ജറുസലേം: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഇതോടെ കരാര്‍ പ്രകാരം ആദ്യ ബന്ദി മോചനവും സാധ്യമായി. ഹമാസ് മോചിപ്പിച്ച മൂന്നുപേരും ഇന...
ജറുസലേം: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഇതോടെ കരാര്‍ പ്രകാരം ആദ്യ ബന്ദി മോചനവും സാധ്യമായി. ഹമാസ് മോചിപ്പിച്ച മൂന്നുപേരും ഇന്നലെ ജന്മനാട്ടില്‍ തിരിച്ചെത്തി. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9.30 നാണ് ഇസ്രയേല്‍ അതിര്‍ത്തിയിലെത്തിച്ചത്. തുടര്‍ന്ന് ടെല്‍ അവീവിലെത്തിക്കുകയായിരുന്നു. ബന്ദികളെ ഇസ്രയേല്‍ സൈന്യത്തിനു കൈമാറിയ വാര്‍ത്തയറിഞ്ഞതോടെ ഇസ്രയേലില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.
ആദ്യം മോചിപ്പിച്ച മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറായത്. 2023 ഒക്ടോബര്‍ 7നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്റെ ആക്രമണം. ജനുവരി 15ന്, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം ലഭിക്കുകയും ഇന്നലെ കരാര്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.
അതേസമയം വെടി നിര്‍ത്തലിനു പിന്നാലെ തകര്‍ന്നടിഞ്ഞ നാട്ടിലേക്കു പലസ്തീന്‍കാരുടെ കൂട്ടപ്രവാഹമാണ്. തിരിച്ചെത്തിയവര്‍ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളില്‍ പ്രാര്‍ഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നഷ്ടമായവര്‍ക്കുവേണ്ടിയുള്ള തിരച്ചിലിലാണ് ചിലര്‍.
ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ ഹമാസിന്റെ ഉന്നത നേതാക്കളടക്കം 46,913 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. 1,10,750 പരുക്കേല്‍ക്കുകയും 23 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തു. അതേസമയം ഗാസയിലെ യുദ്ധത്തില്‍ 400 സൈനികര്‍ കൊല്ലപ്പെട്ടെന്നാണു ഇസ്രയേല്‍ കണക്ക്.
Key Words: Gaza Cease-Fire Agreement, Hamas, Hostages
COMMENTS