തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിന് നൃത്തവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തിലിടപെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഒരു ന...
തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിന് നൃത്തവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദത്തിലിടപെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഒരു നടിയെക്കുറിച്ചു താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. കലോത്സവ ഒരുക്കങ്ങളുടെ തുടക്കത്തില്‍ത്തന്നെ അനാവശ്യ ചര്‍ച്ചകളും വിവാദങ്ങളും ഒഴിവാക്കാനാണ് പ്രസ്താവന പിന്‍വലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
14,000 കുട്ടികള്‍ പങ്കെടുക്കുന്ന സ്‌കൂള്‍ കലോത്സവത്തില്‍ ഏഴു മിനിറ്റ് നീളുന്ന നൃത്തം അവതരിപ്പിക്കാന്‍ സ്‌കൂള്‍ കലോത്സവത്തിലൂടെ പ്രശസ്ത നടിയായ വ്യക്തിയോട് അഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ 5 ലക്ഷം രൂപ എന്റെ പ്രസ് സെക്രട്ടറിയോടു ചോദിച്ചു. അതു വാര്‍ത്തയായപ്പോള്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം ആയിട്ടേ ഉള്ളു. കുട്ടികളെ നിരാശപ്പെടുത്തുന്ന വിവാദങ്ങള്‍ വേണ്ട'' മന്ത്രി പറഞ്ഞു. ലോഗോ പ്രകാശനവുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിനു കുട്ടികള്‍ പ്രതീക്ഷയോടെ പങ്കെടുക്കുന്ന കലോത്സവത്തിന്റെ ശോഭ കെടുത്തുന്ന തരത്തിലുള്ള വിവാദങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
''എന്റെ പ്രസ്താവനയ്ക്കു പിന്നാലെ പലരുടെയും പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. ആരെയും സംശയിക്കേണ്ട. ആര്‍ക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട. കലോത്സവം നടക്കുന്ന സമയത്ത് ആരെയും വിഷമിപ്പിക്കേണ്ടതില്ല. അതുകൊണ്ടു പ്രസ്താവന ഞാന്‍ പിന്‍വലിച്ചു. ഇനി അതു വിട്ടേക്ക്'' മന്ത്രി പറഞ്ഞു.
Key words: V Shivankutty, Statement About Actress
COMMENTS