എം രാഖി വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ നാല്പത്തേഴാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റു. കാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന പ്രൗഢഗംഭീര...
എം രാഖി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ നാല്പത്തേഴാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റു. കാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ട്രംപ് ചുമതലയേറ്റത്.
ട്രംപിന്റെ കടുത്ത ആരാധകന്‍ കൂടിയായ ജെ ഡി വാന്‍സിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. തുടര്‍ന്നാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.
ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടു ബൈബിളുകള്‍ സാക്ഷിയാക്കിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്. ആദ്യ ബൈബിള്‍ 1861ല്‍ അബ്രഹാം ലിങ്കണ്‍ സത്യവാചകം ചൊല്ലുന്നതിന് ഉപയോഗിച്ചതും രണ്ടാമത്തേത് 1951ല്‍ ട്രംപിന് അദ്ദേഹത്തിന്റെ അമ്മ സമ്മാനിച്ചതും. രണ്ടു ബൈബിളുകളും ഭാര്യ മെലാനിയ ട്രംപ് പിടിച്ചിരുന്നു.
രണ്ട് ഇംപീച്ച്മെന്റ് വിചാരണകള്‍, ഒരു കുറ്റകൃത്യം, രണ്ട് കൊലപാതക ശ്രമങ്ങള്‍, 2020 ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ മറികടക്കാന്‍ നടത്തിയ കള്ളക്കളികളുടെ പേരിലുള്ള കുറ്റപത്രം... ഇവയെല്ലാം അതിജീവിച്ചാണ് 78 കാരനായ ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റിന്റെ കസേരയില്‍ എത്തിയിരിക്കുന്നത്.
വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ജോ ബൈഡനും പിന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപും സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വൈറ്റ് ഹൗസില്‍ ചായ സത്കാരത്തില്‍ പങ്കെടുത്തിരുന്നു.
കാപ്പിറ്റോളിലെ പ്രകൃതിരമണീയമായ വെസ്റ്റ് ലോണിലെ താല്‍ക്കാലിക പ്ലാറ്റ്ഫോമിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് പതിവായി നടത്തുക. എന്നാല്‍, ഇക്കുറി കടുത്ത തണുപ്പു കാരണം ചടങ്ങ് ഉള്‍ത്തളത്തിലേക്കു മാറ്റുകയായിരുന്നു. 600 പേരെ ഉള്‍ക്കൊള്ളാവുന്ന വേദിയാണ് ഒരുക്കിയിരിക്കുന്നത്.
ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍ സംബന്ധിച്ചു. ഇന്ത്യയില്‍ നിന്ന് വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസാ കത്ത് ജയ് ശങ്കര്‍ ട്രംപിന് കൈമാറി. സാധാരണ രാഷ്ട്രത്തലവന്മാരെ യു എസ് പ്രസിഡന്റിന്റെ അധികാരമേല്‍ക്കല്‍ ചടങ്ങളിലേക്കു ക്ഷണിക്കാറില്ല.
അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നു ട്രംപ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി.തിരഞ്ഞെടുപ്പു റാലികളിലെ വാക്കുകള്‍ തന്നെയാണ് ട്രംപ് ആവര്‍ത്തിച്ചത്. അമേരിക്കയില്‍ ഇന്നു മുതല്‍ സുവര്‍ണ യുഗമെന്നാണ് ട്രംപ് പറഞ്ഞത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ ബൈഡനും കമലാ ഹാരിസിനും കടുത്ത വിമര്‍ശനവും ട്രംപ് ഉയര്‍ത്തി.
പനാമ കനാലിന്റെ നിയന്ത്രണം തിരികെ പിടിക്കുമെന്നും ഇപ്പോള്‍ അതിന്റെ നിയന്ത്രണം ചൈനയ്ക്ക് ആണെന്നും ട്രംപ് ആരോപിച്ചു. ഗള്‍ഫ് ഒഫ് മെക്‌സിക്കോയെ ഗള്‍ഫ് ഒഫ് അമേരിക്കയെന്നു നാമകരണം ചെയ്യും. അതുപോലെ, ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന് ഒട്ടും പ്രതീക്ഷ നല്കാത്ത പ്രസംഗമാണ് ്ട്രംപ് നടത്തിയത്. ഇനി മുതല്‍ അമേരിക്കയില്‍ ആണും പെണ്ണും മാത്രമേ ഉള്ളൂവെന്നും മൂന്നാം വിഭാഗക്കാര്‍ ഇല്ലെന്നും ട്രംപ് പ്രഖ്യാപിച്ചു.
കുടിയേറ്റം, ഊര്‍ജം, താരിഫ് എന്നിവയുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് നടപടികളുടെ കാര്യത്തിലായിരിക്കും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടന്‍ ട്രംപ് ഒപ്പിടുക. നൂറോളം എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളാണ് ട്രംപിനു മുന്നിലേക്ക് ഒപ്പിടാനായി എത്തുക. നാലു വര്‍ഷം മാത്രമാണ് മുന്നിലുള്ളതെന്ന തിരിച്ചറിവിലാണ് ട്രംപ് അതിവേഗ ഭരണ നടപടികളിലേക്കു നീങ്ങുന്നത്.വൈറ്റ് ഹൗസില്‍ തന്റെ തിരിച്ചുവരവിന്റെ ആദ്യ ദിവസം മുതല്‍ 'ചരിത്രപരമായ വേഗതയില്‍' പ്രവര്‍ത്തിക്കുമെന്ന് ക്യാപിറ്റോള്‍ വണ്‍ അരീനയില്‍ ഇന്നലെ നടന്ന 'വിജയ റാലി'യെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ആര്‍ലിംഗ്ടണ്‍ നാഷണല്‍ സെമിത്തേരിയില്‍ നടന്ന പുഷ്പാര്‍ച്ചനയിലും അദ്ദേഹം പങ്കെടുത്തു.
Summary: Donald Trump took office as the 47th President of the United States. Trump took office in a lavish ceremony at the Capitol. Vice President JD Vance was also sworn in. President Joe Biden and his successor, Donald Trump, attended a tea party at the White House ahead of the inauguration.
COMMENTS