അസ്താന : കസാക്കിസ്ഥാനിലെ അക്‌തോ വിമാനത്താവളത്തിന് സമീപം അസർബൈജാൻ എയർലൈൻസിൻ്റെ യാത്രാ വിമാനം തകർന്ന് നിരവധിപേർ മരിച്ചു. യാത്രക്കാരും ക്രൂവു...
അസ്താന : കസാക്കിസ്ഥാനിലെ അക്‌തോ വിമാനത്താവളത്തിന് സമീപം അസർബൈജാൻ എയർലൈൻസിൻ്റെ യാത്രാ വിമാനം തകർന്ന് നിരവധിപേർ മരിച്ചു.
യാത്രക്കാരും ക്രൂവും ഉൾപ്പെടെ 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 11 കാരി ഉൾപ്പെടെ 25 പേരെ രക്ഷപ്പെടുത്തി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. 42 മൃതദേഹങ്ങൾ ഇതുവരെ വീണ്ടെടുത്തുവെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിമാനം അക്തോ വിമാനത്താവളത്തിന് സമീപം വളരെ താണുപറന്ന് മൂക്കുകുത്തി വീണ് തീ പിടിക്കുകയായിരുന്നു. അപകടകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബാകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോയതാണ് വിമാനം. കനത്ത മൂടൽമഞ്ഞ് നിമിത്തം വിമാനം വഴിതിരിച്ചു വിടുകയായിരുന്നു. രക്ഷാപ്രവർത്തകർ ദുരന്ത സ്ഥലത്ത് എത്തിയിട്ടുണ്ട്.
പക്ഷിക്കൂട്ടം ഇടിച്ചതാണ് അപകടകാരണമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. പറന്നുപോയ പക്ഷിക്കൂട്ടത്തെ ഇടിച്ചതോടെ വിമാനത്തിൻറെ എൻജിന് തകരാർ സംഭവിച്ചു. ഇതോടെ പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് അനുമതി ആവശ്യപ്പെട്ടു.
വിമാനത്താവളത്തിന് മൂന്നു കിലോമീറ്റർ അകലെ വച്ചാണ് ദുരന്തം സംഭവിച്ചത്. ആകാശത്ത് നല്ല ഉയരത്തിൽ നിന്ന് വിമാനം പെട്ടെന്ന് താഴേക്ക് വരുന്നതിന്റെ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ പ്രചരിക്കുന്നുണ്ട്.
നിലത്തു വീണ വിമാനം രണ്ടായി മുറിഞ്ഞു. വാലറ്റം ദൂരേക്ക് തെറിച്ചുപോയി. ഈ ഭാഗത്ത് ഉണ്ടായിരുന്നവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ബാക്കി ഭാഗം ആളുകൾ നോക്കിനിൽക്കെ കത്തി അമരുകയായിരുന്നു.
Keywords: Russia, Plane crash, Azarbaijan, Kazakhstan
COMMENTS