സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളെ തുടച്ചെടുത്ത ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളെ തുടച്ചെടുത്ത ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അറിയിച്ചു.
നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഡല്‍ഹിയിലെ കേരളത്തിന്റെ സ്‌പെഷല്‍ ഓഫീസറായ കെ വി തോമസിനെ അറിയിച്ചു.
ദുരന്ത നിവാരണ ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളില്‍ ഒന്നാണ് മിന്നല്‍ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നല്‍കേണ്ടതെന്നും കത്തില്‍ പറയുന്നു.
കേരളത്തിന് 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ 388 കോടി രൂപ നല്‍കിയെന്നും ഇതില്‍ 291 കോടി കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നുള്ളതാണെന്നും നിത്യാനന്ദ റായ് പറഞ്ഞു.
സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ 2024 ഏപ്രില്‍ ഒന്നിലെ കണക്ക് പ്രകാരം 394 കോടി രൂപ ബാലന്‍സുണ്ട്. ദുരന്തം നേരിടാനാവശ്യമായ തുക സംസ്ഥാനത്തിന്റെ പക്കല്‍ ഇപ്പോള്‍ തന്നെയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നിത്യാനന്ദ റായ് നല്കിയ മറുപടി കത്തില്‍ പറയുന്നു.
ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. കേരളം നിവേദനം നല്‍കും മുമ്പേ കേന്ദ്രം വയനാട്ടിലെത്തിയിരുന്നു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രിക്കാണ് കത്ത് നല്‍കിയിരുന്നത്. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഇതേ ആവശ്യമുന്നയിച്ചു പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നു.
എന്‍ഡിആര്‍എഫിന്റേയും എസ്ഡിആര്‍എഫിന്റേയും മാനദണ്ഡങ്ങള്‍ പ്രകാരമേ ഇത്തരം സംഭവങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കൂ എന്നാണ് കേന്ദ്ര നിലപാട്.
Summary: The central government has informed Kerala that the landslide that wiped out the Mundakai-Churalmala areas of Wayanad cannot be declared a national disaster. According to the norms of NDRF and SDRF, such incidents can be declared as national calamities.
COMMENTS