എസ് ജഗദീഷ് ബാബു നക്സലുകളോട് സി.പി.എം സര്‍ക്കാരുകളുടെ സമീപനം ഏന്നും ശത്രുതാപരമായിരുന്നുവെന്നു പറയാതെവയ്യ. അടിയന്തരാവസ്ഥ കഴിഞ്ഞ് നയനാ...
എസ് ജഗദീഷ് ബാബു
നക്സലുകളോട് സി.പി.എം സര്‍ക്കാരുകളുടെ സമീപനം ഏന്നും ശത്രുതാപരമായിരുന്നുവെന്നു പറയാതെവയ്യ. അടിയന്തരാവസ്ഥ കഴിഞ്ഞ് നയനാര്‍ മുഖ്യമന്ത്രിയും ടി.കെ രാമകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായിരുന്ന കാലം. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള സഖാക്കളുടെ പേരില്‍ പൊലീസ് എടുത്ത കേസാണ് ഓര്‍മ്മ വരുന്നത്.
വയനാട്ടിലെ ആദിവാസികളുടെ തെരുവുനാടകമായ നാടുഗദ്ദികയുമായി കെ.ജെ ബേബിയും സംഘവും തിരുവനന്തപുരത്ത് അക്കാലത്ത് എത്തിയിരുന്നു. രണ്ട് ആദിവാസി പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ വഴികാട്ടി ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന ഞാനായിരുന്നു. തിരുവനന്തപുരത്ത് ചെങ്കല്‍ചൂളയിലും നെടുമങ്ങാട്ടും വെഞ്ഞാറമൂട്ടിലും തെരുവുനാടകം അരങ്ങേറി.ഇതിന്റെ പേരില്‍ പൊലീസ് കേസെടുത്തു. 'ഉണരുവിന്‍ ഉയരുവിന്‍ പട്ടിണിയുടെ തടവുകാരേ' എന്ന വിപ്ലവഗാനം പാടി കലാപത്തിന് ആഹ്വാനം ചെയ്തു എന്നായിരുന്നു എഫ്.ഐ.ആര്‍. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിലെ വിപ്ലവഗാനമാണ് ഞങ്ങള്‍ ആലപിച്ചതെന്നതുപോലും നയനാര്‍ സര്‍ക്കാര്‍ മറന്നുപോയത് അത്ഭുതപ്പെടുത്തി.
നാടകത്തില്‍ അഭിനയിച്ചിരുന്ന ആദിവാസി ഗീത, മല്ലി എന്നീ പെണ്‍കുട്ടികളെ അന്ന് പൊലീസ് ദുര്‍ഗുണപരിഹാര കേന്ദ്രത്തിലേക്ക് അയച്ചാണ് ശിക്ഷിച്ചത്. നിഷ്‌കളങ്കരായ ആ കുട്ടികളുടെ മുഖം ഇന്നും ഓര്‍മ്മയിലുണ്ട്. വെഞ്ഞാറമൂട്ടിലും നെടുമങ്ങാടും ചെങ്കല്‍ചൂളയിലും സി.പി.എമ്മുകാര്‍ നാടകസംഘത്തെ ആക്രമിച്ചു.
ഇതിനെതിരെ ഞങ്ങള്‍ നടത്തിയ പ്രകടനത്തില്‍ ചിത്രകാരനായ എ.സി.കെ രാജ, രാജയുടെ ഭാര്യ സ്റ്റെല്ല, മാര്‍സിസ്റ്റ് സൈദ്ധാന്തികനായ ബി. രാജീവന്‍, കവയിത്രി സാവിത്രി രാജീവന്‍, കെ.ജെ ബേബി തുടങ്ങിയവരെല്ലാം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും കിട്ടി സി.പി.എമ്മുകാരുടെ തല്ല്. സാവിത്രി രാജീവനെയും സ്റ്റെല്ലയേയും ആക്രമിക്കുന്നതുകണ്ട് ഞങ്ങളുടെ സഖാവ് ഭുവനചന്ദ്രന്‍ കത്തിയെടുത്ത് അവരെ വിരട്ടിയോടിച്ചു.
കാലമെത്ര കഴിഞ്ഞാലും മാഞ്ഞുപോകുന്നില്ല വിപ്ലവത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍. അന്നത്തെ നക്സലൈറ്റുകളുടെ പിന്‍മുറക്കാരായ നാലു മാവോയിസ്റ്റുകള്‍ അട്ടപ്പാടിയിലെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ ആ പഴയകാലം മനസ്സിലേക്കു വരുന്നു.
അടിയന്തരാവസ്ഥക്കാലത്തു ചുട്ടുകൊല്ലപ്പെട്ട കവി സുബ്ബറാവു പാണിഗ്രാഹിയുടെ പേരില്‍ ഞങ്ങള്‍ ആറ്റിങ്ങലില്‍ കവിയുടെ പേരില്‍ ഒരു ബുക്ക് സ്റ്റാളും സൂര്യരേഖ എന്ന സാംസ്‌കാരിക സംഘടനയും രൂപീകരിച്ചിരുന്നു. അക്കാലത്താണ് മഠത്തില്‍ മത്തായി എന്ന ജന്മിയെ വയനാട്ടില്‍ നക്‌സലുകള്‍ ഉന്മൂലനം ചെയ്തത്. ആവേശം കൊണ്ട ഞങ്ങള്‍ മഠത്തില്‍ മത്തായി വധം ന്യായീകരിച്ച് പോസ്റ്ററുകള്‍ പതിച്ചു.
പിറ്റേദിവസം സി.പി.എമ്മുകാര്‍ ബുക്ക് സ്റ്റാള്‍ പൊലീസിന് ഒറ്റുകൊടുത്തു. തലേ രാത്രി പുസ്തകങ്ങളെല്ലാം ഞാനും ശിഷ്യന്‍ ജ്യോതിയും ചേര്‍ന്ന് സൈക്കിളില്‍ വീട്ടിലേക്ക് കടത്തിയിരുന്നു. എന്റെ സഹോദരനും സമതാളം പത്രാധിപരുമായിരുന്ന എസ്. ജയകുമാറായിരുന്നു അന്ന് ഞങ്ങളുടെ നേതാവ്. അദ്ദേഹം ഇന്നു നമ്മോടൊപ്പമില്ല.
ഞങ്ങളെ പിടിക്കാന്‍ തൊട്ടടുത്ത ദിവസം പൊലീസ് വീട് റെയ്ഡ് ചെയ്തു. വിറകുപുരയ്ക്ക് അടിയില്‍ ഒളിപ്പിച്ച പുസ്തകങ്ങള്‍ പക്ഷേ അവര്‍ക്കു കിട്ടിയില്ല. ഞങ്ങളെ കിട്ടയില്ലെങ്കിലും ടെലിഫോണ്‍ എകസ്‌ചേഞ്ച് ഉദ്ദ്യോഗസ്ഥനായിരുന്ന ജയറാമിനെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഉണ്ടായ സി.പി.എമ്മിന്റെയും പൊലീസിന്റെയും വേട്ടയാടല്‍ ഒരിക്കലും മറക്കാനാവുന്നതല്ല.
എന്നിട്ടും മധു മാസ്റ്ററുടെയും കവി സത്യന്‍ മൊകേരിയുടെയും നേതൃത്വത്തില്‍ അരങ്ങേറിയ പടയണി, സ്പാര്‍ട്ടക്കസ്, അമ്മ തുടങ്ങിയ നാടകങ്ങള്‍ ഞങ്ങള്‍ ആറ്റിങ്ങലില്‍ നടത്തി. ആറ്റിങ്ങല്‍ ബോയ്സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ സ്പാര്‍ട്ടക്കസ് അരങ്ങേറുമ്പോള്‍ സി.പി.എമ്മുകാര്‍ കല്ലെറിഞ്ഞു. യൂണിവേഴ്സിറ്റി കോളേജില്‍ നിന്നെത്തിയ എസ്.എഫ്.ഐ സഖാക്കളായിരുന്നു ഞങ്ങള്‍ക്ക് കാവല്‍! നാടകം തുടങ്ങിയതോടെ കല്ലെറിഞ്ഞവരും ശ്വാസമടക്കി കാഴ്ച്ചക്കാരായി മാറി.
എണ്‍പതുകളിലെ ജനകീയ വിചാരണയും സാംസ്‌കാരികവേദി പ്രവര്‍ത്തനവും കാമ്പസുകളെ ഉണര്‍ത്തിയിരുന്ന കാലം. കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും കെ.ജി ശങ്കരപ്പിള്ളയും ആറ്റൂരും സി.ആര്‍ പരമേശ്വരനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മഹാകവി വൈലോപ്പിള്ളി പോലും കവിയരങ്ങുകളിലൂടെ സാംസ്‌കാരിക കേരളത്തിന് നേതൃത്വം നല്‍കിയ ആ വസന്തകാലം. ഇനി ആ കാലം മടങ്ങി വരുമോ?
ചരിത്രം നമ്മെ മുന്നോട്ടു തന്നെ നയിക്കും. അക്ഷരം അഗ്‌നിയാണെന്നു പഠിപ്പിച്ച സ്പാര്‍ട്ടക്കസിന്റെ പിന്‍മുറക്കാരെ വെടിയുണ്ടകള്‍ക്കു തോല്‍പ്പിക്കാവില്ലല്ലോ.
എംടി കത്തെഴുതാന്‍ മടിച്ചു, മകള്‍ പത്രപ്രവര്‍ത്തകയായില്ല
Keywords: Naxalism, Kerala, Communists, S Jagadeesh Babu
COMMENTS