പത്തനംതിട്ട : കോന്നി മുറിഞ്ഞകല്ലിൽ ഇന്നു വെളുപ്പിനുണ്ടായ വാഹനാപകടത്തിൽ നവ ദമ്പതികളും അവരുടെ പിതാക്കന്മാരും മരിച്ചു. പുനലൂർ - കോതമംഗലം പാതയ...
പത്തനംതിട്ട : കോന്നി മുറിഞ്ഞകല്ലിൽ ഇന്നു വെളുപ്പിനുണ്ടായ വാഹനാപകടത്തിൽ നവ ദമ്പതികളും അവരുടെ പിതാക്കന്മാരും മരിച്ചു.
പുനലൂർ - കോതമംഗലം പാതയിൽ മുറിഞ്ഞകല്ലിലെ അപകട വളവിൽ വച്ച് കാർ നിയന്ത്രണം വിട്ട് തെലങ്കാനയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, നിഖിൽ (29), അനു (26), ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. നവവരനായ നിഖലിന്റെ അച്ഛനാണ് മത്തായി ഈപ്പൻ. അനുവിന്റെ പിതാവാണ് ബിജു.
15 ദിവസം മുമ്പായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. വിവാഹശേഷം മലേഷ്യയിലേക്ക് യാത്ര പോയ നവദമ്പതികൾ ഇന്നലെയാണ് തിരിച്ചെത്തിയത്. മത്തായി ഈപ്പനും ബിജുവും ഇരുവരെയും തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് കൂട്ടി മടങ്ങുകയായിരുന്നു.
വെളുപ്പിന് നാലു മണിക്ക് അപകടത്തിന്റെ ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കാറിന്റെ നാല് ഡോറുകളും തുറക്കാനാവാത്ത സ്ഥിതിയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അനു ഒഴികെ മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ഇവരുടെ വീട്ടിന് 7 കിലോമീറ്റർ അകലെ വെച്ചാണ് അപകടം സംഭവിച്ചത്. ബിജുവാണ് കാർ ഓടിച്ചിരുന്നത്. അദ്ദേഹം ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
നിഖിൽ കാനഡയിലാണ് ജോലി ചെയ്യുന്നത്. ഉടൻതന്നെ കാനഡയിലേക്ക് തിരിച്ചു പോകാൻ തയ്യാറെടുക്കുകയായിരുന്നു നിഖിൽ എന്ന് ബന്ധുക്കൾ പറഞ്ഞു.
മുറിഞ്ഞകല്ലിലെ ഈ പ്രദേശത്ത് അപകടങ്ങൾ പതിവാണ്. ഇതിന് പരിഹാരം കാണണമെന്ന് അധികൃതരോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
Keywords: Pathanamthitta, konni, Murinjkallu, Accident
COMMENTS