India won the Border Gavaskar Trophy by 295 runs in the first cricket test against Australia.This is the biggest win by an Indian team in terms of run
സ്‌കോര്‍: ഇന്ത്യ-150, 487-6, ഓസ്ട്രേലിയ-104, 238-10
പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയം.
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീം റണ്‍സ് അടിസ്ഥാനത്തില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 1977-ല്‍ നേടിയ 222 റണ്‍സ് വിജയമാണ് ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യന്‍ ടീം പഴങ്കഥയാക്കിയത്.
ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ തിളക്കമാര്‍ന്ന വിജയം.
രണ്ടാം ഇന്നിങ്സില്‍ ജയിക്കാന്‍ 534 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 58.4 ഓവറില്‍ 238 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. വാലറ്റക്കാരനായ അലക്സ്‌കാരിയെ ഹര്‍ഷിത് റാണ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങിയത്. തുടക്കത്തില്‍ തന്നെ നാല് റണ്‍സിന് ഉസ്മാന്‍ ഖവാജയെ നഷ്ടമായെങ്കിലും സ്റ്റീവന്‍ സ്മിത്തും ഹെഡും സ്‌കോര്‍ ഉയര്‍ത്തി.
17 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ സിറാജ് പുറത്താക്കിയതോടെ ഓസീസ് 79-5 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒരു വശത്ത് വിക്കറ്റുകള്‍ നിലം പൊത്തുമ്പോഴും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ട്രാവിസ് ഹെഡാണ് ആതിഥേയരെ അല്പമെങ്കിലും മാനക്കേടില്‍ നിന്നു രക്ഷിച്ചത്. 89 റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം. ഒടുവില്‍ ബുംറക്ക് മുമ്പില്‍ ട്രാവിസ് ഹെഡിന് മുട്ടുമടക്കി. മിച്ചല്‍ മാര്‍ഷുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ ഹെഡ് ടീം സ്‌കോര്‍ 161 ല്‍ നില്‍ക്കെയായിരുന്നു പുറത്തായത്.
ഹെഡിന് പിന്നാലെ മിച്ചല്‍ മാര്‍ഷും പുറത്തായി. 47 റണ്‍സെടുത്ത മാര്‍ഷിനെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. ഈ സമയം 182-7 എന്ന നിലയിലായിരുന്നു ഓസീസ് നിര. 12 റണ്‍സില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ വിജയം സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ കങ്കാരുക്കള്‍ക്കു മുന്നില്‍ റണ്‍ മല തീര്‍ക്കുകയായിരുന്നു. മൂന്നാം ദിനം ആറ് വിക്കറ്റിന് 487 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. യശസ്വി ജയ്‌സ്വാളിന്റേയും വിരാട് കോലിയുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ഡ ലീഡ് സമ്മാനിച്ചത്. ഓസീസ് ബൗളര്‍മാരെ സാങ്കേതികത്തികവോടെ നേരിട്ടാണ് ഓപ്പണര്‍ ജയ്‌സ്വാള്‍ കരിയറിലെ നാലാം സെഞ്ചുറി തികച്ചത്. 297 പന്ത് നേരിട്ട ജയ്‌സ്വാള്‍ 15 ഫോറും മൂന്ന് സിക്സും സഹിതം 161 റണ്‍സാണ് നേടിയത്.
കഴിഞ്ഞ അഞ്ച് ഇന്നിങ്‌സുകളില്‍ ഒറ്റ അക്കത്തിന് പുറത്തായതിന്റെ ക്ഷീണം തീര്‍ക്കുന്ന ഇന്നിങ്‌സായിരുന്നു വിരാട് കോലിയുടേത്. കോലി സെഞ്ചുറി തികച്ചതോടെ ആറ് വിക്കറ്റിന് 487 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും സഹിതമാണ് കോലി 100 തികച്ചത്.
Summary: India won the Border Gavaskar Trophy by 295 runs in the first cricket test against Australia.This is the biggest win by an Indian team in terms of runs in Australia.
COMMENTS