അഭിനന്ദ് ന്യൂഡല്‍ഹി: രണ്ടു തവണ പ്രധാനമന്ത്രി പദം അലങ്കരിക്കുകയും ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിയായി വര്‍ത്തിക്കുകയും ചെയ്ത ഡ...
അഭിനന്ദ്
ന്യൂഡല്‍ഹി: രണ്ടു തവണ പ്രധാനമന്ത്രി പദം അലങ്കരിക്കുകയും ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിയായി വര്‍ത്തിക്കുകയും ചെയ്ത ഡോ. മന്‍മോഹന്‍ സിംഗ് (92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചുവെന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രസ്താവനയില്‍ അറിയിച്ചു.
'മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വിയോഗം അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ അറിയിക്കുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 2024 ഡിസംബര്‍ 26-ന് വീട്ടില്‍ വച്ച് പെട്ടെന്ന് ബോധം നഷ്ടപ്പെട്ടു.
രാത്രി 8.06 ന് ന്യൂഡല്‍ഹിയിലെ എയിംസില്‍ മെഡിക്കല്‍ എമര്‍ജന്‍സിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നു. എത്ര ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല, രാത്രി 9.51 ന് അന്ത്യം സംഭവിച്ചു,' എയിംസ് പ്രസ്താവനയില്‍ പറഞ്ഞു.
2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരില്‍ രണ്ട് തവണ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. കുറച്ച് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിരുന്നു. ഗുര്‍ചരണ്‍ സിംഗാണ് ഭാര്യ. അദ്ദേഹത്തിന് മൂന്ന് പെണ്‍മക്കളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളില്‍ ഒരാളായ ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ വിയോഗം ദുഃഖകമാണ്. വിനീതമായ സാഹചര്യത്തില്‍ നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം ലോകം അറിയുന്ന സാമ്പത്തിക വിദഗ്ദ്ധനായി ഉയര്‍ന്നു. ധനമന്ത്രി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിക്കുകയും പ്രവര്‍ത്തിച്ച എല്ലായിടത്തും തന്റെ മികവിന്റെ മുദ്ര പതിക്കുകയും ചെയ്തു. വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഉള്‍ക്കാഴ്ചയുള്ളതായിരുന്നു, മോഡി പറഞ്ഞു.
ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്നപ്പോഴും പതിവായി പ്രധാനമന്ത്രിയായിരുന്ന അദ്ദേഹവുമായി ഇടപഴകിയിരുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഞങ്ങള്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തുമായിരുന്നു. അദ്ദേഹത്തിന്റെ വിവേകവും വിനയവും എപ്പോഴും എടുത്തു പറയേണ്ടതായിരുന്നു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകള്‍ ഡോ. മന്‍മോഹന്‍ സിംഗ് ജിയുടെ കുടുംബത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും എണ്ണമറ്റ ആരാധകര്‍ക്കും ഒപ്പം, മോഡി എക്‌സില്‍ കുറിച്ചു.
മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞയുടന്‍ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധിയും ആശുപത്രിയിലെത്തി.
പ്രധാനമന്ത്രി പി വി നരസിംഹ റാവുവിന്റെ കീഴില്‍ മന്‍മോഹന്‍ സിംഗ് ധനമന്ത്രിയായിരുന്നു. 1991-ല്‍ ഇന്ത്യയെ പാപ്പരത്തത്തിന്റെ വക്കില്‍ നിന്ന് കരകയറ്റിയത് മന്‍മോഹന്‍ സിംഗ് കൊണ്ടുവന്ന ഉദാരവത്കരണ നയങ്ങളായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക പാതയുടെ ഗതി മാറ്റിമറിച്ചത് അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പാര്‍ട്ടി എംപി രാഹുല്‍ ഗാന്ധിയും കര്‍ണാടകയിലെ ബെലഗാവിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് മന്‍മോഹന്‍ സിംഗിന്റെ മരണവാര്‍ത്ത വന്നത്. ഇരുവരും ഡല്‍ഹിയിലേക്ക് തിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Summary: A two-time prime minister and architect of India's economic reforms, Dr. Manmohan Singh (92) passed away. Manmohan Singh was the prime minister for two terms in the Congress-led UPA government from 2004 to 2014.
COMMENTS