പാലക്കാട് : ഒരു വീട്ടിലെ 3 പേരെ കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ റിമാന്‍ഡ് ചെയ്തു. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാ...
പാലക്കാട് : ഒരു വീട്ടിലെ 3 പേരെ കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ റിമാന്‍ഡ് ചെയ്തു. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ചെന്താമരയെ ആലത്തൂര്‍ സബ് ജയിലില്‍ എത്തിച്ചു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. കസ്റ്റഡി അപേക്ഷ അടുത്ത ദിവസം നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
താന്‍ എല്ലാം ചെയ്തത് ഒറ്റക്കാണെന്ന് ചെന്താമര പറഞ്ഞു. ചെയ്തത് തെറ്റാണെന്നും നൂറു വര്‍ഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ഇനി തനിക്ക് പുറത്തിറങ്ങാന്‍ ആഗ്രഹമില്ലെന്നും ചെന്താമര പറഞ്ഞു.
പൊലീസ് ഉപദ്രവിച്ചിട്ടില്ല. എന്‍ജിനീയറായ മകളുടെയും മരുമകന്റെയും മുന്നില്‍ മുഖം കാണിക്കാനാവില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. തന്റെ പദ്ധതി നടപ്പായതിന്റെ സന്തോഷത്തിലാണ് ചെന്താമരയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകങ്ങള്‍ നടത്തുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ചെന്താമര കൊടുവാള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. പൂര്‍വവൈരാഗ്യത്താലാണ് കൊല നടത്തിയതെന്നും അയല്‍വാസികള്‍ക്കെതിരെ ചെന്താമര തുടര്‍ച്ചയായി വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിനു മുഴുവന്‍ ഭീഷണിയാണ്. വീട്ടില്‍ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരനെ ഇന്നലെ പൊലീസ് പിടികൂടിയത്. രാത്രി നെന്മാറ മാട്ടായിയില്‍ കൂട്ടതിരച്ചില്‍ നടന്ന സമയത്ത് തന്നെ പ്രതി പോലീസ് കസ്റ്റഡിയിലാവുകയായിരുന്നു.
27നാണ് നെന്മാറയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയായ ചെന്താമര അയല്‍വാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.
COMMENTS