തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യഭാഗങ്ങള്‍ പുറത്തുവിടണമ...
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യഭാഗങ്ങള്‍ പുറത്തുവിടണമോയെന്ന കാര്യത്തില്‍ ഇന്ന് വിവരാവകാശ കമ്മിഷണര്‍ ഉത്തരവിടും.
നേരത്തെ റിപോര്‍ട്ട് പുറത്ത് വിട്ടപ്പോള്‍ അഞ്ച് പേജുകളും 11 ഖണ്ഡികകളും ഒഴിവാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലുകളിലാണ് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം വിധി പറയുക.
അപ്പീല്‍ ലഭിച്ചതോടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധനയ്ക്കായി വീണ്ടും ഹാജരാക്കാന്‍ സാംസ്‌കാരിക വകുപ്പിനോടു വിവരാവകാശ കമ്മീഷണര്‍ ഒക്ടോബര്‍ 30ലെ ഹിയറിങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. 97 മുതല്‍ 107 വരെയുള്ള ഖണ്ഡികകളും 49 മുതല്‍ 53 വരെയുള്ള പേജുകളും ഒഴിവാക്കിയെന്ന പ്രചാരണത്തിനിടയാക്കിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് ഹിയറിങ്ങില്‍ സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥരായ സുഭാഷിണി തങ്കച്ചി, ജോയിന്റ് സെക്രട്ടറി ആര്‍ സന്തോഷ് എന്നിവര്‍ കമ്മിഷനെ ബോധിപ്പിച്ചു.
ഒഴിവാക്കുന്ന പേജുകള്‍ സംബന്ധിച്ച് ഉത്തരവില്‍ രേഖപ്പെടുത്തിയപ്പോള്‍ പറ്റിയ ക്ലെറിക്കല്‍ തെറ്റാണ് അത്തരം ആക്ഷേപത്തിനിടയാക്കിയത്. അപേക്ഷകര്‍ ആവശ്യപ്പെടുന്ന പേജുകള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നില്ല. ആ പേജുകളിലെ വിവരങ്ങള്‍ പലരുടെയും സ്വകാര്യതയെ ബാധിക്കും. ഉത്തരവിലെ പേജുകള്‍ സംബന്ധിച്ച് തെറ്റു പറ്റിയതില്‍ അപേക്ഷകരോടു മാപ്പു പറയാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കമ്മീഷന്‍ ഈ വാദങ്ങള്‍ അംഗീകരിച്ചില്ല.
ഉദ്യോഗസ്ഥരുടെ നടപടി സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കിയെന്നും രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യേണ്ട റിപോര്‍ട്ടിനെ അനാവശ്യ വിവാദങ്ങളിലേക്കു തള്ളിവിട്ടെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. തുടര്‍ന്നാണ് റിപോര്‍ട്ട് ഉടന്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 30ന് വൈകീട്ടോടെ മുദ്രവച്ച കവറില്‍ സിഡിയും പെന്‍ഡ്രൈവുകളും അടങ്ങിയ റിപോര്‍ട്ട് കമ്മീഷനില്‍ ഉദ്യോഗസ്ഥര്‍ എത്തിച്ചു.
295 പേജുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ബാക്കിയുള്ളവ നല്‍കാനാണ് ജൂലൈ 5ന് വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളായ 33 ഖണ്ഡികകള്‍ കമ്മിഷന്‍ നേരിട്ട് ഒഴിവാക്കി. സ്വകാര്യതയെ ബാധിക്കുന്ന മറ്റു വിവരങ്ങള്‍ ഒഴിവാക്കാന്‍ സാംസ്‌കാരിക വകുപ്പിന്റെ വിവരാവകാശ ഓഫിസര്‍ക്കു വിവേചനാധികാരം നല്‍കിയെങ്കിലും ഏതാണെന്ന് അപേക്ഷകരെ മുന്‍കൂട്ടി അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ 101 ഖണ്ഡികകള്‍ കൂടി വിവരാവകാശ ഓഫിസര്‍ ഒഴിവാക്കി. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും പട്ടിക തിരിച്ച് അപേക്ഷകര്‍ക്കു നല്‍കി. ഈ പട്ടികയില്‍ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതാണ് പരാതിക്ക് ആധാരം.
Key words: Hema Committee report, Malayalam Movie Industry
COMMENTS