മാത്യു കെ തോമസ് ദുബായ്: മിന്നല്‍ വേഗത്തില്‍ മുന്നേറുന്ന സിറിയന്‍ വിമത സേന തലസ്ഥാനമായ ഡമാസ്‌കസില്‍ പ്രവേശിച്ചതായി സ്ഥിരീകരണം. വിമതര്‍ എത്തുന്...
മാത്യു കെ തോമസ്
ദുബായ്: മിന്നല്‍ വേഗത്തില്‍ മുന്നേറുന്ന സിറിയന്‍ വിമത സേന തലസ്ഥാനമായ ഡമാസ്‌കസില്‍ പ്രവേശിച്ചതായി സ്ഥിരീകരണം. വിമതര്‍ എത്തുന്നതിനു തൊട്ടുമുന്‍പ് പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് ഡമാസ്‌കസില്‍ നിന്ന് പലായനം ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കാല്‍ നൂറ്റാണ്ടായി അസദാണ് സിറിയയുടെ ഭരണം കൈയാളുന്നത്.
ഡമാസ്‌കസ് നഗരത്തെ സ്വേച്ഛാധിപതിയായ ബാഷര്‍ അല്‍-അസദില്‍ നിന്ന് ഞങ്ങള്‍ സ്വതന്ത്രമാക്കിയെന്ന് വിമതരുടെ മിലിട്ടറി ഓപ്പറേഷന്‍സ് കമാന്‍ഡ് ടെലിഗ്രാം പോസ്റ്റില്‍ പറയുന്നു. ലോകമെമ്പാടുമുള്ള കുടിയിറക്കപ്പെട്ടവര്‍ക്ക്, ഒരു സ്വതന്ത്ര സിറിയ നിങ്ങളെ കാത്തിരിക്കുന്നുവെന്നും പോസ്റ്റ് തുടരുന്നു.
ഡമാസ്‌കസില്‍ അസദ് ഭരണം അവസാനിച്ചതിന്റെ സന്തോഷത്തില്‍ ജനം തെരുവില്‍ ആഹ്‌ളാദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരാന്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍, സിറിയയുടെ പ്രസിഡന്‍ഷ്യല്‍ ഓഫീസും ഇറാനിയന്‍ ഉദ്യോഗസ്ഥരും അസദ് തലസ്ഥാനം വിട്ടിട്ടില്ലെന്ന് പറയുന്നുണ്ട്. അസദിന്റെ ഭരണകൂടം ഉടന്‍ നിലംപൊത്തുമെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കൂറുമാറ്റത്തിനു തയ്യാറുള്ള അസദ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി തങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വിമതര്‍ പറയുന്നു.
ഞാന്‍ വീട്ടിലുണ്ട്, ഭരണം കൈമാറാന്‍ തയ്യാര്‍ : സിറിയന്‍ പ്രധാനമന്ത്രി
ഇതേസമയം, താന്‍ വീട്ടില്‍ തന്നെ തുടരുകയാണെന്നും ഭരണ തുടര്‍ച്ചയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ ജലാലി ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. ഔദ്യോഗികമായി കൈമാറുന്നതുവരെ സിറിയിയിലെ പൊതു സ്ഥാപനങ്ങള്‍ 'മുന്‍ പ്രധാനമന്ത്രി'യുടെ മേല്‍നോട്ടത്തില്‍ തുടരുമെന്ന് സിറിയന്‍ വിമത നേതാവ് അഹമ്മദ് അല്‍-ഷാറയും പറഞ്ഞു.
''ഞാന്‍ എന്റെ വീട്ടിലാണ്, ഞാന്‍ എങ്ങും പോയിട്ടില്ല, ഞാന്‍ ഈ രാജ്യത്തിന്റെ ഭാഗമാണ്,'' ജലീലി പറഞ്ഞു. രാവിലെ ജോലി തുടരാന്‍ തന്റെ ഓഫീസിലേക്ക് പോകുമെന്നും പൊതു സ്വത്ത് നശിപ്പിക്കരുതെന്നും സിറിയന്‍ പൗരന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അടുത്ത ഘട്ടം എങ്ങനെയെന്നു തീരുമാനിക്കാന്‍ അറബ്, യൂറോപ്യന്‍ രാജ്യങ്ങളുമായും ഐക്യരാഷ്ട്രസഭയുമായും കൂടിക്കാഴ്ച നടത്തുമെന്ന് വിദേശത്തുള്ള സിറിയയുടെ പ്രധാന പ്രതിപക്ഷ ഗ്രൂപ്പിന്റെ തലവന്‍ ഹാദി അല്‍ ബഹ്റ പറഞ്ഞു.
''സിറിയയിലെ അസാധാരണ സംഭവങ്ങള്‍'' യുഎസ് പ്രസിഡന്റ് ജോ ബൈഡനും സംഘവും സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രാദേശിക പങ്കാളികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുവെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
അസദിന്റെ 24 വര്‍ഷത്തെ ഭരണം അവസാനിച്ചതായി സിറിയന്‍ സൈനിക കമാന്‍ഡ് കീഴ് ഘടകങ്ങളിലെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഇതോടെ അസദിന്റെ പതനം ഉറപ്പായി.
സിറിയന്‍ വിമതര്‍ അലെപ്പോ പിടിച്ചെടുത്ത് ഒരാഴ്ചയ്ക്കുള്ളിലാണ് മൂന്നാമത്തെ വലിയ നഗരമായ ഹോംസ് നിയന്ത്രണത്തിലാക്കിയത്. അവിടെനിന്നാണ് ഡമാസ്‌കസ് ലക്ഷ്യമിട്ടു മുന്നേറ്റമാരംഭിച്ചത്.
തലസ്ഥാനത്ത് പ്രവേശിച്ച് ഡമാസ്‌കസിന് വടക്കുള്ള കുപ്രസിദ്ധമായ സെയ്ദ്‌നയ സൈനിക ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി വിമതര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. 'മനുഷ്യ അറവുശാല' എന്ന്
ആംനസ്റ്റി ഇന്റര്‍നാഷണല്‍ 2017 ലെ ഒരു റിപ്പോര്‍ട്ടില്‍ സെയ്ദ്‌നയയെ വിശേഷിപ്പിച്ചിരുന്നു. അവിടെ കൂട്ട തൂക്കിലേറ്റലുകള്‍ പതിവായിരുന്നു.
സിറിയന്‍ സൈന്യത്തിന്റെ ദയനീയ പതനം കൂടിയാണ് ഇപ്പോഴത്തെ മുന്നേറ്റത്തില്‍ വ്യക്തമാവുന്നത്. കാര്യമായ ഒരു ചെറുത്തുനില്‍പ്പിനു പോലും സേനയ്ക്കു കഴിഞ്ഞില്ല. ''സിറിയന്‍ സൈന്യം ഇത്രയും ദുര്‍ബലമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല,'' എന്നാണ് സൈനിക വിശകലന വിദഗ്ധനായ ഏലിയാസ് ഹന്ന പറയുന്നത്. വിമതരുടെ മുന്നേറ്റ പാതയില്‍ ചെറു പ്രതിരോധം സ്ഥാപിക്കാന്‍ പോവും സേനയ്ക്കായില്ല.
'അലെപ്പോ മുതല്‍ തലസ്ഥാനം വരെ - യുദ്ധം ചെയ്യാനുള്ള ഈ സൈന്യത്തിന്റെ താതാപര്യമില്ലായ്തമയാണ് അസദിനെ രാജ്യം വിട്ടോടുന്ന ഗതിയില്‍ കൊണ്ടെത്തിച്ചത്.'
അല്‍-അസദിന്റെ സഹോദരന്‍ മഹറിന്റെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് സൈനികരുടെ സായുധ സേനയായ സിറിയന്‍ അറബ് ആര്‍മിയുടെ നാലാം ഡിവിഷനും ഈ മുന്നേറ്റത്തിനു മുന്നില്‍ നിസ്സഹായരായിരുന്നു. സിറിയയെ പതിവായി പിന്തുണച്ചിരുന്നു റഷ്യയും ഇറാനും തുര്‍ക്കിയും ക്ഷീണിച്ചതും ഡമാസ്‌കസ് വീഴ്ത്തുന്നതില്‍ വിമതര്‍ക്കു സഹായമായി.
അസദ് പോയി, അല്‍ ഖായിദയുടെ കൈയില്‍ സിറിയ
അസദിനെ ഓടിച്ചുവിട്ടുവെങ്കിലും സിറിയ ചെന്നെത്തിയിരിക്കുന്നത് ഭീകരരുടെ കൈകളിലാണ്. നേരത്തേ ഹമാസ്, ഹിസ്ബുള്ള ഭീകരരെ അസദ് വളര്‍ത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഭരണം പിടിക്കുന്നത് അല്‍ ഖായിദയുടെ ഉപസംഘടനയായ ഹയാത്ത് തര് രീര്‍ അല്‍ ഷംസാണ്. ഇതിനെ മിക്കവാറും വിദേശ രാജ്യങ്ങള്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. സിറിയയെ ഒരു ഭീകര സംഘടനയുടെയും ഭരണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.അബു മുഹമ്മദ് അല്‍-ജോലാനിയാണ് സിറിയയുടെ പുതിയ ജിഹാദി-ഇന്‍-ചീഫ്. ബാഗ്ദാദിയുടെ ലെഫ്റ്റനന്റായിരുന്നു സൗദിയില്‍ ജനിച്ച സിറിയന്‍ ജിഹാദിയായ അബു മുഹമ്മദ് അല്‍ ജോലാനി. 2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഒഫ് ഇറാഖ് ആന്‍ഡ് സിറിയയുടെ (ഐഎസ്‌ഐഎസ്) അന്നത്തെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ശിക്ഷണത്തിലാണ് ജോലാനി ഭീകര പ്രസ്ഥാനത്തില്‍ വന്നത്. അല്‍-ഖായിദയുടെ സിറിയന്‍ വിഭാഗമായ ജബത്ത് അല്‍-നുസ്രയുടെ നേതൃത്വത്തിലേക്ക് വൈകാതെ ഇയാള്‍ എത്തി.
Summary: Confirmation that lightning-fast Syrian rebel forces have entered the capital, Damascus. There are unconfirmed reports that President Bashar al-Assad fled Damascus shortly before the rebels arrived. Footage has also begun to emerge of people rejoicing in the streets of Damascus over the end of Assad's rule.
COMMENTS