കോഴിക്കോട്: എം ടി ഇനി ഓര്‍മ്മ. മലയാളത്തിലെ മഹാ സാഹിത്യകാരന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂര്‍ റോഡിലെ നവീകരിച്ച പുതിയ ശ...
കോഴിക്കോട്: എം ടി ഇനി ഓര്‍മ്മ. മലയാളത്തിലെ മഹാ സാഹിത്യകാരന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാവൂര്‍ റോഡിലെ നവീകരിച്ച പുതിയ ശ്മശാന കോംപ്ലക്സായ 'സ്മൃതിപഥ'ത്തില്‍ സംസ്‌കരിച്ചു.
മന്ത്രിമാരും സംസ്‌കാരിക നായകന്മാരും അടക്കം വന്‍ ജനാവലി എംടിക്ക് വിട ചൊല്ലാന്‍ തടിച്ചു കൂടിയിരുന്നു. കോര്‍പ്പറേഷന്റെ കീഴിലുള്ള ശ്മശാനത്തില്‍ പുതുതായി നിര്‍മ്മിച്ച മൂന്ന് ഗ്യാസ് ചേമ്പറുകളില്‍ ഒന്നിലാണ് എം ടിയുടെ ഭൗതികശരീരം സംസ്‌കരിച്ചത്.
വൈകിട്ട് മൂന്നുമണിയോടെ വീട്ടില്‍ ആരംഭിച്ച ചടങ്ങുകള്‍ക്കു ശേഷം നാലു മണിയോടെ പ്രിയപ്പെട്ട സിതാരയില്‍നിന്ന് എംടി മടക്കമില്ലാത്ത യാത്രയ്ക്കിറങ്ങി. വന്‍ ജനാവലിയുടെ അകമ്പടിയോടെ വിലാപയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംക്ഷന്‍, ബാങ്ക് റോഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വഴി മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലെത്തിയപ്പോള്‍ അവിടെയും വന്‍ ജനക്കൂട്ടം കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിടെയും പ്രിയപ്പെട്ട എഴുത്തുകാരന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നു. പൊതുദര്‍ശനം വേണ്ടെന്ന് എംടി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നതിനാലായിരുന്നു ടൗണ്‍ ഹാളിലോ മറ്റോ പൊതുദര്‍ശനം നടത്താതിരുന്നത്.
എംടിയുടെ സഹോദരപുത്രന്‍ ടി. സതീശനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
Key Words: MT Vasudevan Nair, Death, Funeral
COMMENTS