കൊച്ചി : കേരള സ്‌കൂള്‍ കായികമേള കൊച്ചി '24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസവും തൊഴിലു...
കൊച്ചി : കേരള സ്‌കൂള്‍ കായികമേള കൊച്ചി '24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്‌കൂള്‍ കായികമേള കൊച്ചി '24. സമാപന സമ്മേളനം മികച്ച നിലയില്‍ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്‌കൂളിന്റെ പേരിലുള്ള തര്‍ക്കം തിരുനാവായ നാവാമുകുന്ദ സ്‌കൂള്‍ ഉന്നയിക്കുന്നത്.
സ്‌കൂളിന്റെ പ്രതിനിധിയുമായി വേദിയില്‍ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ഫലം ഉണ്ടായില്ല.
സാംസ്‌കാരിക പരിപാടി തടയാനും വളണ്ടിയര്‍മാരെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായി. കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന രീതിയില്‍ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവര്‍ത്തനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും.
മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായ അപലപിക്കുന്നു. ലോകത്ത് എവിടെ മത്സരം നടന്നാലും തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവാറുണ്ട്. അവ പരിഹരിക്കാന്‍ വ്യവസ്ഥാപിത രീതികളും ഉണ്ട്. അപ്പീല്‍ കമ്മിറ്റിയും കോടതികളുമുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യ സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ സമാപന സമ്മേളനത്തെ അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി ഈ രണ്ട് സ്‌കൂള്‍ അധികൃതര്‍ക്കാണ്.
24,000 കായികതാരങ്ങള്‍ പങ്കെടുത്ത മേളയില്‍ തിരുനാവായ നാവാമുകുന്ദ സ്‌കൂളില്‍ നിന്ന് 31 കായികതാരങ്ങളും മാര്‍ ബേസിലില്‍ നിന്ന് 76 കായികതാരങ്ങളും ആണ് പങ്കെടുത്തത്. ഒരു അപശബ്ദവും ഇല്ലാതെയാണ് സമാപനദിവസം വരെ മേള സംഘടിപ്പിച്ചത്. ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന രീതിയില്‍ സംഘടിപ്പിക്കപ്പെട്ട മേള എല്ലാ സ്‌കൂളുകളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മുന്നോട്ടുനീങ്ങിയത്
കായികമേള അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവരുടെ ആവശ്യം സ്‌പോര്‍ട്‌സ് സ്‌കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതല്‍ പോയിന്റ് ആ സ്‌കൂളുകള്‍ക്ക് നല്‍കണമെന്നായിരുന്നു. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് പോലും മേള അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായി.
Key Words: Kerala School Sports Mela, Kochi '24, Minister V Sivankutty
COMMENTS