The Ernakulam Judicial Magistrate Court has remanded industrialist Bobby Chemmannur for 14 days for allegedly sexually assaulting actress Honey Rose
സ്വന്തം ലേഖകന്‍
കൊച്ചി : നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വിധി കേട്ടു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കോടതിയില്‍ തളര്‍ന്നിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എ അഭിരാമിയാണ് വിധി പ്രഖ്യാപിച്ചത്. വിധി കേട്ട ബോബി ചെമ്മണ്ണൂരിന് രക്തസമ്മര്‍ദ്ദം ഉയര്‍ന്നു ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. കോടതി മുറിയില്‍ വിശ്രമിക്കാനും ആവശ്യമെങ്കില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പോകാനും കോടതി നിര്‍ദ്ദേശിച്ചു.
റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലില്‍ അടക്കുമെന്ന് പൊലീസ് അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു വൈദ്യപരിശോധന നടത്തിയ ശേഷമായിരിക്കും ജയിലില്‍ അടയ്ക്കുക. ഇതേസമയം, നാളെ തന്നെ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ അറിയിച്ചു.
പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്തിയ വകുപ്പുകള്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ പോന്നതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
ഇതേസമയം, നടിയോടു മോശമായി സംസാരിച്ചിട്ടില്ലെന്നും കേസിനാസ്പദമായ പരിപാടിയുടെ മൊത്തം ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗവും കോടതിയില്‍ വാദിച്ചു.
നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു നടി ഹണി റോസ് പ്രതികരിച്ചത്.
വന്‍ തുക മുടക്കി പ്രമുഖ അഭിഭാഷകരെ നിരത്തിയാണ് ബോബി ചെമ്മണ്ണൂര്‍ കോടതിയില്‍ തന്റെ വാദങ്ങള്‍ നിരത്തിയത്. ഈ വാദങ്ങളെല്ലാം പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഹണി സമര്‍ത്ഥമായി പൊളിക്കുകയായിരുന്നു. നിരന്തരം പിന്തുടര്‍ന്ന് അധിക്ഷേപിക്കുകയായിരുന്നു എന്നാണ് നടി ഹണി റോസ് പരാതിപ്പെട്ടിട്ടുള്ളത്.
നടിയുടെ രഹസ്യ മൊഴി കേട്ട ശേഷം കൂടുതല്‍ വകുപ്പുകള്‍ ആവശ്യമെങ്കില്‍ ചുമത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. വിദേശത്ത് ഉള്‍പ്പെടെ ബിസിനസ് ഉള്ള പ്രതി ജാമ്യം ലഭിച്ചാല്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ലൈംഗിക അധിക്ഷേപം നടത്തുക മാത്രമല്ല, അത് സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ടെന്ന് പ്രതി ഉറപ്പാക്കിയിരുന്നുവെന്നും കുറ്റകൃത്യം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. ഇത് കോടതി മുഖവില്‌ക്കെടുക്കുകയും 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ആയിരുന്നു.
വയനാട്ടില്‍ നിന്ന് ഇന്നലെയാണ് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രിയില്‍ തന്നെ കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത നിമിഷം മുതല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടിലാണ് ബോബി ചെമ്മണ്ണൂര്‍ ഉറച്ചുനിന്നത്. കോടതിയില്‍ എത്തുമ്പോഴും താന്‍ മാപ്പ് പറയാന്‍ മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല എന്ന നിലപാടിലായിരുന്നു ഇയാള്‍.
Summary: The Ernakulam Judicial Magistrate Court has remanded industrialist Bobby Chemmannur for 14 days for allegedly sexually assaulting actress Honey Rose.
COMMENTS