ജെറുസലേം : 15 മാസം നീണ്ട രക്തച്ചൊരിച്ചിലിന് ഒടുവിൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ആദ്യഘട്ടം എന്ന നിലയിൽ ഇന്ന് മോചിപ്പിക്കുന്ന മൂ...
ജെറുസലേം : 15 മാസം നീണ്ട രക്തച്ചൊരിച്ചിലിന് ഒടുവിൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
ആദ്യഘട്ടം എന്ന നിലയിൽ ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ വിവരങ്ങൾ ഇസ്രായേലിന് ഹമാസ് കൈമാറി.
നാടകീയ നീക്കങ്ങൾക്കൊടുവിലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. പ്രാദേശിക സമയം ഇന്ന് രാവിലെ എട്ടരയ്ക്കായിരുന്നു വെടിനിർത്തൽ നടപ്പിലാകേണ്ടിയിരുന്നത്.
എന്നാൽ, ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറാത്തതിനാൽ ഇസ്രയേൽ വെടിനിർത്തലിൽ നിന്ന് പിന്മാറിയിരുന്നു.
തുടർന്ന് രണ്ടു മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബന്ദികളുടെ പേരുകൾ മധ്യസ്ഥരായ ഖത്തർ വഴി ഹമാസ് കൈമാറിയത്.
പ്രാദേശിക സമയം ഇന്ന് വൈകുന്നേരം നാലു മണിക്ക് ബന്ദികളെ കൈമാറാമെന്നാണ് ഹമാസ് പറഞ്ഞിട്ടുള്ളത്. എവിടെവച്ച് കൈമാറുമെന്ന് വ്യക്തമാക്കിയിട്ടില്ല.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ മാത്രമേ പലസ്തീനിൽ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും ഭക്ഷണവും മരുന്നും എത്തിക്കാനും കഴിയുകയുള്ളൂ.
ഗാസയിലേക്ക് ഭക്ഷണവും മരുന്നുമായി ട്രക്കുകൾ ഈജിപ്ത് അതിർത്തിയിൽ കാത്തു കിടക്കുകയാണ്.
വെടിനിർത്തലിനെ അംഗീകരിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
ആറു മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വെള്ളിയാഴ്ച ഇസ്രയേൽ മന്ത്രിസഭ വെടിനിർത്തലിന് അംഗീകാരം നൽകിയത്.
രാജ്യത്തെ സുരക്ഷാ ക്യാബിനറ്റും വെടിനിർത്തലിന് അനുമതി നൽകിയിരുന്നു. 3 ഘട്ടമായാണ് വെടിനിർത്തൽ വിഭാവനം ചെയ്യുന്നത്.
42 ദിവസം ആണ് ആദ്യഘട്ടം ഈ സമയത്ത് 33 ബന്ദികളെ വിട്ടയക്കാം എന്നാണ് ഹമാസ് പറഞ്ഞിട്ടുള്ളത്.
പകരം 1900 പലസ്തീൻ തടവുകാരെ വിട്ടയക്കാമെ ന്ന് ഇസ്രായേലും സമ്മതിച്ചിട്ടുണ്ട് . .സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യഘട്ടത്തിൽ ഇരുപക്ഷവും വിട്ടയക്കുക.
ഇതേസമയം വെടിനിർത്തലിനെതിരെ ഇസ്രായേലിൽ തന്നെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.
നെതന്യാഹു ഹമാസിന് കീഴടങ്ങിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. മറ്റൊരുകൂട്ടർ പറയുന്നത് അമേരിക്കൻ പ്രസിഡൻറ് ആകാൻ തയ്യാറെടുക്കുന്ന ഡൊണാൾഡ് ട്രംപിനെ ഭയന്നാണ് ഇസ്രയേൽ വെടിനിർത്തലിന് സമ്മതിച്ചത് എന്നാണ്.
നെതന്യാഹുവിന്റെ മന്ത്രിസഭയിലെ ചില അംഗങ്ങളും വെടിനിർത്തലിന് എതിരാണ്. ഭൂരിപക്ഷ അഭിപ്രായം അദ്ദേഹത്തിന് അനുകൂലമായതുകൊണ്ട് മാത്രമാണ് വെടിനിർത്തൽ സാധ്യമായത്.
Keywords : Israel, Palastine, Netanyahu, Hamaz, Ceasefire
COMMENTS