ആലപ്പുഴ: ആലപ്പുഴ കളര്‍കോടുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ആയുഷ് ഷാജിയു...
ആലപ്പുഴ: ആലപ്പുഴ കളര്‍കോടുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ആയുഷ് ഷാജിയുടേയും ബി. ദേവനന്ദന്റെയും സംസ്‌കാരമാണ് ഇന്ന് നടക്കുക. ആയുഷിന്റെ സംസ്‌കാരം രാവിലെ 10 മണിക്ക് ആലപ്പുഴ കാവാലത്താണ്. ഇന്‍ഡോറില്‍ ആയിരുന്ന അച്ഛനും അമ്മയും ഇന്നലെ വൈകിട്ടോടെ എത്തിയിട്ടുണ്ട്.
ദേവാനന്ദിന്റെ സംസ്‌കാരം ഉച്ചക്ക് രണ്ട് മണിക്ക് പാലാ മറ്റക്കരയിലെ വീട്ടില്‍ നടക്കും. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചിരുന്നു. അതേസമയം, പരുക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമെന്നും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്നലെവ്യക്തമാക്കിയിരുന്നു. ഇവരുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായും എല്ലാ വിധ ചികിത്സയും ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദും അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയ ഉടമയെ മോട്ടോര്‍ വാഹന വകുപ്പ് ചോദ്യം ചെയ്യും. വാഹനം വാടകയ്ക്ക് നല്‍കിയതാണോ എന്ന കാര്യം പരിശോധിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച വാഹനം സ്വകാര്യ വ്യക്തിയുടേതാണ്. എന്നാല്‍ വാഹനം വാടകക്ക് നല്‍കാനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഇല്ല.
സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷമാകും നടപടിയെന്നാണ് ആര്‍ടിഒയുടെ ഭാഗം. അതേസമയം, അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ ഇട്ടിരുന്നെങ്കിലും ഇദ്ദേഹം കുറ്റക്കാരനല്ലെന്ന് പൊലീസ് പറഞ്ഞു. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ വിവരപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പൊലീസ് വിശദീകരിച്ചു.
Key Words: Alappuzha Accident, Funeral, MBBS Students Death
COMMENTS