Kannur District Panchayat former President PP Divya surrendered before the investigation team in Payyannur in the case of leading Kannur ADM Naveen
സ്വന്തം ലേഖകന്‍
കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്കു നയിച്ചുവെന്ന കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പയ്യന്നൂരില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങി.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് കീഴടങ്ങല്‍. കോടതി കൈയൊഴിഞ്ഞതോടെ ദിവ്യയെ ഇനിയും പാര്‍ട്ടിക്കു സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനകം തന്നെ ദിവ്യയെ സംരക്ഷിക്കുന്നുവെന്ന പേരില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരുപാട് പഴി കേട്ടുകഴിഞ്ഞു.
കോടതി നിലപാട് വന്നതോടെ ദിവ്യയെ അറസ്റ്റു ചെയ്യാതെ വയ്യെന്ന സ്ഥിതിയില്‍ പൊലീസുമെത്തി. ഈ ഘട്ടത്തിലാണ് ദിവ്യയുടെ കീഴടങ്ങല്‍.
നവീന്‍ മരിച്ചതിനു പിന്നാലെ ദിവ്യ ഒളിവില്‍ പോവുകയായിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ അന്നു പൊലീസിനു നിയമതടസമില്ലാതിരുന്നു. അപ്പോഴും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സംരക്ഷണം നിമിത്തം അറസ്റ്റു നടക്കുന്നില്ലെന്നായിരുന്നു വ്യാപക പരാതി.
ദിവ്യയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നുവെന്നാണ് പൊലീസ് പറയുന്നത്. ദിവ്യ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് കമ്മിഷണര്‍ പറഞ്ഞു.
കണ്ണപുരത്തുവച്ച് എസിപി രത്നകുമാറിന് മുന്നിലാണ് ദിവ്യ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം ഇവരെ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുന്നതിനു മുന്‍പ് ദിവ്യയ്ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, യാത്രയയപ്പ് യോഗത്തിലേക്ക് അവര്‍ എത്തിയത് ക്ഷണിക്കാതെയാണെന്നും എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയിലേക്ക് എത്തിയതെന്നും പറഞ്ഞു.
ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്നും ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്നും 38 പേജുള്ള വിധിയില്‍ കോടതി പറഞ്ഞു.
COMMENTS