ന്യൂഡല്‍ഹി: കിട്ടാക്കടത്തിന്റെ കണക്കുപറഞ്ഞ് ഞെട്ടിച്ച് കേന്ദ്രധനമന്ത്രാലയം. സ്വകാര്യബാങ്കുകളിലെ കിട്ടാക്കടത്തിന്റെ ഇരട്ടിയോളം വരും പൊതുമേഖല ...
ന്യൂഡല്‍ഹി: കിട്ടാക്കടത്തിന്റെ കണക്കുപറഞ്ഞ് ഞെട്ടിച്ച് കേന്ദ്രധനമന്ത്രാലയം. സ്വകാര്യബാങ്കുകളിലെ കിട്ടാക്കടത്തിന്റെ ഇരട്ടിയോളം വരും പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം. സെപ്റ്റംബര്‍ മാസം വരെയുള്ള കണക്കുപ്രകാരം പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം 3,16,331 കോടി രൂപയും സ്വകാര്യബാങ്കുകളിലെ കിട്ടാക്കടം 1,34,339 കോടി രൂപയുമാണ്. നല്‍കിയ വായ്പയുടെ 1.86% ആണ് സ്വകാര്യബാങ്കുകളുടെ കിട്ടാക്കടമെങ്കില്‍ പൊതുമേഖല ബാങ്കുകളുടെ കാര്യത്തില്‍ ഇത് 3.09% ആണ്.
ഏറ്റവും കൂടുതല്‍ വായ്പ എഴുതിത്തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 2015-16ല്‍ 15,955 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത്. എന്നാല്‍ 2018-19 ആയപ്പോഴേയ്ക്കും 58,905 കോടി രൂപയായി ഇത് ഉയര്‍ന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് 2014-15ല്‍ എഴുതിത്തള്ളിയ കിട്ടാക്കടം 5,996 കോടി രൂപയായിരുന്നത് 2023-24 ആയപ്പോഴേയ്ക്കും 18,317 കോടി രൂപയായി ഉയര്‍ന്നു.
ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരിയാണ് കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങള്‍ രാജ്യസഭയില്‍ നല്കിയത്.
50 കോടി രൂപയിലേറെ വായ്പ എടുത്ത് ബോധപൂര്‍വം തിരിച്ചടയ്ക്കാത്ത 580 സ്ഥാപനങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.
Key Words: Bad Debt of Banks, Union Finance Ministry
COMMENTS