Bobby Chemmanur, who did not come out of jail even after getting bail, applied for an unconditional pardon from the High Court and the court accepted
സ്വന്തം ലേഖകന്‍
കൊച്ചി: ജാമ്യം കിട്ടിയ ശേഷവും ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂര്‍ ഹൈക്കോടതിയോട് നിരുപാധികം മാപ്പ് അപേക്ഷിക്കുകയും കോടതി അത് സ്വീകരിക്കുകയും ചെയ്തു.
തനിക്ക് നാക്കുപിഴ സംഭവിച്ചിട്ടുണ്ടെന്നും നിരുപാധികം മാപ്പപേക്ഷിക്കുകയാണെന്നും ബോബി ചെമ്മണൂര്‍ കോടതിയെ ബോധിപ്പിച്ചു. ബോബിയുടെ അപേക്ഷ സ്വീകരിച്ച കോടതി തുടര്‍ നടപടികള്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു.
രേഖാമൂലമുള്ള അപേക്ഷ ബോബി ചെമ്മണൂര്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.
ബോബി ഇനി വാ തുറക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പു നല്‍കി. മാധ്യമങ്ങളെ കണ്ടപ്പോള്‍ അയാള്‍ക്ക് നാക്ക് പിഴച്ചതാണെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകന്‍ ബോധ്യപ്പെടുത്തി. ഇതോടെയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ മാപ്പ് നല്‍കാന്‍ തയ്യാറായത്.
ഇന്ന് മൂന്നാമത്തെ തവണയാണ് കോടതി ഈ വിഷയത്തില്‍ അഭിഭാഷകരെ വിളിച്ചുവരുത്തിയത്. രാവിലെ അതിരൂക്ഷമായ ഭാഷയിലായിരുന്നു കോടതി സംസാരിച്ചത്. ജാമ്യം റദ്ദാക്കി ഒരു മാസത്തിനുള്ളില്‍ വിചാരണ ആരംഭിക്കുമെന്നും അപ്പോള്‍ ബോബിക്കു ജയിലില്‍ തന്നെ കിടക്കാന്‍ അവസരമൊരുങ്ങണമെന്നും കോടതി പറഞ്ഞിരുന്നു.
ഇതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ അഭിഭാഷകര്‍ക്ക് മനസ്സിലായതും അത് അവര്‍ ബോബി ചെമ്മണൂരിനെ ബോധ്യപ്പെടുത്തിയതും.
തുടര്‍ന്നാണ് കോടതിയില്‍ നിരുപാധിക മാപ്പ് അപേക്ഷയുമായി ബോബി എത്തിയത്. അല്ലാത്തപക്ഷം കോടതി ജാമ്യം റദ്ദാക്കി തുടര്‍നടപടിയിലേക്ക് പോകുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു.
ജാമ്യം കിട്ടിയിട്ടും അയാള്‍ പോകാതിരുന്നത് കോടതിക്ക് പ്രശ്‌നമില്ല. പക്ഷേ തടവുകാരെ സഹായിക്കാന്‍ ജയിലില്‍ നില്‍ക്കുന്നു എന്നാണ് അയാള്‍ പറഞ്ഞത്. അത് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അയാള്‍ ബിസിനസുകാരനല്ലേ? ബിസിനസ് ചെയ്താല്‍ മതി, ജുഡിഷ്യറിയുടെ കാര്യം നോക്കേണ്ടതില്ല, കോടതി പറഞ്ഞു.
ഒളിമ്പിക്‌സിന് മെഡല്‍ നേടിയ ശേഷം വരുന്നതുപോലെയാണ് അയാള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്ന കുറ്റമാണ് അയാള്‍ ചെയ്തത്. ജുഡിഷ്യറിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് സമാനമായ നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.
ഇതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ അഭിഭാഷകര്‍ ബോബിയോട് നിരുപാധിക മാപ്പപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത്.
കോടതിയോട് കളിക്കാന്‍ ഇല്ലെന്നും അത്തരമൊരു ആളല്ല താനെന്നും കോടതിയോട് എന്നും ബഹുമാനം മാത്രമാണുള്ളതെന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നാടകം കളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. മാപ്പ് ചോദിക്കാനും തയ്യാറാണ്. ജാമ്യം കിട്ടിയ ശേഷം ഇന്നലെ പുറത്തിറങ്ങാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല. എന്തോ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് പറഞ്ഞത്. പേപ്പറുകള്‍ എല്ലാം ഇന്ന് രാവിലെയാണ് എത്തിയത്. അതല്ലാതെ ജയിലില്‍ കിടക്കുന്നവരെ സഹായിക്കാന്‍ വേണ്ടി അവിടെ തങ്ങിയതല്ലെന്നും ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജാമ്യം ലഭിച്ചിട്ടും ജാമ്യ തുക കെട്ടിവയ്ക്കാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന നിരവധി പേരുണ്ട്. അവരുടെ വിഷമങ്ങള്‍ കേട്ടിരുന്നു. പക്ഷേ ആ പ്രശ്‌നം പരിഹരിക്കാനല്ല ജയിലില്‍ നിന്നതെന്നും ബോബി പറഞ്ഞു. ഇത്തരക്കാരെ സഹായിക്കാന്‍ ബോച്ചെ ട്രസ്റ്റ് വഴി പണം മാറ്റിവയ്ക്കുമെന്നും ആരെയും വേദനിപ്പിച്ചിട്ടില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുമെന്നും നിയമവ്യവസ്ഥയെ അംഗീകരിക്കുന്നുവെന്നും ബോബി പറഞ്ഞു.
തന്നെ സ്വീകരിക്കാന്‍ ആരും എത്താന്‍ പാടില്ലെന്ന് ബോച്ചെ ഫാന്‍സിന്റെ എല്ലാ ജില്ലാ ഘടകങ്ങളോടും പറഞ്ഞിരുന്നു. ആരൊക്കെയോ ജയിലിനു പുറത്ത് വന്നിരുന്നു. അവര്‍ ആരെന്ന് എനിക്കറിയുകയുമില്ല, ബോബി ചെമ്മണൂര്‍ പറഞ്ഞു. ഇപ്പോള്‍ ഉണ്ടായ വിവാദം തന്റെ ബിസിനസുകളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Summary: Bobby Chemmanur, who did not come out of jail even after getting bail, applied for an unconditional pardon from the High Court and the court accepted it.
COMMENTS