കൊച്ചി : ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ മടി കാട്ടിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ കടുത്ത നടപടിക്ക് ഹൈക്കോടതി. ബോബിയുടെ ജാ...
കൊച്ചി : ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ മടി കാട്ടിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ കടുത്ത നടപടിക്ക് ഹൈക്കോടതി.
ബോബിയുടെ ജാമ്യം റദ്ദാക്കാൻ നോട്ടീസ് അയക്കുമെന്നും രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും ഒരു മാസത്തിനുള്ളിൽ വിചാരണ തുടങ്ങാനും ഉത്തരവിടുമെന്നും കോടതി പറഞ്ഞു.
കോടതിയെ അപമാനിക്കാനുള്ള ശ്രമമാണ് അയാൾ നടത്തുന്നത്. വിചാരണ തുടങ്ങിയാൽ പിന്നെ തടവുകാർക്കൊപ്പം അയാൾക്ക് ഇഷ്ടംപോലെ സമയം ചെലവിടാമല്ലോ എന്നും കോടതി പറഞ്ഞു.
കോടതിയോട് യുദ്ധപ്രഖ്യാപനമാണ് ബോബി നടത്തുന്നത്. ഹൈക്കോടതിയോടാണ് അയാൾ കളിക്കുന്നത്.
എന്തും വിലകൊടുത്ത് വാങ്ങാം എന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു. ബോബി എന്ന വ്യക്തി നിയമത്തിന് മുകളിലാണോ? തടവുകാരുടെ കാര്യങ്ങളൊക്കെ അയാൾ നോക്കുമെന്നും ജുഡിഷ്യറി വേണ്ടെന്നുമാണോ?
തനിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനെ പോലും അയാൾ അപമാനിക്കുകയാണ് ചെയ്തത്, ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അയാളുടെ ജാമ്യ ഉത്തരവ് എഴുതാൻ വേണ്ടി ഞാൻ 12 30ന് ഇറങ്ങി. 3 30ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നിട്ടും അയാൾ നാടകം കളിക്കുകയാണ്, കോടതി പറഞ്ഞു.
ജയിലിൽ നിന്ന് ഇറങ്ങിയശേഷം എന്തൊക്കെയാണ് പറഞ്ഞതെന്ന് ബോബിയോട് ഫോണിൽ ചോദിക്കാൻ അഭിഭാഷകനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു.
തടവുകാരെ സഹായിക്കാനാണ് ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതിരുന്നത് എന്ന് ബോബി മാധ്യമങ്ങളോട് പറഞ്ഞോ എന്ന് അറിയിക്കാനും കോടതി നിർദ്ദേശിച്ചു.
ബോബിയുടെ അഭിഭാഷകരെ രാവിലെ കോടതി വിളിച്ചു വരുത്തുകയായിരുന്നു. ചൊവ്വാഴ്ച ജാമ്യ ഉത്തരവ് ലഭിച്ചിട്ടും എന്തുകൊണ്ടാണ് പുറത്തിറങ്ങാതിരുന്നതെന്ന് കോടതി ചോദിച്ചു. തുടർന്നായിരുന്നു രൂക്ഷമായ വിമർശനം.
ഉച്ചയ്ക്ക് 12 മണിക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോൾ ബോബിയുടെ അഭിഭാഷകർ നിരുപാധികം മാപ്പ് പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് 1:45ന് വീണ്ടും ഈ വിഷയം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Keywords: High court, Bobby chamanur, Honey Rose, Bail, Kakkanad sub jail
COMMENTS