Kerala Film Producers Premier League Season 6
കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണ് ആവേശകരമായ തുടക്കം. രാജഗിരി കോളേജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച ആരംഭിച്ച ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍ ആറാം സീസണിന്റെ ഉദ്ഘാടന ദിവസം നാല് കളികളിലായി എട്ടു ടീമുകള്‍ മത്സരിച്ചു.
യു.കെ മലയാളിയായ യുവ സംരംഭകന്‍ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂടൈഗേഴ്‌സാണ് സീസണ്‍ ആറിന്റെ മുഖ്യ സ്‌പോണ്‍സര്‍.
രാവിലെ നടന്ന മത്സരത്തില്‍ കിങ് മേക്കേഴ്‌സ് 118 റണ്‍സിന് വിജയിച്ചു. ടോസ് നേടിയ സിനിവാരിയേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 15 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കിങ് മേക്കേഴ്‌സ് 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിനിവാര്യേഴ്‌സ് 73 റണ്‍സിന് പുറത്തായി. 63 റണ്‍സെടുത്ത നോയല്‍ ബെന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്.
കൊറിയോഗ്രാഫേഴ്‌സും മോളിവുഡ് സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന രണ്ടാം മത്സരത്തില്‍ പത്ത് വിക്കറ്റിന് കൊറിയോഗ്രാഫേഴ്‌സ് വിജയിച്ചു. അജിത് വാവയാണ് മാന്‍ ഓഫ് ദി മാച്ച്. ഡബ്ല്യൂ.ഐ.എഫ്.ടി കേരള ഡയറക്ടേഴ്‌സ് ഇലവണും പ്ലേ വെല്‍ സ്‌പോര്‍ട്‌സ് ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സും തമ്മില്‍ മത്സരിച്ച മൂന്നാമത്തെ മത്സരത്തില്‍ കേരള ഡയറക്ടേഴ്‌സ് 53 റണ്‍സിന് വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്ത കേരള ഡയറക്ടേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്ലേ വെല്‍ സ്‌പോര്‍ട്‌സിന്റെ റണ്‍ വേട്ട 117 ല്‍ ഒതുങ്ങി. ലാല്‍ജിത്ത് ലാവ്‌ളിഷ് ആണ് മാന്‍ ഓഫ് ദ മാച്ച്.
അവസാനം നടന്ന മത്സരത്തില്‍ റോയല്‍ സിനിമ സ്‌ട്രൈക്കേഴ്‌സിനെ എം.എ.എ ഫൈറ്റേഴ്‌സ് പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി. പുത്തന്‍ താരങ്ങളെയും ടീമുകളെയും സ്‌പോണ്‍സര്‍മാരെയും സൃഷ്ടിച്ചുകൊണ്ട് സാമ്പത്തിക സ്വയംപര്യാപ്തമായ ക്രിക്കറ്റ് ആരാധകരുടെ വലിയ സമൂഹത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഭാഷ് മാനുവല്‍ ബ്ലൂ ടൈഗേഴ്‌സ് എന്ന സംരംഭത്തിന് തുടക്കംകുറിച്ചത്.
പ്രഥമ ക്രിക്കറ്റ് ലീഗിന്റെ ഭാഗമായതോടെ ബ്ലൂ ടൈഗേഴ്‌സിന്റെ പ്രസക്തിയും വര്‍ദ്ധിച്ചു. ഇതോടെയാണ് ബ്ലൂ ടൈഗേഴ്‌സ് സെലിബ്രിറ്റി ക്രിക്കറ്റിന്റെയും ഭാഗമായത്.
Keywords: Kerala Film Producers Premier League, Blue tigers, Subhash Manuel
COMMENTS