ദിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിക്ക് തീപിടിച്ചു ഏഴ് പേര്‍ മരിച്ചു. ഇതില്‍ മൂന്ന് വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടിയും ...
ദിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിക്ക് തീപിടിച്ചു ഏഴ് പേര്‍ മരിച്ചു. ഇതില്‍ മൂന്ന് വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.
തേനി സ്വദേശി ചുരുളി (50), ഭാര്യ സുബ്ബുലക്ഷ്‌മി (45), താടികൊമ്പ് റോഡ് മാരിയമ്മ (50), മകൻ മുരുകൻ (28), എൻജിഒ കോളനി രാജശേഖർ (35) എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പൊള്ളലേറ്റ് ഗുരുതരനിലയിൽ കൂടുതൽ പേർ ഉള്ളതിനാൽ മരണസംഖ്യ വർധിക്കുമെന്ന് ആശങ്കയുണ്ട്.
ആശുപത്രിയിലെ ലിഫ്റ്റില്‍ ആറ് പേര്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ പിന്നിട് രക്ഷപ്പെടുത്തി. നൂറില്‍ അധികം രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.
സംഭവ സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്‌സും ആംബുലന്‍സുകളും എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. 50ലധികം ആംബുലന്‍സുകളാണ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്.
നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. തീ പടരാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. താഴത്തെ നിലയില്‍ നിന്ന് തീയും പുകയും മുകളിലേക്ക് ഉയരുകയായിരുന്നു.
ചില രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഏഴുപേരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ 20 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ആശുപത്രിയിലുള്ള രോഗികളെ പുറത്തേക്ക് മാറ്റി മറ്റ് ആശുപത്രികളിലേക്ക് മാറ്റികൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.
Key Words: Fire Accident, Private Hospital, Tamil Nadu, Dindigul
COMMENTS