എസ് ജഗദീഷ് ബാബു എഴുത്തുകാരന്‍ വാക്കുകളെ നക്ഷത്രങ്ങളാക്കുന്നു. ഒന്നോ രണ്ടോ വാചകങ്ങളില്‍ അയാള്‍ ഒരു വസന്തം വിരിയിക്കുന്നു. ഏകാന്തയാമങ്ങളില്‍ അ...
എസ് ജഗദീഷ് ബാബു
എഴുത്തുകാരന്‍ വാക്കുകളെ നക്ഷത്രങ്ങളാക്കുന്നു. ഒന്നോ രണ്ടോ വാചകങ്ങളില്‍ അയാള്‍ ഒരു വസന്തം വിരിയിക്കുന്നു. ഏകാന്തയാമങ്ങളില്‍ അനുവാചകന്‍ അയാളെ പിന്തുടര്‍ന്ന് വിഭ്രാമകലോകങ്ങൡല്‍ പെട്ടുപോകുന്നു. എഴുത്തുകാരനെ ചൂഴ്ന്ന വിഷാദം വായനക്കാരന്റേതായി മാറുന്നു. വായനക്കാരനു മുന്നില്‍ എഴുത്തുകാരന്‍ വിസ്മയമായി നിലകൊള്ളുന്നു.
എഴുത്തുകാരന്റെ സൃഷ്ടി മാത്രം വിലയിരുത്തുക. അയാളുടെ ജീവിതത്തിലേക്കു നിങ്ങള്‍ ചികഞ്ഞു നോക്കേണ്ടതില്ല, എന്നും എപ്പോഴും എവിടെയും കേള്‍ക്കുന്നതാണ്. എഴുത്തുകാരന്‍ ദൈവതുല്യരെയും സാത്താന്റെ പ്രതിരൂപങ്ങളെയും അയാളുടെ പേനത്തുമ്പില്‍ നിന്നു നിങ്ങളുടെ മനസ്സിലേക്ക് ഇറക്കിവിടുന്നു. നിങ്ങള്‍ അവര്‍ക്കു പിന്നാലെ മാത്രം പോവുക. എഴുത്തുകാരനെ അയാളുടെ സ്വാതന്ത്ര്യത്തിനു വിടുക എന്നതേ എന്നത്തെയും പ്രമാണവാക്യം.
പക്ഷേ, എഴുത്തുകാരെ എന്നും എവിടെയും സ്വതന്ത്രരായി വിടാത്ത ഒരു വര്‍ഗമുണ്ട്. അതു പത്രപ്രവര്‍ത്തകന്‍ എന്ന ജീവിവര്‍ഗമാണ്. അവന്‍ താളുകള്‍ക്കു വര്‍ണം പിടിപ്പിക്കാന്‍ മാത്രല്ല പരക്കം പായുന്നത്. പറയപ്പെടാത്തതും അറിയപ്പെടാത്തതുമായ കഥകള്‍ വായനക്കാരനു മുന്നിലേക്ക് എത്തിക്കുന്ന ഓരോ മാധ്യമപ്രവര്‍ത്തകനും അവന്റെ തൊഴിലിനോടു നീതി പുലര്‍ത്തുന്നുണ്ടോ എന്നു മാത്രം ചിന്തിക്കുക. പത്രപ്രവര്‍ത്തകന്
അവന്‍ കാണുന്നതൊക്കെയും എഴുതേണ്ടിവരും. അതു ചിലപ്പോള്‍ ചിലര്‍ക്കു സന്തോഷമുണ്ടാക്കും, മറ്റു ചിലര്‍ക്ക് അലോസരവും. പക്ഷേ, എഴുത്തുകാരെപ്പോലെ പത്രപ്രവര്‍ത്തകനും എഴുതാതെ വയ്യ.കാലം 1984. അന്നു കേരള കൗമുദി കോഴിക്കോട് യൂണിറ്റില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ഞാന്‍. താമസം വെള്ളിമാടുകുന്നിലെ എന്‍ജിഒ ഹോസ്റ്റലില്‍ അനധികൃതമായി. താമസം ഒപ്പിച്ചുതന്നത് രാമേട്ടന്‍ എന്നു ഞങ്ങളൊക്കെ സ്നേഹത്തോടെ വിളിക്കുന്ന, എ.കെ രാമചന്ദ്രനാണ്. കേരളകൗമുദിയില്‍ സബ് എഡിറ്ററായിരുന്ന രാമേട്ടന്‍ പിന്നീട് കേരള പി എസ് സി മെമ്പറായി.
ഒളിച്ചുതാമസിക്കാന്‍ കാരണമുണ്ട്. 400 രൂപയാണ് അന്നു ശമ്പളം. അതുകൊണ്ട് ജീവിക്കാനാവില്ല. അന്നത്തെ ട്രെയിനിമാരൊക്കെ ഇതുപോലെ എവിടെയെങ്കിലുമൊക്കെ പറ്റിക്കൂടുകയായിരുന്നു പതിവ്. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എന്റെ മുറിയിലേക്ക് ഒരു കുടികിടപ്പുകാരന്‍ കൂടി വന്നു. പേര് കെ.പി രവീന്ദ്രനാഥ്. ഈ പേരു പറഞ്ഞാല്‍ കക്ഷിയെ അധികമാര്‍ക്കും അറിയില്ല. ഇന്നത്തെ പ്രശസ്ത പാട്ടെഴുത്തുകാരന്‍ രവി മേനോന്‍ എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. രവി കുടികിടപ്പുകാരനായി വന്നതോടെ ഉണ്ടായിരുന്ന കട്ടില്‍ അതിഥിക്കു കൊടുത്ത് ഞാന്‍ നിലത്തു പുല്‍പ്പായയിലേക്കു മാറി. അതിഥി ദേവോ ഭവഃ.
ആ ദിവസങ്ങളിലൊന്നില്‍ എനിക്കൊരു പോസ്റ്റുകാര്‍ഡ് ഓഫീസില്‍ കിട്ടി. കാര്‍ഡ് എഴുതിയിരിക്കുന്നത് വിഖ്യാത സാഹിത്യകാരന്‍ കോവിലന്‍. പ്രിയ ജഗഗദീഷ്, ഈ വരുന്ന തിങ്കളാഴ്ച ഞാന്‍ കോഴിക്കോട്ട് എത്തും. എം.ടി വാസുദേവന്‍ നായരെയും പ്രമീളയെയും കാണണം. ജഗദീഷ് അവിടെ ഉണ്ടാവുമല്ലോ. സ്വന്തം കോവിലന്‍. ഇതായിരുന്നു കത്ത്.
കോവിലനുമായി ട്രെയിനിയായ എനിക്കെന്തു ബന്ധമെന്നു തോന്നുന്നില്ലേ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തിത്തന്നത് കേരളകൗമുദി എഡിറ്ററായിരുന്ന എന്‍ആര്‍എസ് ബാബുവാണ്. വൈകുന്നേരങ്ങളില്‍ അന്ന് ബാബുസാറിനെ കാണാന്‍ പോവുക പതിവാണ്. അത്തരം യാത്രകളിലൊന്നിലാണ് കണ്ടാണശ്ശേരിയുടെ കഥാകാരനെ പരിചയപ്പെടാന്‍ അവസരമുണ്ടായത്.എന്റെ സഹോദരന്‍, മരിച്ചുപോയ, എസ് ജയകുമാര്‍ പത്രാധിപരായിരുന്ന സമതാളത്തില്‍ അതിനുമുന്‍പു തന്നെ കോവിലന്‍ എഴുതിയിരുന്നു. സമതാളം ബന്ധം ഞങ്ങളുടെ സൗഹൃദം കൂടുതല്‍ ഇഴയടുപ്പമുള്ളതാക്കി. അന്നൊക്കെ കോവിലന്റെ വലിയ ദുഃഖം മകളുടെ വിവാഹം ജാതകദോഷം നിമിത്തം വൈകുന്നതിലായിരുന്നു. പിന്നീട് ആറ്റിങ്ങല്‍ക്കാരനായ അഡ്വ. ജയപ്രകാശിനെ വരനായി നിര്‍ദ്ദേശിച്ചത് എന്റെ ജ്യേഷ്ഠനായിരുന്നു. ആ വിവാഹത്തോടെ കോവിലന്‍ ഞങ്ങളുടെ കുടുംബാംഗമായി എന്നു തന്നെ പറയാം.
പ്രമീളാ നായരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വരവ്. എംടിയുടെയും പ്രമീളയുടെയും മകള്‍ സിതാരയ്ക്ക് തിരുവനന്തപുരത്ത് കാര്യവട്ടം കാമ്പസില്‍ മാസ്റ്റര്‍ ഒഫ് ജേര്‍ണലിസത്തിന് ചേരാന്‍ താത്പര്യം. എന്‍ട്രന്‍സ് എഴുതിയെങ്കിലും കിട്ടിയില്ല. പക്ഷേ, പത്രപ്രവര്‍ത്തകരുടെ മക്കള്‍ക്ക് ഒന്നോ രണ്ടോ സീറ്റ് റിസര്‍വേഷനുണ്ട്. സിതാര മകളാണെന്ന് എംടി ഒരു കത്തു നല്കിയാല്‍ അഡ്മിഷന്‍ ശരിയാകുമെന്ന് കഥാകൃത്ത് എസ്.വി വേണുഗോപന്‍ നായര്‍ വഴിയാണ് പ്രമീളാ നായര്‍ അറിഞ്ഞത്. വേണുഗോപന്‍ നായരുടെ സഹോദരന്‍ ഡോ. ശശിഭൂഷണാണ് അന്ന് ജേര്‍ണലിസം വിഭാഗം തലവന്‍. പിന്നീട് വൈസ് ചാന്‍സലറായി വിവാദത്തില്‍ കുടുങ്ങിയ ഡോ. വിളനിലവും അന്ന് അവിടെ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
ഇതെന്റെ മകള്‍ എന്നൊരു കത്ത് എം.ടിയില്‍ നിന്നു വാങ്ങിയെടുക്കുക എന്ന ദൗത്യമാണ് കോവിലനു പ്രമീള ടീച്ചര്‍ ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്. കോവിലനെ കണ്ടപ്പോള്‍ പ്രമീളാ നായര്‍ പഴയ കാലങ്ങളെക്കുറിച്ച് ഓരുപാട് പറഞ്ഞു. പിന്നെ പൊട്ടിക്കരഞ്ഞു. സങ്കടപ്പെട്ടു. പ്രമീളയോട് മകളോടെന്നപോലെയാണ് കോവിലന്‍ പെരുമാറിയത്. ഒരു അച്ഛനെയും മകളെയും തന്നെയായിരുന്നു അവരുടെ ഇടപെടലില്‍ കാണാനായത്.
പ്രമീള ടീച്ചറുടെ സഹോദരന്‍ അമേരിക്കയിലാണ്. ജേര്‍ണലിസത്തിന് അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ സിതാരയെ അമേരിക്കയിലേക്കു കൊണ്ടുപോകാനാണ് അമ്മാവന്‍ പദ്ധതിയിട്ടിരിക്കുന്നത്. മകള്‍ തനിക്കൊപ്പം നാട്ടില്‍ വേണമെന്നതായിരുന്നു പ്രമീളാ നായരുടെ ആഗ്രഹം. അതിനാണ് അച്ഛനില്‍ നിന്ന് ശുപാര്‍ശക്കത്ത് വേണ്ടത്.
അവിടെനിന്നിറങ്ങി ഞങ്ങള്‍ നേരേ എംടിയുടെ വീട്ടിലേക്കു പോയി. മകളുടെ പേരാണ് വീട്ടിന്റെയും പേര്, സിതാര. എംടി അന്ന് മാതൃഭൂമി വാരികയുടെ പത്രാധിപരായി തിളങ്ങി നില്‍ക്കുന്ന കാലം. അദ്ദേഹം ഇറങ്ങിവന്നു കോവിലനെ സ്വീകരിച്ചു. സാഹിത്യത്തില്‍ കോവിലന്‍ എന്ന പേര് എംടിക്കും മുകളിലായിരുന്നു അന്ന്. അദ്ദേഹത്തെ ഇരുത്തിയിട്ടും എംടി ഇരിക്കാതെ ഭയഭക്തിബഹുമാനത്തോടെ നിന്നു. പക്ഷേ, പ്രമീളാ നായര്‍ക്കും കോവിലനുമിടയിലെ വാത്സല്യനിര്‍ഭരമായ പെരുമാറ്റം ഇവിടെ കാണാനില്ല. ഗുരുവും ശിഷ്യനുമെന്നപോലെയായിരുന്നു അവര്‍ക്കിടയിലെ അകലം കണ്ടത്. കോവിലന്‍ വന്ന കാര്യം പറഞ്ഞു. പിന്നെ രണ്ടു മൂന്നു ബീഡികള്‍ കത്തിത്തീരുന്ന ഇടവേളയിലെ മൗനം. അതു കഴിഞ്ഞ് സാഹിത്യം, ടി പത്മനാഭന്‍, മാതൃഭൂമി എന്നിങ്ങനെ പല വിഷയങ്ങളില്‍ സംസാരം.
എംടിയെ ഇതിനു മുന്‍പും ഒരിക്കല്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതു സമതാളത്തിനു വേണ്ടി അഭിമുഖത്തിനു വേണ്ടിയായിരുന്നു. മഞ്ഞും കാലവുമൊക്കെ വായിച്ചു ഭ്രാന്തുപിടിച്ചു നടക്കുന്ന കാലമായിരുന്നു അത്. അന്നും എംടിയെ കാണാന്‍ അവസരം ഒരുക്കിത്തന്നതു കോവിലനായിരുന്നു. പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സുധീറും ഞാനും കൂടി അഭിമുഖത്തിനായി നിശ്ചയിച്ചുറപ്പിച്ച ദിവസം കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ പോയി.
എംടിയെ കാണുന്നതിന്റെ ആവേശവും അഭിമുഖത്തിന് എന്തൊക്കെ ചോദിക്കും എംടി എന്തൊക്കെ മറുപടി പറയും എന്നൊക്കെയുള്ള ആശങ്കയുമെല്ലാം മനസ്സിലുണ്ടായിരുന്നു. പത്രാധിപര്‍ക്കു മുന്നിലെ കസേരയില്‍ എന്നെയും സുധീറിനെയും ഇരുത്തി എംടി ഒന്നും പറയാതെ ബീഡികള്‍ വലിച്ചുതള്ളിക്കൊണ്ടേയിരുന്നു. രണ്ടര മണിക്കൂറോളം ആ ഇരിപ്പു തുടര്‍ന്നു. അദ്ദേഹം അഭിമുഖത്തിനായി മാനസികമായി തയ്യാറെടുക്കുകയായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. ഒടുവില്‍ അദ്ദേഹം പറഞ്ഞു, ഇന്നു വേണ്ട, ഇനിയൊരിക്കലാവാം അഭിമുഖം. തിരുവനന്തപുരത്തു നിന്നു കോഴിക്കോടു വരെ ഈ ഒരു ആവശ്യത്തിനായി മാത്രം എത്തിയ ഞങ്ങള്‍ വിഡ്ഢികളെപ്പോലെ റെയില്‍വേ സ്‌റ്റേഷനിലേക്കു നടന്നു. പിന്നെ എംടിയെ കാണുന്നത് ഇതാ ഇപ്പോള്‍ ഇങ്ങനെ ഒരു സാക്ഷിയായും.വീണ്ടും കോവിലന്‍ വരവിന്റെ ഉദ്ദേശ്യത്തിലേക്കു വന്നു. ഇവള്‍ എന്റെ മകളാണ് എന്നു സ്വന്തം കൈപ്പടയില്‍ ഒരു കത്ത്. അതു മാത്രം മതി, മകള്‍ അമേരിക്കയിലേക്കു പോകാതെ നാട്ടില്‍ നില്‍ക്കാന്‍. കുറേ നേരം കൂടി ആലോചിച്ച ശേഷം എംടി പറഞ്ഞു, നാളെ ജഗദീഷ് വരട്ടെ, അപ്പോള്‍ കത്തിന്റെ കാര്യത്തില്‍ തീരുമാനമാക്കാം. എപ്പോള്‍ വരണമെന്നു ഞാന്‍ ചോദിച്ചു. ഒരു പതിനൊന്നു മണിക്ക് ആയിക്കോട്ടെ എന്ന് എംടി പറഞ്ഞു.
അവിടെ നിന്ന് ഞങ്ങള്‍ ഇറങ്ങി. നഗരത്തില്‍ കുറേ ചുറ്റി. അപ്പോഴേക്കും രവിയുമെത്തി. പിന്നെ ഭക്ഷണം കഴിച്ചു. അപ്പോഴാണ് കോവിലന്‍ പറയുന്നത്, ഞാന്‍ ഇന്നു പോകുന്നില്ല, നാളെ രാവിലെയേ തിരിച്ചു പോകുന്നുള്ളൂ എന്ന്. എനിക്കും രവിക്കും ആധിയായി. അദ്ദേഹത്തെ എവിടെ കിടത്തും. പുറത്തു മുറിയെടുക്കാമെന്നു പറഞ്ഞപ്പോള്‍ കോവിലന്‍ സമ്മതിച്ചില്ല. നിങ്ങളുടെ മുറിയില്‍ ഞാനും കൂടാം എന്നായി അദ്ദേഹം.
മുറിയിലെത്തിയപ്പോള്‍ എന്നെക്കാള്‍ ആധി രവിക്കായിരുന്നു. ഇത്രയും വലിയൊരു എഴുത്തുകാരനെ നമ്മുടെ കുടുസ്സുമുറിയില്‍... രവി എനിക്കൊപ്പം നിലത്തു കിടക്കുന്നതിനു മുന്‍പ് കോവിലനു വേണ്ടി മെത്ത തട്ടിക്കുടഞ്ഞു. അപ്പോള്‍ കോവിലന്‍ ചോദിച്ചു, ജഗദീഷ് എവിടെയാ കിടക്കുന്നത്. നിലത്തെന്നു രവി തന്നെ ചമ്മലോടെ പറഞ്ഞു. അന്നത്തെ രവിയുടെ മുഖത്തെ ചമ്മല്‍ ഇപ്പോഴും മറക്കാനാവില്ല. ജഗദീഷ് കിടക്കുന്നിടത്തു ഞാനും കിടക്കാം. കട്ടിലിനെക്കാള്‍ എനിക്കിഷ്ടം നിലത്തു കിടക്കാനാണെന്നു പറഞ്ഞു, രവിയെ കട്ടിലില്‍ പിടിച്ചുകിടത്തി, എഴുപതു കഴിഞ്ഞ ആ മനുഷ്യന്‍ എനിക്കൊപ്പം നിലത്തു കിടന്നു. ഇപ്പോഴും ചിലപ്പോഴൊക്കെ രവിയെ കാണുമ്പോള്‍, മഹാസാഹിത്യകാരനെ നിലത്തു കിടത്തിയ ദുഷ്ടാ എന്നു പറഞ്ഞു ഞാന്‍ കളിയാക്കാറുണ്ട്.പിറ്റേന്നു രാവിലെ കോവിലന്‍ നാട്ടിലേക്കു പോയി. കൃത്യസമയത്തു ഞാന്‍ എംടിയുടെ വീട്ടിലേക്കു പോയി. പത്തു മിനിറ്റോളം എന്നെ ഇരുത്തി, അദ്ദേഹം ബീഡി വലിച്ചു. പിന്നെ, അല്പം കരകരപ്പുള്ള ശബ്ദത്തില്‍ പറഞ്ഞു, കത്ത് തരാന്‍ കഴിയില്ല, പ്രമീളയോടും കോവിലനോടും പറയൂ. എന്നെ നിഷ്‌കരുണം എംടി ഒഴിവാക്കിയെന്നു പറയുന്നതാവും ശരി. വീണ്ടും ഒരിക്കല്‍ കൂടി എംടിയുടെ മുറിയില്‍ നിന്നു വെറും കൈയോടെ പുറത്തേയ്ക്ക്.
അവിടെനിന്നിറങ്ങി ഞാന്‍ തലേ ദിവസത്തെ ഓര്‍മയില്‍ പ്രമീള ടീച്ചറുടെ വീട്ടിലേക്ക് ഓട്ടോറിക്ഷ പിടിച്ചു പോയി. കാര്യം പറഞ്ഞു. അവര്‍ കരഞ്ഞില്ല. പക്ഷേ, കണ്ണ് നിറഞ്ഞുകലങ്ങിയിരുന്നു... തിരിച്ചു നടക്കുമ്പോള്‍ വെറുതേ ആലോചിച്ചു. എനിക്കു പിന്നില്‍ നിറകണ്ണോടെ നില്ക്കുന്ന ആ സ്ത്രീ ആരാണ്. എനിക്ക് അവര്‍ ആരുമല്ല. ഗാഢമായ ആത്മബന്ധവുമുണ്ടായിരുന്നില്ല. കോവിലനിലൂടെയാണ് പ്രമീളാ നായര്‍ എന്ന എഴുത്തുകാരിയെയും സ്ത്രീയേയും തിരിച്ചറിയുന്നത്. ഒരിക്കലും സൂപ്പര്‍ ഇമ്പോസ്ഡ് പൈങ്കിളിലേക്കു വഴുതിവീഴാതെ, കരുത്തും ഓജസ്സുമുള്ള ഭാഷയില്‍ എഴുതിയിരുന്ന പ്രമീളാ നായരെ മലയാളി വേണ്ടവിധം തിരിച്ചറിഞ്ഞിട്ടുമില്ല. മലയാളത്തിലും മനോഹരമായിരുന്നു അവരുടെ ഇംഗ്‌ളീഷ്. ആകാശവാണിക്കു വേണ്ടിയായിരുന്നു അന്ന് അവര്‍ ഏറെയും ഇംഗ്‌ളീഷില്‍ എഴുതിയത്.
തലമുറകളെ വിസ്മയിപ്പിച്ച മഞ്ഞ് എന്ന കൃതി മൂലകൃതിയിലും മനോഹാരിതയോടെ അവര്‍ ഇംഗ്‌ളീഷിലേക്കു വിവര്‍ത്തനം ചെയ്തിരുന്നു. വരും... വരാതിരിക്കില്ല... മലയാളിയെ എന്നും മോഹിപ്പിക്കുന്ന മഞ്ഞ് എന്ന നോവെല്ല ഈ രണ്ടു വാക്കുകളില്‍ കുരുങ്ങിക്കിടക്കുന്നു. പിന്നെയും പിന്നെയും വായിക്കാന്‍ പ്രേരിപ്പിക്കുന്ന മഞ്ഞ് പലവുരു വായിച്ചിട്ടുണ്ട്. വിമലയുടെ ഹൃദയത്തില്‍ വേദനയുടെ ഒരു കടല്‍ ബാക്കിവച്ച് എവിടെയോ മറഞ്ഞ സുധീര്‍ കുമാര്‍ മിശ്ര. അതുപോലെ വേദനയുടെ മറ്റൊരു കടല്‍ നൈനിറ്റാളിലെ മലമടക്കുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നു മുരളുന്നത് പലവട്ടം അനുഭവിച്ചിട്ടുണ്ട്. അവിടെയിരുന്നു വിരഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും മുറിഞ്ഞുപോയ ഇഴകള്‍ നോക്കി നെടുവീര്‍പ്പിടുന്ന വിമല.
കോഴിക്കോട്ടെ ഫാത്തിമ ആശുപത്രിയില്‍ കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെ പ്രമീള ടീച്ചറെ കാണുന്നത്. അന്നു പ്രമേഹം കലശലായിരുന്നു. മുട്ടിനു താഴെ കാല്‍ മുറിച്ചു. അവരുടെ മുഖത്ത് ഇപ്പോള്‍ പഴയ നിസ്സംഗത പോലുമില്ല. നിസ്സഹായയായ ഒരു മനുഷ്യരൂപമായി അവര്‍ ക്ഷീണിച്ച് കിടക്കയില്‍ ഒട്ടിക്കിടന്നു. മഞ്ഞിലെ വിമലയും പ്രമീളയും അദ്ധ്യാപകരാണ്. വിമലയെ പോയെ പ്രമീള ടീച്ചര്‍ക്കും അവസാനമായി ഒരു ആഗ്രഹമുണ്ടായിരുന്നു. ഒരു വട്ടം കൂടി ഒന്നു കാണണം, ഒരിക്കല്‍ മാത്രം.അന്ന് എ നെഗറ്റീവ് രക്തം വേണം. അതിനായി ഉറ്റവര്‍ പരക്കം പായുകയായിരുന്നു. അതിനു സഹായിക്കാന്‍ ചിലപ്പോള്‍ അവര്‍ കാത്തിരിക്കുന്നയാളുടെ ഒരു ഫോണ്‍ കോള്‍ മതിയായിരുന്നിരിക്കാം. ഒരു സഹജീവിയോടുള്ള പരിഗണന മാത്രമായിരിക്കാം ചിലപ്പോള്‍ ആ ഫോണ്‍ കോളിനു പ്രേരിപ്പിക്കുന്നത്. പക്ഷേ, അതുണ്ടായില്ല. ഇന്നാണെങ്കില്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ ആരെങ്കിലും ഒരു മെസേജിട്ടാല്‍ മതി. രക്തം നല്കാന്‍ നൂറു പേര്‍ പാഞ്ഞെത്തും. പക്ഷേ, അന്ന് അതൊന്നുമില്ല. അറിഞ്ഞവര്‍ ആരൊക്കെയോ രക്തം കൊടുത്തു. അതൊന്നും പോരുമായിരുന്നില്ല അവരെ ഗ്രസിച്ച രോഗബീജങ്ങളെ കെടുത്തുവാന്‍. അവര്‍ പതിയെപ്പതിയെ മരണത്തിന്റെ പിടിയിലേക്കു പോയി. രംഗബോധത്തോടെ തന്നെ ആ കോമാളി വന്ന് കഷ്ടപ്പാടുകള്‍ക്ക് അറുതിയുണ്ടാക്കുമ്പോഴും മഞ്ഞ് അതിമനോഹരമായി ഇംഗ്‌ളീഷിലേക്കു വിവര്‍ത്തനം ചെയ്ത പ്രമീള ടീച്ചര്‍ പ്രതീക്ഷിച്ചിരുന്നിട്ടുണ്ടാകണം. അവസാന ശ്വാസം കഴിഞ്ഞ് കണ്ണുകള്‍ അടയുന്നതിന്‍ മുന്‍പും അവര്‍ കരുതിയിട്ടുണ്ടാവും, വരും... വരാതിരിക്കില്ല...
ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ മറ്റൊന്നു കൂടി ഓര്‍മ വരുന്നു. കേരള കൗമുദി പത്രാധിപരായിരുന്ന എം എസ് മണി സാറിന്റെ വാക്കുകള്‍ അന്നത്തെ ന്യൂസ് ഡെസ്‌കിന്റെ ചീഫായിരുന്നയാള്‍ സാന്ദര്‍ഭികമായി ഒരിക്കല്‍ പറഞ്ഞതാണ്:എഡിറ്റോറിയല്‍ മീറ്റിംഗ് കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ഓര്‍ത്തിട്ടെന്നപോലെ മണിസാര്‍ പറഞ്ഞു, പ്രമീളാ നായര്‍ മരിച്ച വാര്‍ത്ത കോഴിക്കോട്ടു നിന്നു വരും. അതില്‍ അവരുടെ മുന്‍ ഭര്‍ത്താവിന്റെ പേരുണ്ടെങ്കില്‍ അതു വെട്ടിക്കളഞ്ഞേക്കണം. അദ്ദേഹം വിളിച്ചിരുന്നു. പേരു കൊടുക്കേണ്ടതില്ലെന്നു പറഞ്ഞിരുന്നു.
പ്രമുഖ പത്രപ്രവര്‍ത്തകന്‍ എസ് ജഗദീഷ് ബാബു എഴുതി ഉടന്‍ പുറത്തിറങ്ങുന്ന വിരല്‍ തുമ്പിലെ ലോകം എന്ന പുസ്തകത്തില്‍ നിന്ന്
COMMENTS