തിരുവനന്തപുരം: കള്ളപ്പണം പരിശോധിക്കാനെന്ന പേരില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പാതിരാത്രിയില്‍ പൊലീസ് നടത്തിയ റെയ്ഡിനെതി...
തിരുവനന്തപുരം: കള്ളപ്പണം പരിശോധിക്കാനെന്ന പേരില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പാതിരാത്രിയില്‍ പൊലീസ് നടത്തിയ റെയ്ഡിനെതിരായി പാലക്കാട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് നല്‍കിയതായി വിവരം. റെയ്ഡ് നിയമപരമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാനത്തെ പ്രതിനിധിയായ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) അടിയന്തരമായി വിവരം തേടിയ സാഹചര്യത്തിലാണിത്. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് കളക്ടര്‍ ഡോ.എസ്.ചിത്ര.
തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡിനെ കുറിച്ച് തുടക്കത്തില്‍ അറിഞ്ഞില്ലെന്നും അന്തിമഘട്ടത്തിലാണ് അറിഞ്ഞതെന്നും നടപടികളില്‍ വീഴ്ച വന്നെന്നും കള്ളപ്പണ ആരോപണത്തില്‍ വ്യക്തതയില്ലെന്നും വിശദമായി അന്വേഷിച്ചാല്‍ മാത്രമേ വിവരങ്ങള്‍ ലഭ്യമാകൂ എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയതിനാല്‍ അതു കൂടി കണക്കിലെടുത്താവും തുടര്‍നടപടി. വനിതകള്‍ ഒറ്റയ്ക്കു താമസിക്കുന്ന മുറിയില്‍ അര്‍ധരാത്രി പുരുഷ പൊലീസുകാര്‍ മാത്രം പരിശോധന നടത്താനെത്തിയത് തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ കേസ് നല്‍കിയാല്‍ കുടുങ്ങുമെന്നും പൊലീസിന് ആശങ്കയുണ്ട്.
പാലക്കാട്ടെ ഉദ്യോഗസ്ഥരാകെ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിയന്ത്രണത്തിലായിട്ടും ജില്ലാ കളക്ടര്‍ പോലും വിവരം അറിഞ്ഞതു റെയ്ഡ് തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞാണ്. തിരഞ്ഞെടുപ്പു ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെ വിവരം അറിയിച്ചിരുന്നുവെന്നും അവര്‍ എത്താന്‍ ഒരു മണിക്കൂര്‍ വൈകിയെന്നുമാണു റെയ്ഡിനു പോയവര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.
കള്ളപ്പണ ആരോപണത്തില്‍ അന്വേഷണം മുന്നോട്ടു പോകാന്‍ വകുപ്പില്ലെന്ന നിലപാടിലാണു പൊലീസ്. തൊണ്ടിമുതല്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേസുമില്ല. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിലെ ഉന്നതര്‍ പൊലീസിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നതായാണു സൂചന. കള്ളപ്പണം എന്ന തൊണ്ടിമുതല്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇനി ഏതു വകുപ്പു പ്രകാരം കേസ് എടുക്കുമെന്നാണു പൊലീസ് ഉന്നതര്‍ ചോദിക്കുന്നത്. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നു കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ക്കു സേര്‍ച് ലിസ്റ്റ് സഹിതം പൊലീസ് എഴുതിക്കൊടുത്തിരുന്നു.
COMMENTS