Again medical bribery scandal against B.J.P leader M.T Ramesh
കൊച്ചി: ബി.ജെ.പി നേതാവ് എം.ടി രമേശിനെതിരെ വീണ്ടും മെഡിക്കല്‍ കോഴ ആരോപണം ഉയരുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് എം.ടി രമേശ് ഒന്‍പത് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി മുന്‍ ബിജെപി നേതാവ് എ.കെ നസീര്‍ രംഗത്തെത്തി.
വിഷയത്തില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവു കൈമാറാന്‍ തയാറാണെന്നും നിലവില്‍ സി.പി.എം നേതാവായ എ.കെ നസീര്‍ പറഞ്ഞു. പാലക്കാട് ചെര്‍പ്പുളശേരിയിലുളള സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് പാര്‍ട്ടി നേതാവ് എം.ടി രമേശ് കോഴ വാങ്ങിയെന്നാണ് നസീറിന്റെ ആരോപണം.
കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ് സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം ഉയര്‍ന്നുവന്നത്. അന്ന് ബി.ജെ.പി അന്വേഷണത്തിന് നിയമിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്ന എകെ നസീര്‍.
എന്നാല്‍ എം.ടി രമേശ് അടക്കം കോഴ വാങ്ങിയതിന്റെ തെളിവുകള്‍ കിട്ടിയിട്ടും കോഴ വാങ്ങിയവര്‍ക്കെതിരെയല്ല അത് അന്വേഷിച്ചു കണ്ടെത്തിയവര്‍ക്കെതിരെയാണ് പാര്‍ട്ടി നീങ്ങിയതെന്ന് നസീര്‍ ആരോപിക്കുന്നു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എം.ടി രമേശിന്റെ പേര് വീണ്ടും ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ആരോപണമെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ ഇടത് സര്‍ക്കാരിന്റെ പൊലീസ് അന്വേഷിച്ച് തളളിക്കളഞ്ഞ കേസില്‍ ഇപ്പോള്‍ വീണ്ടും ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണെന്നാണ് എം.ടി രമേശിന്റെ പ്രതികരണം.
Keywords: M.T Ramesh, medical bribery, B.J.P, CPM
COMMENTS