ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഉണ്ടായ തിരക്കില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയ്ക്ക് (9) രണ്ടു കോടി രൂപ സഹായം നല്‍കുമെന്ന് ന...
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഉണ്ടായ തിരക്കില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയ്ക്ക് (9) രണ്ടു കോടി രൂപ സഹായം നല്‍കുമെന്ന് നടന്‍ അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്. തിരക്കില്‍പ്പെട്ട് കുട്ടിയുടെ അമ്മ മരിച്ചിരുന്നു.
അല്ലു അര്‍ജുന്‍ ഒരു കോടി രൂപയും മൈത്രി മൂവീസ് 50 ലക്ഷവും സംവിധായകന്‍ സുകുമാര്‍ 50 ലക്ഷം രൂപയുമാണ് നല്‍കുകയെന്ന് അല്ലു അരവിന്ദ് പറഞ്ഞു. തെലങ്കാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ വഴി തുക കൈമാറും. കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നു അല്ലു അരവിന്ദ് പറഞ്ഞു.
ഡിസംബര്‍ നാലിന് നടന്ന പ്രിമിയര്‍ ഷോയ്ക്കിടെയാണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപ്രതീക്ഷിതമായി താരം തിയറ്ററില്‍ എത്തിയതിനെ തുടര്‍ന്നാണ് തിരക്കുണ്ടായത്. സ്ത്രീയുടെ മരണത്തെ തുടര്‍ന്ന് അല്ലു അര്‍ജുനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അല്ലു അര്‍ജുനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരു രാത്രി ജയിലില്‍ കഴിയേണ്ടിവന്നു.
അതേസമയം, സിനിമാ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ദില്‍രാജു പറഞ്ഞു. കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് പിതാവ് ഭാസ്‌കര്‍ പറഞ്ഞു. അല്ലുവിന്റെയും സിനിമാ ടീമീന്റെയും സഹായം ലഭിക്കുന്നുണ്ട്. അല്ലുവിനെതിരായ കേസ് പിന്‍വലിക്കാന്‍ തയാറാണെന്നും ഭാസ്‌കര്‍ പറഞ്ഞു.
COMMENTS