തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണ ഉരുളി മോഷണം പോയ സംഭവത്തിൽ മൂന്ന് സ്ത്രീകളും ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറും ഹരിയാന...
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണ ഉരുളി മോഷണം പോയ സംഭവത്തിൽ മൂന്ന് സ്ത്രീകളും ഓസ്ട്രേലിയൻ പൗരത്വമുള്ള ഡോക്ടറും ഹരിയാനയിൽ പിടിയിലായി.
ഈ മാസം 13നാണ് സംഘം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.
ക്ഷേത്രത്തിൽ നിവേദ്യത്തിന് ഉപയോഗിക്കുന്ന സ്വർണ ഉരുളിയാണ് ഇവർ മോഷ്ടിച്ചത്.
ഉരുളി മോഷണം പോയതോടെ സിസി ടിവി ദൃശ്യങ്ങൾ ക്ഷേത്രം അധികൃതർ പരിശോധിച്ചാണ് പ്രതികളെക്കുറിച്ച് മനസ്സിലാക്കിയത്..
പൊലീസും കേന്ദ്ര സേനയും കാവൽ നിൽക്കുന്ന അതീവ സുരക്ഷാ മേഖലയിൽ നിന്നാണ് ഇവർ മോഷണം നടത്തിയത്.
പിടിയിലായ ഡോക്ടറുടെ പേര് ജയ ഗണേഷ് എന്നാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
മോഷണത്തിനു ശേഷം ഉഡുപ്പിയിലേക്ക് പോയ സംഘം അവിടെ നിന്ന് മംഗലാപുരത്ത് എത്തി വിമാനമാർഗ്ഗം ഹരിയാനയിലേക്ക് പോവുകയായിരുന്നു.
ഇവർ പിടിയിലായ വിവരം ഹരിയാന പൊലീസാണ് തിരുവനന്തപുരം ഫോർട്ട് പൊലീസിനെ അറിയിച്ചത്. പ്രതികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ നടപടി സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
ക്ഷേത്രത്തിലെ അമൂല്യമായ പുരാവസ്തു ശേഖരത്തിൽ പെട്ടതാണ് ഉരുളി. വ്യാഴാഴ്ച ക്ഷേത്രത്തിലെ ഉരുപ്പടികൾ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണ് ഉരുളി മോഷണം പോയ വിവരം അറിയുന്നത്. ഉടൻതന്നെ ക്ഷേത്രം അധികൃതർ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതേസമയം, താൻ ഉരുളി മോഷ്ടിച്ചിട്ടില്ലെന്നും ക്ഷേത്രത്തിലെ ജീവനക്കാർ സമ്മാനമായി നൽകിയതാണെന്നും പിടിയിലായ പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
താൻ ആവശ്യപ്പെടാതെ ലഭിച്ച സമ്മാനമാണെന്നും ചോദിച്ചിരുന്നുവെങ്കിൽ അത് മടക്കി നൽകുമായിരുന്നുവെന്നും ഇയാൾ മൊഴി കൊടുത്തിട്ടുണ്ട്.
സിസി ടിവി ദൃശ്യങ്ങളിൽ ഇവർക്കൊപ്പം ക്ഷേത്രത്തിലെ രണ്ടു ജീവനക്കാർ പോകുന്നത് കാണാം. ഇവരെയും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ഉരുളി ഇവരിൽനിന്ന് ലഭിച്ചുവോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Keywords Sri Padmanabha Swamy Temple, Haryana, Udupi, Theft
COMMENTS