തൃശൂര്‍: മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി ജയചന്ദ്രന്‍ (81) അന്തരിച്ചു. അര്‍ബുദ ബാധിതനായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയ്ക്കിടെ രാത...
തൃശൂര്‍: മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി ജയചന്ദ്രന്‍ (81) അന്തരിച്ചു. അര്‍ബുദ ബാധിതനായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയ്ക്കിടെ രാത്രി 7.45 നായിരുന്നു അന്ത്യം.
മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ആറു തവണയും ദേശീയ പുരസ്‌കാരം ഒരുതവണയും ലഭിച്ചു.
കലൈമാമണി ബഹുമതി നല്കി തമിഴ് നാട് അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നാലുവട്ടം തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
1944 മാര്‍ച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രന്‍ ജനിച്ചത്. തൃപ്പൂണിത്തുറ കോവിലകത്തെ രവിവര്‍മ കൊച്ചനിയന്‍ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനാണ്. പിന്നീട് കുടുംബം ഇരിങ്ങാലക്കുട പാലിയത്തേയ്ക്കു താമസം മാറി. കുട്ടിക്കാലത്ത് ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു.
ചേന്ദമംഗലത്തെ പാലിയം സ്‌കൂള്‍, ആലുവ സെന്റ് മേരീസ് ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം.
1958 ല്‍ നടന്ന ആദ്യ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തില്‍ ഒന്നാംസ്ഥാനവും ലളിതഗാനത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. അന്ന് ലളിതഗാനത്തിലും ശാസ്ത്രീയ സംഗീതത്തിലും യേശുദാസായിരുന്നു ഒന്നാമത്.
സുവോളജിയില്‍ ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് ബിരുദം നേടി 1966-ല്‍ ചെന്നൈയില്‍ പ്യാരി കമ്പനിയില്‍ കെമിസ്റ്റായി ജോലി ചെയ്യാനാരംഭിച്ചു. ആ വര്‍ഷം തന്നെ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പാടി. പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീം ഒരുക്കിയ ആ ഗാനം പുറത്തു വരുന്നതിനു മുന്‍പ് കളിത്തോഴനിലെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി... എന്ന ഗാനം പുറത്തു വന്നു. അതോടെ അദ്ദേഹം മലയാളത്തിന്റെ പ്രിയ ഗായകനായി മാറുകയായിരുന്നു.
ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി 2021-ല്‍ കേരളം അദ്ദേഹത്തെ ആദരിച്ചു. രാസാത്തി എന്ന ഒറ്റഗാനത്തിലൂടെ തന്നെ തമിഴ് നാടിന്റെ ഹൃദയവും അദ്ദേഹം കീഴടക്കി. കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി... എന്ന ഗാനത്തിലൂടെ 1994-ല്‍ മികച്ച ഗായകനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു.
COMMENTS