Literary maestro MT Vasudevan Nair passed away. He was 91 years old. He was undergoing treatment at Kozhikode Baby Memorial Hospital since 15th
സംസ്‌കാരം ഇന്നു വൈകുന്നേരം അഞ്ചു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍
കോഴിക്കോട് : മലയാളത്തിന്റെ അക്ഷര വിശുദ്ധിയായിരുന്ന മഹാസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചു. 91 വയസായിരുന്നു. രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം.
ശ്വാസതടസ്സത്തെ തുടര്‍ന്ന് ഈമാസം 15 മുതല്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഏതാനും ദിവസമായി അദ്ദേഹം ഗുരുതര നിലയില്‍ തുടരുകയായിരുന്നു.
മരണ സമയത്ത് മകള്‍ അശ്വതി, അവരുടെ ഭര്‍ത്താവ് ശ്രീകാന്ത്, കൊച്ചുമകന്‍ മാധവ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. എംടിയുടെ വിയോഗത്തില്‍ സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗവും സര്‍ക്കാര്‍ പരിപാടികളും മാറ്റിവച്ചു.
ഭൗതിക ദേഹം കോഴിക്കോട് കൊട്ടാരം റോഡിലെ വീടായ സിതാരയിലേക്കു കൊണ്ടുവന്നു. വ്യാഴാഴ്ച വെകുന്നേരം നാലു മണിവരെ അന്തിമോചാരം അര്‍പ്പിക്കാന്‍ അവസരമുണ്ടാവും. തുടര്‍ന്ന് വൈകുന്നേരം അഞ്ചു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നു കുടുംബം അറിയിച്ചു.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍ എന്നീ നിലകളിലെല്ലാം പകരം വയ്ക്കാനില്ലാത്ത പാടവമായിരുന്നു മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എംടി.
ലളിതസുന്ദരമായ ഭാഷയില്‍ അദ്ദേഹം വരഞ്ഞ വാങ്മയ ചിത്രങ്ങള്‍ എന്നും മലയാളിയെ അത്ഭുതപ്പെടുത്തുന്നു. ജ്ഞാനപീഠം ഉള്‍പ്പെടെ സമ്മാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകല്‍വെളിച്ചവുമാണ് ആദ്യ നോവല്‍. നാലുകെട്ടാണ് (1958) ആദ്യം പുസ്തക രൂപത്തില്‍ പുറത്തുവന്ന നോവല്‍. നാലുകെട്ട്് പുറത്തുവരുമ്പോള്‍ എംടിക്ക് 25 വയസ്സായിരുന്നു. 1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നാലുകെട്ടിന് ലഭിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം (1969), വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം (1984) , എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകള്‍.
നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, ഡാര്‍ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, ഷെര്‍ലക്, വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ത്തരികള്‍, വെയിലും നിലാവും , വേദനയുടെ പൂക്കള്‍ തുടങ്ങി വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത എത്രയോ കഥകള്‍ അദ്ദേഹത്തിന്റേതായുണ്ട്.
തകഴിയെക്കുറിച്ചും മോഹിനിയാട്ടത്തെപ്പറ്റിയും എം ടി ഡോക്യൂമെന്ററികള്‍ ഒരുക്കിയിരുന്നു. ഗോപുരനടയില്‍ എന്ന നാടകവും രചിച്ചു. ആള്‍ക്കൂട്ടത്തില്‍ തനിയെ, മനുഷ്യര്‍ നിഴലുകള്‍, വന്‍കടലിലെ തുഴവള്ളക്കാര്‍ എന്നീ യാത്രാവിവരണങ്ങളെഴുതി. എന്‍ പി മുഹമ്മദുമായി ചേര്‍ന്ന് 10 വിശ്വോത്തര കഥകള്‍ വിവര്‍ത്തനം ചെയ്തു. മാണിക്യക്കല്ല്, ദയ എന്ന പെണ്‍കുട്ടി, തന്ത്രക്കാരി എന്നീ ബാലസാഹിത്യ കൃതികളും എം ടിയുടേതായി അച്ചടിമഷി പുരണ്ടു.
കാഥികന്റെ പണിപ്പുര, ഹെമിങ്വേ-ഒരു മുഖവുര, കാഥികന്റെ കല എന്നീ സാഹിത്യപഠനങ്ങള്‍ കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്ദം, രമണീയം ഒരു കാലം, സ്‌നേഹാദരങ്ങളോടെ, ഓര്‍മക്കുറിപ്പുകള്‍: അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി തുടങ്ങിയ ലേഖന സമാഹാരങ്ങളും എം ടി രചിച്ചിട്ടുണ്ട്. ചിത്രത്തെരുവുകള്‍ എന്ന പേരില്‍ ചലച്ചിത്രസ്മരണകള്‍ പുസ്തകമായി.
1965 ല്‍ സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടിയുടെ സിനിമാ പ്രവേശം. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്‍, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ, താഴ്വാരം, അക്ഷരങ്ങള്‍, ള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങി അറുപതോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.
നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഏറ്റവും മികച്ച ചിത്രത്തിനുള്ള 1974 ലെ ദേശീയ - സംസ്ഥാന പുരസ്‌ക്കാരങ്ങളും രാഷ്ട്രപതിയുടെ സ്വര്‍ണമെഡലും നിര്‍മ്മാല്യത്തിനായിരുന്നു. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ സിനിമകളിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എംടിയെ തേടിയെത്തി.
ടി നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍ 1933 ജൂലൈ 15ന് ജനിച്ചത്. മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയാ കോളേജില്‍ രസതന്ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് സ്‌കൂള്‍ അധ്യാപകനായി.
ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി 1954ല്‍ മലയാളത്തില്‍ മാതൃഭൂമി നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം എം ടിക്കായിരുന്നു.
ജ്ഞാനപീഠ പുരസ്‌കാരം 1995ല്‍ എംടിക്ക് ലഭിച്ചു. 2005ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.
അധ്യാപക ജീവിതം വിട്ട് മാതൃഭൂമിയിലെത്തിയ അദ്ദേഹം പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവര്‍ത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തു നിന്നു വിരമിച്ച ശേഷം തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു.
എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയാണ് ആദ്യഭാര്യ. സിതാരയാണ് ആദ്യ ഭാര്യയിലെ മകള്‍. പ്രമീളയുമായി ബന്ധം പിരിഞ്ഞതില്‍ പിന്നെ നര്‍ത്തകി കലാമണ്ഡലം സരസ്വതിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മകളാണ് സംവിധായികയും നര്‍ത്തകിയുമായ അശ്വതി നായര്‍.
COMMENTS