനായി മാറിയപ്പോള്‍ അപ്പന്‍ പ്രകടിപ്പിച്ച അഭിമാനവും വിശ്വാസവും ലാല്‍ പങ്കിട്ടു.
സംവിധായകനും നടനും എന്ന നിലയില്‍ എല്ലാവര്‍ക്കും സുപരിചിതനായ ലാല്‍ജോസിനെയല്ല അവിടെ കണ്ടത്. കൗമാരക്കാരനായിരുന്ന കാലത്ത് കേരള കൗമുദി ഓഫീസിലും എന്റെ താമസസ്ഥലത്തും വന്നുപോയിരുന്ന ആ പയ്യന്‍. വര്‍ഷങ്ങള്‍ക്കുശേഷം ഒരുനാള്‍ ഊശാന്‍ താടിയുമായി ഒരു യുവാവ് കൗമുദി ഓഫീസില്‍ തിരിച്ചെത്തി. ഞാന്‍ പഴയ ലാലുവാണ് എന്ന് പറഞ്ഞപ്പോഴേ തിരിച്ചറിഞ്ഞുള്ളൂ. 'മറവത്തൂര്‍ കനവ്' തിയേറ്ററുകളില്‍ തകര്‍ക്കുന്ന കാലം. ആ ചിത്രത്തിന്റെ സംവിധായകന്‍ താനാണെന്ന് അന്ന് ലാല്‍ പറഞ്ഞ രംഗം എന്റെ ഓര്‍മ്മയില്‍ ഓടിയെത്തി. അപ്പോഴാണ് മറവത്തൂര്‍ കനവ് എന്ന നല്ല സിനിമ കണ്ടിട്ടും ശിഷ്യനാണ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന് തിരിച്ചറിയാതെ പോയ എന്റെ വിവരക്കേട് എത്ര വലുതായിരുന്നുവെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിച്ചത്.
പ്രസംഗിച്ചില്ലെങ്കിലും നൂറുകണക്കിന് വാര്‍ത്തകള്‍, സ്‌കൂപ്പുകള്‍ പഴയ ടെലിപ്രിന്ററില്‍ ശരവേഗത്തില്‍ കമ്പോസ് ചെയ്ത കൃഷ്ണന്‍കുട്ടി സദസ്സിലുണ്ടായിരുന്നു. സുഹൃത്തായിരുന്ന ഡയറ്റ് പ്രിന്‍സിപ്പല്‍ രാമചന്ദ്രന്റെ സഹോദരന്‍ എന്ന നിലയില്‍ കേരള കൗമുദിയില്‍ എത്തുമ്പോള്‍ കൃഷ്ണന്‍കുട്ടിക്ക് പതിനേഴോ, പതിനെട്ടോ ആണ് പ്രായം. ഇന്ന് ഒരു ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നടത്തിപ്പുകാരാണ് കൃഷ്ണന്‍കുട്ടിയും ഭാര്യയും. പുസ്തക പ്രകാശനത്തിനായി കൊല്ലത്തു നിന്നു രാത്രിയിലെത്തി രാത്രിയില്‍ തന്നെ അദ്ദേഹവും സുഹൃത്തും മടങ്ങിപ്പോയി.
പാലക്കാട് എത്തിയ എണ്‍പതുകളുടെ തുടക്കത്തില്‍ സുഹൃത്തായി മാറിയ പഴയ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്‍.എന്‍ കൃഷ്ണദാസായിരുന്നു അധ്യക്ഷന്‍. ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തുടങ്ങി അദ്ദേഹം വിജയിച്ച നാല് മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഓര്‍മ്മകള്‍. എന്നും വിയോജിച്ചും യോജിച്ചും പിന്നിട്ട മുപ്പതിലേറെ വര്‍ഷങ്ങള്‍. അധ്യക്ഷ പ്രസംഗത്തിലും പുസ്തകത്തിലെ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല.
കേരള കൗമുദി തുടക്ക കാലം മുതല്‍ പത്രത്തിന്റെ അഭിഭാഷകനായിരുന്ന ജോണ്‍ ജോണ്‍. വാര്‍ത്തയുടെ പേരില്‍ ഉണ്ടായ എത്രയോ മാനനഷ്ടക്കേസുകളില്‍ എന്റെ വക്കീല്‍. മറ്റൊരു അഭിഭാഷകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ചിറ്റൂര്‍ കോടതിയിലേക്ക് ജീപ്പില്‍ കൊണ്ടുപോയപ്പോള്‍ അതിനു പിന്നാലെ സ്വയം വണ്ടിയോടിച്ചെത്തി ജാമ്യക്കാര്‍ പോലുമില്ലാതെ കോടതിയില്‍ നിന്ന് എന്നെ ജാമ്യത്തിലിറക്കിയ അഭിഭാഷകന്‍. റിബല്‍ എന്ന വാക്ക് എല്ലാ അര്‍ത്ഥത്തിലും അന്നും ഇന്നും ജോണ്‍ ജോണിന് ചേരും. കാലവും പ്രായവും തളര്‍ത്താത്ത പോരാട്ടവീര്യമാണ് ജോണ്‍ ജോണിന്റെ മുഖമുദ്ര. 'ആയിരം രൂപയും മള്ളൂരും ഉണ്ടെങ്കില്‍ ആരെയും കൊല്ലാമേ രാമനാരായണാ' എന്നായിരുന്നു ചൊല്ല്. അതുപോലെ ജോണ്‍ ജോണ്‍ കൂടെയുണ്ടെങ്കില്‍ ആരോടും ഏറ്റുമുട്ടാം. ഏത് വാര്‍ത്തയും സധൈര്യം എഴുതാം. കേസ് പറയാന്‍ വക്കീല്‍ അന്നും ഇന്നും ഒപ്പമുണ്ട്. ജോണിന്റെ ഓര്‍മ്മകള്‍ പോരാട്ടത്തിന്റെ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കേരള കൗമുദിയില്‍ എനിക്കു തൊട്ടു പിന്നാലെയാണ് ആര്‍ സുഭാഷ് എത്തിയത്. എല്ലാ അര്‍ത്ഥത്തിലും ഒരു ഫയര്‍ ബ്രാന്‍ഡ് ആയിരുന്നു സുഭാഷ്. വയനാട് ലേഖകനായിരിക്കെ, എത്രയെത്ര ഗംഭീര സ്‌റ്റോറികള്‍ സുഭാഷിന്റേതായി വന്നിട്ടുണ്ട്. മലപ്പുറത്തായിരിക്കെ, ഡിപിഇപി അനുബന്ധമായി വന്നിട്ടുള്ള മിക്കവാറും പ്രധാന വാര്‍ത്തകള്‍ സുഭാഷിന്റേതായിരുന്നു. ട്രെയ്‌നി കാലം മുതല്‍ ഹൃദയത്തിന്റെ ഭാഗമായ സുഭാഷിന്റെ സാന്നിദ്ധ്യം ഇന്നലെകളിലേക്കുള്ള മടക്കയാത്ര സമ്മാനിച്ചു.
കേരള കൗമുദിയില്‍ നിന്ന് മാതൃഭൂമിയിലേക്കും അവിടെ നിന്ന് ഏഷ്യാനെറ്റിലേക്കും ചേക്കേറിയ സുരേഷ് പട്ടാമ്പി കൗമുദിയില്‍ എത്തുമ്പോള്‍ നക്സലൈറ്റ് നേതാവ് കെ. വേണുവിന്റെ ശിഷ്യന്‍. വേണുവിന്റെ കൈകളില്‍ നിന്ന് സുരേഷിനെ മോചിപ്പിക്കണമെന്ന അച്ഛന്‍ ശ്രീധരേട്ടന്റെ ശുപാര്‍ശ. അതോടെ പഴയ നക്സലായ എന്റെ സംരക്ഷണയില്‍ താമസം, പത്രപ്രവര്‍ത്തനം. ആദ്യ ലേഖനം കലാകൗമുദിയിലേക്ക് അയച്ചപ്പോള്‍ കഴിഞ്ഞയാഴ്ച മരിച്ചുപോയ എസ്. ജയചന്ദ്രന്‍ നായര്‍ ലേഖകന്റെ ഫോട്ടോ ചോദിച്ചു. മീശ കുരുക്കാത്ത സുരേഷിന്റെ ഫോട്ടോ കണ്ടപ്പോള്‍ അത് പറ്റില്ലെന്ന് പത്രാധിപര്‍. എങ്കില്‍ പേരെങ്കിലും മാറ്റൂ എന്നായി ജയചന്ദ്രന്‍ സാര്‍. അങ്ങനെ കെ. സുരേഷ് സുരേഷ് പട്ടാമ്പിയായി. ഈ കാലയളവില്‍ എത്രയെത്ര യാത്രകള്‍, വാര്‍ത്തകള്‍, സ്‌കൂപ്പുകള്‍. അട്ടപ്പാടി മുതല്‍ പെരിയ മരംകൊള്ള വരെ. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ മുപ്പത് വര്‍ഷം പിന്നിടുകയാണ് സുരേഷ്.
ഏകലവ്യനെ പോലെ അകലെ നിന്നും അടുത്തു നിന്നും ശിഷ്യനായി മാറിയ ബഷീര്‍ മാടാല. മാസ്റ്റര്‍ ബിരുദം ഉണ്ടായിട്ടും കേരള കൗമുദി സബ് എഡിറ്ററാകാന്‍ വിസമ്മതിച്ച പത്രപ്രവര്‍ത്തകന്‍. കെ ജെ യു, ഐജെയു ഭാരവാഹി എന്ന നിലയില്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍. കലാപഭൂമിയായി മാറിയ മണിപ്പൂരില്‍ എത്രയോ വട്ടം നേരിട്ടുപോയി മാധ്യമത്തിലും സുപ്രഭാതത്തിലും കലാകൗമുദിയിലും റിപ്പോര്‍ട്ട് ചെയ്ത ബഷീര്‍ മാടാല. ബഷീര്‍ എഴുതാത്ത പത്രങ്ങളോ, വാരികകളോ കേരളത്തിലില്ല. ഇതിനകം അട്ടപ്പാടിയെക്കുറിച്ചും 2018ലെ പ്രളയത്തെക്കുറിച്ചും നാല് പുസ്തകങ്ങള്‍ ബഷീര്‍ എഴുതിക്കഴിഞ്ഞു. ഏകലവ്യന്‍ എന്ന പേര്‍ എല്ലാ അര്‍ത്ഥത്തിലും ഇദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്.
ശിഷ്യന്‍മാര്‍ ഒരുപാട് ഉണ്ടെങ്കിലും തികച്ചും വ്യത്യസ്തനാണ് മാധ്യമ രംഗം വിട്ട് വ്യവസായിയായി മാറിയ സന്ദീപ്. കേരള കൗമുദിയിലും കലാകൗമുദിയിലും ജേര്‍ണലിസ്റ്റായിരുന്ന സന്ദീപ് വിട്ടുപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹവും എത്തി. ബംഗളുരുവില്‍ വാരിയര്‍ എന്ന ടെക്സ്റ്റൈല്‍സ് ബിസിനസ് നടത്തുന്ന സന്ദീപ് അറിയപ്പെടുന്ന പ്രമുഖ വ്യവസായിയാണ്. പ്രസംഗത്തെക്കാള്‍ കര്‍മ്മമാണ് ശരിയെന്ന് പറയുകയും ജീവിതത്തില്‍ തെളിയിക്കുകയും ചെയ്ത സന്ദീപ് എല്ലാ അര്‍ത്ഥത്തിലും ഒറ്റയാനാണ്. അത്ഭുതകരമായ വളര്‍ച്ചയാണ് വ്യവസായ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് സന്ദീപ് നേടിയത്. എഴുത്തും വായനയും കവിതയും കൈവിടാതെ കൊണ്ടുനടക്കുന്ന സന്ദീപ് ചടങ്ങില്‍ ആദ്യവസാനം പഴയ ഓര്‍മ്മകള്‍ സുഹൃത്തുക്കളുമായി പങ്കുവച്ചു.
കേരള കൗമുദിയിലും എക്സ്‌ക്ലൂസീവിലും സഹപ്രവര്‍ത്തകനായിരുന്ന കെ എം വിനോദും തിരുവനന്തപുരത്തു നിന്ന് എത്തിയിരുന്നു. കലാകൗമുദി കൊച്ചി കാലത്തെ ശിഷ്യന്‍മാരായ ബൈജു മേനാച്ചേരിയും ദിലീപ് കുറ്റിച്ചിറയും എക്സ്‌ക്ലൂസീവ് പത്തനംതിട്ട ലേഖകനായിരുന്ന പ്രവീണ്‍ പ്‌ളാവിളയിലും തലേദിവസം തന്നെ എത്തിയിരുന്നു. സെക്സ് വര്‍ക്കര്‍മാരായ സ്ത്രീകളെ പൊലീസ് പിടികൂടി പരസ്യവിചാരണ നടത്തിയ വാര്‍ത്ത കേരള കൗമുദിയില്‍ എഴുതിയപ്പോള്‍ ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് അതേക്കുറിച്ച് അന്വേഷിക്കാന്‍ അന്ന് ഡി ഐ ജിയായിരുന്ന മുന്‍ ഡി ജി പി ടി പി സെന്‍കുമാറിനെ നിയോഗിച്ചു.
മനോരമയില്‍ ലേഖകനായിരുന്ന കെ എം വിനോദ് കുമാറും വി വി ബിനുവും വാര്‍ത്ത ശരിയാണെന്ന് ഡി ഐ ജിക്ക് മൊഴി നല്‍കി. എസ് പിയായിരുന്ന സഞ്ജീവ് കുമാര്‍ പട്ജോഷിയെ സ്ഥലംമാറ്റി. കേരള കൗമുദി വാര്‍ത്തക്ക് അനുകൂലമായി മൊഴി നല്‍കിയതിന്റെ പേരില്‍ വിനോദിനെ അന്ന് റസിഡന്റ് എഡിറ്ററായിരുന്ന ജോയ് ശാസ്താംപടിക്കല്‍ പുറത്താക്കി. വി വി ബിനുവിനെ ഡല്‍ഹിയിലേക്ക് സ്ഥലംമാറ്റി. തുടര്‍ന്നാണ് പ്രതിഫലം പോലും വേണ്ടെന്നു പറഞ്ഞ് വിനോദ് എന്നോടൊപ്പം കൂടിയത്. പിന്നീട് കേരള കൗമുദി ബംഗളുരു എഡിഷന്റെ ചുമതലക്കാരനായും കണ്ണൂര്‍ എഡിഷന്റെ ഡസ്‌ക ചീഫായും വിനോദ് മാറി. എക്സ്‌ക്ലൂസീവിന്റെ തുടക്കത്തില്‍ വിനോദായിരുന്നു പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍. ബൈജു മേനാച്ചേരിയും ദിലീപും കലാകൗമുദി വിട്ടപ്പോള്‍ എന്നോടൊപ്പം മാതൃമലയാളം ദിനപത്രത്തിലും എത്തിയിരുന്നു. ആ കാലത്തിന്റെ ഓര്‍മ്മകളാണ് അവര്‍ പങ്കുവച്ചത്.
ഒരു ഗാന്ധി ജയന്തി ദിനത്തില്‍ എംഎല്‍എയായിരുന്ന എ വി ഗോപിനാഥിന്റെ മൃഗബലിക്കെതിരെ പത്രാധിപര്‍ക്ക് ഒരു കത്തുമായി എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി. മദന്‍ കുമാര്‍. പിന്നീട് എന്റെ സഹപ്രവര്‍ത്തകനും നാടക നടനും സെക്രട്ടേറിയറ്റില്‍ ജോയിന്റ് സെക്രട്ടറിയും ആയി മാറിയ മദന്‍ ബാബു ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ആട്ടത്തിലെ നടനാണ്. പാലക്കാടും കാസര്‍കോടും എന്നോടൊപ്പം ഉണ്ടായിരുന്ന മദന്‍ ബാബു ഒരേസമയം പ്രഗല്ഭനായ ഉദ്യോഗസ്ഥനും നടനുമാണ്.
തൊണ്ണൂറിന്റെ പകുതിയില്‍ കാസര്‍കോട് എത്തിയപ്പോള്‍ കിട്ടിയ സേതു ബങ്കളം. ഒരു സായാഹ്ന പത്രത്തില്‍ ബങ്കളം ബാങ്കിലെ കാവല്‍ക്കാരനായിരുന്ന നാരായണന്‍ നായരുടെ വധം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ സഖാവായിരുന്ന അച്ഛന്‍ മകനെയും ഭാര്യയെയും വീട്ടിന് പുറത്താക്കി. ഇതറിഞ്ഞ് സേതുവിനെ കൂട്ടിക്കൊണ്ടുവന്ന് കേരള കൗമുദിയില്‍ ജോലി നല്‍കി. സേതു ബങ്കളത്തിന്റെ മകളും മരുമകനും അടക്കം ഇന്ന് പത്രപ്രവര്‍ത്തകരാണ്. സേതു ടൈംസ് ഒഫ് നോര്‍ത്ത് എന്ന ചാനലിന്റെ എഡിറ്ററാണ്. കാസര്‍കോട് നിന്ന് സേതുവും കാമറാമാന്‍ അനീഷും എത്തിയിരുന്നു.
കേരള കൗമുദിയിലും കലാകൗമുദിയിലും എക്സ്‌ക്ലൂസീവിലും എന്റെ അസോസിയേറ്റ് എഡിറ്ററായി സഞ്ചരിച്ച അജയ് മുത്താന. തിരക്കഥാകൃത്തും എഴുത്തുകാരനുമായ അജയും മാതൃമലയാളത്തില്‍ ജനറല്‍ മാനേജരായിരുന്ന സജീവും തിരുവനന്തപുരത്ത് നിന്ന് കാറോടിച്ചാണ് ചടങ്ങിന് എത്തിയത്.
സുരേഷ് പട്ടാമ്പിയുടെ പിന്നാലെ കേരള കൗമുദിയില്‍ എത്തിയ മനു ഭരത് പഴയ കാലങ്ങള്‍ ഓര്‍ത്തു. ഇന്ത്യ വിഷനിലും ഇന്ത്യന്‍ എക്സ്പ്രസിലും ഇപ്പോള്‍ ന്യൂസ്18ലും പ്രവര്‍ത്തിക്കുന്ന മനു പഴയ ജെഎന്‍യു പ്രോഡക്ടാണ്. അമ്മയുടെ ഏക മകന്‍. ബോക്സറായിരുന്ന മനു അക്കാലത്ത് പൊലീസുകാരുടെ മൂക്ക് പോലും ഇടിച്ചുപൊട്ടിക്കും. കേസും വഴക്കുമായപ്പോള്‍ അമ്മയാണ് മനുവിനെ എന്റെ അടുത്തേക്ക് എത്തിച്ചത്. അമ്മയുടെ തീരുമാനം തെറ്റായില്ലെന്ന് മനു പ്രസംഗിച്ചപ്പോള്‍ എല്ലാവരും അത് ശരിവച്ചു.
ശിഷ്യന്‍ അല്ലെങ്കിലും വിരല്‍ത്തുമ്പിലെ ലോകത്തില്‍ എഴുതിയിട്ടുള്ള ലോക്കപ്പിലെ സാക്ഷിക്കോഴി എന്ന സ്റ്റോറി സിനിമയാക്കി സംവിധാനം ചെയ്യാനായി എത്തിയ രാഹുല്‍ ആര്‍ ശര്‍മ്മ. അഞ്ചാം പാതിരയുടെ അസോസിയേറ്റ് ഡയറക്ടറായ രാഹുല്‍ ശര്‍മ്മ സ്വതന്ത്ര സംവിധായകനാകുകയാണ്. ലോക്കപ്പിലെ സാക്ഷിക്കോഴിയാണ് വരാന്‍ പോകുന്ന സ്വതന്ത്ര ചിത്രം. അത് ഏറെ സന്തോഷകരമാണ്. ഈ സംവിധായകനെ അരികില്‍ എത്തിച്ചത് ലോക്കപ്പിലെ സാക്ഷിക്കോഴി എന്ന 1994ലെ കേരള കൗമുദി റിപ്പോര്‍ട്ടാണ്. ജോയ് മാത്യുവിനും ലാല്‍ജോസിനും ശേഷം പ്രതീക്ഷ നല്‍കുന്ന യുവ സംവിധായകന്റെ വാക്കുകള്‍ കൗതുകത്തോടെയാണ് എല്ലാവരും കേട്ടത്.
കെ ജെ യു രൂപീകരിച്ചപ്പോഴും എക്സ്‌ക്ലൂസീവ് കാലത്തും കേരള കൗമുദി കാലത്തും ഇപ്പോഴും ഒപ്പമുള്ള സുഹൃത്ത് ജോജു ജാസ് (എ സി വി) പ്രസംഗിച്ചില്ലെങ്കിലും സംഘാടകനായി ആദ്യവസാനം ഉണ്ടായിരുന്നു.
കേരള കൗമുദിയിലും എക്സ്‌ക്ലൂസീവിലും സഹപ്രവര്‍ത്തകരായിരുന്ന സംഗീത കുളത്തൂര്‍ (എഴുത്തുകാരി), മുരളി കൊപ്പം, ഷാജി ജോസഫ്, ഷൈമാ മോഹന്‍, അജിത, ശെല്‍വറാണി തുടങ്ങി നൂറുകണക്കിന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒന്നിച്ചപ്പോള്‍ അത് ഒരു അപൂര്‍വ്വ കാലത്തിന്റെ കൈയൊപ്പായി മാറി.
Keywords: S Jagadeesh Babu, Book Release, Viralthumbile Lokam, Pavakali, Bindu Jagadeesh
COMMENTS